Web Desk
പിണറായി സര്‍ക്കാര്‍ പ്രവാസികളെ വഞ്ചിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത മുട്ടു ന്യായങ്ങള്‍ നിരത്തി പ്രവാസികളുടെ മടക്കം തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നെതെന്ന് അദ്ദേഹം പറഞ്ഞു. ഗള്‍ഫില്‍ ദിവസേന മലയാളികള്‍ കൊവിഡ് ബാധിച്ച് മരിക്കുകയാണ്. ഇതിനകം 277 പേര്‍ മരിച്ചു. ജീവന്‍ രക്ഷിക്കാന്‍ വേണ്ടി പിറന്ന നാട്ടില്‍ എങ്ങനെയും എത്താന്‍ ശ്രമിക്കുന്ന മലയാളികളുടെ യാത്ര തടയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനായി മനപ്പൂര്‍വ്വം വിചിത്ര വാദങ്ങള്‍ മുഖ്യമന്ത്രി ഉന്നയിക്കുന്നുവെന്നും ഇതിലൂടെ മനുഷ്യത്വമില്ലാത്ത സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖമാണ് പുറത്തു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ശാഠ്യം പിടിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് ഈ നിബന്ധന ബാധകമാക്കുന്നില്ലെന്ന. ആഭ്യന്തര വിമാനങ്ങളിലും ട്രയിനുകളിലും ഇല്ലാത്ത നിബന്ധനകള്‍ പ്രവാസികള്‍ക്ക് മാത്രമായി ഏര്‍പ്പെടുത്തുന്നത് വിവേചനമാണെന്നും അദ്ദേഹം ആരോപിച്ചു. വന്ദേ ഭാരത് മിഷനിലൂടെ വളരെ കുറച്ചു മലയാളികള്‍ക്കു മാത്രമാണ് നാട്ടിലെത്താന്‍ സാധിച്ചത്. അതുകൊണ്ടാണ് ചാട്ടേര്‍ഡ് വിമാനം ഏര്‍പ്പടുത്തിയത്. ഇപ്പോള്‍ ഇവിടെയും സര്‍ക്കാര്‍ തടസ്സമായി നില്‍ക്കുകയാണ്. വിദേശത്ത് നിന്ന് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്ന മലയാളികളെ തടയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്നും ഇത് മലയാളികളുടെ മണ്ണാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസികളെ മടക്കി കൊണ്ടു വരുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന വഞ്ചനയക്ക് എതിരെ സെക്രട്ടേറിയറ്റ് പടിക്കല്‍ അദ്ദേഹം നാളെ ഉപവാസം അനുഷ്ഠിക്കുമെന്നും അറിയിച്ചു. രാവിലെ 9 മുതല്‍ വൈകിട്ട് 5 മണിവരെയാണ് ഉപവാസം.