രണ്ടാം പിണറായി സര്‍ക്കാറില്‍ മന്ത്രിസ്ഥാനങ്ങള്‍ ഘടക കക്ഷികള്‍ക്ക് വിഭജിക്കുന്നത് സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നാരംഭിക്കാനിരിക്കെ, കൂടുതല്‍ മന്ത്രി സ്ഥാനങ്ങള്‍ വേണമെന്നാവശ്യം ഘടകകക്ഷികളില്‍ ശക്തമായി. രണ്ട് മന്ത്രിസ്ഥാനങ്ങള്‍ വേണമെന്നാണ് കേരള കോണ്‍ ഗ്രസ് എമ്മിന്റെ ആവശ്യം
തിരുവനന്തപുരം:രണ്ടാം പിണറായി സര്‍ക്കാറില്‍ മന്ത്രിസ്ഥാനങ്ങള്‍ ഘടക കക്ഷികള്‍ക്ക് വിഭജിക്കുന്നത് സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നാരംഭിക്കാനിരിക്കെ, കൂടുതല്‍ മന്ത്രി സ്ഥാനങ്ങള്‍ വേണമെന്നാവശ്യം ഘടകകക്ഷികളില്‍ ശക്തമായി. രണ്ട് മന്ത്രിസ്ഥാനങ്ങള്‍ വേണമെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം. എന്നാല്‍ ഒരു മന്ത്രി സ്ഥാനവും കാബിനറ്റ് പദവിയും നല്‍കാനാണ് സിപിഎം തത്വത്തില്‍ അംഗീകരിച്ചിരിക്കുന്നത്. 12 ഇടത്ത് മത്സരിച്ച കേരള കോണ്‍ഗ്രസ് അഞ്ചിടത്ത് മാത്രമാണ് ജയിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ ജോസ് കെ മാണി ഉള്‍പ്പെടെ തോറ്റ സാഹചര്യത്തില്‍ കൂടുതല്‍ മന്ത്രി സ്ഥാനങ്ങള്‍ അനുവദിക്കാന്‍ സാധ്യതയില്ല. എല്‍ഡിഎഫിലെ ഘടക കക്ഷികള്‍ക്ക് വിഭജിക്കുന്നത് സംബന്ധിച്ച് ആദ്യ ഉഭയകക്ഷി ചര്‍ച്ചകള്‍ കേരള കോണ്‍ഗ്രസ് നേതാക്കളുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
സിപിഐയടക്കം മറ്റ് ഘടക കക്ഷികളുമായുള്ള ചര്‍ച്ചകളും ഉടനെ നടക്കും. സിപിഐയ്ക്ക് കഴിഞ്ഞ തവണ ലഭിച്ച ആറ് ക്യാബിനറ്റ് പദവികളില്‍ ഒരെണ്ണം കുറയാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ തവണ മന്ത്രിമാരുടെ എണ്ണം കുറച്ചെങ്കിലും കൂടുതല്‍ ഘടകക്ഷികള്‍ ഉള്ളത് കൊണ്ട് ഇത്തവണ 21 അംഗമന്ത്രി സഭ അധികാരമേല്‍ക്കാനാണ് സാധ്യത.
ജെഡിഎസില്‍ നിന്ന് കെ കൃഷ്ണന്‍കുട്ടി, മാത്യു ടി തോമസ് എന്നിവരില്‍ ഒരാള്‍ രണ്ടര വര്‍ഷം മന്ത്രി യാകും. ബാക്കി സമയം അടുത്തായാള്‍ക്ക് നല്‍കും. എന്‍സിപിയില്‍ നിന്ന് എ കെ ശശീന്ദ്രന്‍, തോമസ് കെ തോമസ് എന്നിവരില്‍ ഒരാള്‍ മന്ത്രിയാകും. ടേം അടിസ്ഥാനത്തിലായിരിക്കും എന്‍സിപിയിലെ മന്ത്രിസ്ഥാനവും. ഒറ്റ സീറ്റില്‍ ജയിച്ച ഐഎന്‍എല്‍ ഉള്‍പ്പെടെയുള്ളവരും മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്നുണ്ട്.