പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലെ സന്ദർശനത്തിന് ശേഷം യുക്രൈനിലേക്ക് പോവുകയാണ്. എന്നാല്‍ പോളണ്ടില്‍ നിന്ന് യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് വിമാനത്തില്‍ പറക്കുന്നതിന് പകരം പ്രത്യേക ട്രെയിനിലാണ് യാത്ര ചെയ്യുന്നത്.
ട്രെയിൻ ഫോഴ്സ് വണ്‍ എന്നറിയപ്പെടുന്ന ഈ ട്രെയിൻ ആഡംബരത്തിന്റെയും അത്യാധുനിക സേവനങ്ങളുടെയും പേരില്‍ അറിയപ്പെടുന്നു. യുക്രൈൻ തലസ്ഥാനത്ത് ഏഴു മണിക്കൂർ നീളുന്ന സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി 20 മണിക്കൂർ ട്രെയിൻ യാത്ര നടത്തുമെന്നതാണ് കൗതുകകരം.
റഷ്യ-ഉക്രെയ്ൻ യുദ്ധത്തെ തുടർന്ന് ഉക്രെയ്നിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിമാനയാത്ര അസാധ്യമായതിനാല്‍, ഉക്രെയ്നിലേക്കുള്ള യാത്രക്കാർക്ക് ഏറ്റവും സുരക്ഷിതമായ മാർഗം റെയില്‍ ഗതാഗതമായി മാറി. ഇന്ത്യൻ സമയം വ്യാഴാഴ്ച വൈകുന്നേരം പ്രധാനമന്ത്രി മോദി കീവിലേക്ക് പുറപ്പെടും. യുക്രൈൻ സന്ദർശന വേളയില്‍ പ്രധാനമന്ത്രി മോദി പ്രസിഡൻറ് വോളോദിമർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാന പ്രതിരോധ കരാറുകളും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.