യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ക്രൈസ്തവ ദേവാലയങ്ങളില്‍ വിശ്വാസി സമൂഹം ഈസ്റ്റര്‍ ആചരിച്ചു.
അബുദാബി : സഹനത്തിന്റെ പീഡാനുഭവ കാലം കഴിഞ്ഞ് പ്രതീക്ഷയുടെ കിരണങ്ങളുമായി എത്തിയ ഉയിര്‍പ്പിന്റെ തിരുന്നാളാണ് ഞായറാഴ്ച ആചരിച്ചത്.
യുഎഇയിലെ എല്ലാ എമിറേറ്റുകളിലും വിശ്വാസി സമൂഹം ആചാരാനുഷ്ഠാനങ്ങളോടെയും പ്രാര്‍ത്ഥനാ ചടങ്ങുകളുടേയും ആഘോഷിച്ചു.
പെസഹാ ദിനത്തില്‍ തുടങ്ങിയ ചടങ്ങുകള്‍ക്ക് ഞായറാഴ്ച പരിസമാപ്തിയായി. നോമ്പുകാലത്തിന്റെയും ഉപവാസത്തിന്റെയും പകലിരവുകള്‍ താണ്ടിയാണ് വിശ്വാസികള്‍ ഉയിര്‍പ്പിന്റെ തിരുന്നാള്‍ ദിനത്തില്‍ ശുശ്രൂഷകള്‍ക്ക് സാക്ഷ്യം വഹിച്ചത്.
അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ മലങ്കര സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ ഗബ്രിയല്‍ മാര്‍ ഗ്രിഗറിയോസ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഫാ എല്‍ദോ പോളും ശ്രുശ്രൂഷാ ചടങ്ങുകള്‍ക്ക് സഹകാര്‍മികത്വം വഹിച്ചു, സെന്റ് ജോസഫ് കത്തീഡ്രലിലും സെന്റ് ആന്‍ഡ്രൂസ് ദേവാലയത്തിലും സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിലും വിവിധ ചടങ്ങുകള്‍ നടന്നു.
അബുദാബിയിലെ മുസ്സഫ സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയം, മാര്‍ത്തോമ്മാ ദേവാലയം എന്നിവടങ്ങളിലും ഈസ്റ്റര്‍ ദിനമാചരിച്ചു. അല്‍ ഐനിലെ സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് സിംഹാസന കത്തിഡ്രലിലും വിവിധ ചടങ്ങുകളോടെ ഈസ്റ്റര്‍ ദിനമാചരിച്ചു.
ഷാര്‍ജ, ദുബായ്, റാസല്‍ഖൈമ എന്നിവടങ്ങളിലും വിവിധ ദേവാലയങ്ങളില്‍ ഈസ്റ്റര്‍ ദിനം വിവിധ ചടങ്ങുകളും പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടന്നു.