English മലയാളം

Blog

police tv

 

സാങ്കേതികവിദ്യയിലൂന്നിയ വിദ്യാഭ്യാസത്തിന്‍റെ സാധ്യതകള്‍ അന്യമായിരുന്ന എണ്‍പതിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ടിവി നല്‍കി സ്മാര്‍ട്ടാക്കിയതിന്‍റെ സന്തോഷത്തിലാണ് തൃശ്ശൂര്‍ സിറ്റിയിലെ വടക്കേക്കാട് പോലീസ്. കോവിഡ് കാലത്ത് ക്ലാസ്റൂം പഠനരീതി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വഴിമാറിയപ്പോള്‍ അത് പിന്തുടരാന്‍ പ്രാപ്തരല്ലായിരുന്ന കുട്ടികള്‍ക്കാണ് വടക്കേക്കാട് പോലീസ് ടി.വി ചലഞ്ചിലൂടെ മുപ്പത് ടി.വികള്‍ സംഘടിപ്പിച്ചു നല്‍കിയത്.

സഹോദരങ്ങളും അയല്‍ക്കാരുമുള്‍പ്പെടെ 80 കുട്ടികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുള്‍പ്പെടെ മൂന്ന് കുട്ടികളുളള പനന്തറ വിരുപ്പാക്കത്തറയില്‍ സുബ്രഹ്മണ്യന്‍റെ കുടുംബത്തിനാണ് വടക്കേക്കാട് പോലീസ് തിങ്കളാഴ്ച മുപ്പതാമത്തെ ടി.വി എത്തിച്ചുനല്‍കിയത്.

Also read:  കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിനായി പൂര്‍ണമായ വിവരങ്ങള്‍ നല്‍കണം; കുവൈത്ത് ഇന്ത്യന്‍ എംബസി

കൃത്യമായ ഗൃഹസന്ദര്‍ശനങ്ങളിലൂടെയും ആശയവിനിമയങ്ങളിലൂടെയും ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തുകയാണ് വടക്കേക്കാട് ജനമൈത്രി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ആദ്യം ചെയ്തത്. ഇന്‍റര്‍നെറ്റ് ഉളള മൊബൈല്‍ സംവിധാനം പോയിട്ട് അത്യാവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഫോണ്‍പോലും ഇല്ലാത്തവരായിരുന്നു അവരില്‍ പലരും. പക്ഷേ കുട്ടികളുടെ പഠനം പാതിവഴിയിലാകാന്‍ അവിടത്തെ പോലീസ് സംവിധാനം അനുവദിച്ചില്ല. സന്നദ്ധസംഘടനകളുടേയും സന്മനുസുകളുടേയും സഹകരണത്തോടെ വടക്കേക്കാട് ജനമൈത്രി പോലീസ് മുപ്പത് കുടുംബങ്ങളിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ടി.വി എത്തിച്ചു നല്‍കുകയായിരുന്നു. സ്റ്റേഷന്‍റെയാകെ ഒത്തൊരുമയോടുകൂടിയ പ്രവര്‍ത്തനത്തിലൂടെയാണ് ഇത്തരമൊരു വിജയം സാധ്യമായതെന്ന് വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ പി.ആര്‍.ഒ എസ്.ഐ റ്റി.എ.സന്തോഷ് പറയുന്നു.

Also read:  തലശ്ശേരി കോടതിക്ക് സമീപം ടാങ്കര്‍ ലോറി മറിഞ്ഞു; വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു

ഇന്‍റര്‍നെറ്റ് അധിഷ്ഠിത പഠനത്തില്‍ വിജ്ഞാനം വിരല്‍തുമ്പിലാണ്. അതുകൊണ്ടുതന്നെ കോവിഡ് മഹാമാരി മൂലം സ്കൂളുകള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ പഠനസൗകര്യത്തിലേയ്ക്ക് വിദ്യാഭ്യാസലോകം ഒതുങ്ങിയതും വളരെ വേഗത്തിലായിരുന്നു. എന്നാല്‍ അത്രവേഗത്തില്‍ പുതിയ പാഠ്യരീതിയിലേയ്ക്ക് എത്താന്‍ കഴിയാത്ത ഒരു കൂട്ടം കുട്ടികളും കുടുംബങ്ങളും വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടെന്ന ജനമൈത്രി പോലീസിന്‍റെ കണ്ടെത്തലായിരുന്നു ഈ ഉദ്യമത്തിന് വഴിവച്ചത്.

Also read:  തെക്കന്‍ കേരളത്തില്‍ കനത്ത മഴ; അഞ്ച് ജി​ല്ലകളി​ല്‍ ജാഗ്രതാ നി​ര്‍ദ്ദേശം

ടി.വി ചലഞ്ചിനുപുറമെ മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും വടക്കേക്കാട് പോലീസ് ജനങ്ങള്‍ക്കൊപ്പമുണ്ട്. വടക്കേക്കാട്, ചമ്മണ്ണൂര്‍ എന്നിവിടങ്ങളില്‍ തകര്‍ന്നുപോയ രണ്ട് വീടുകള്‍ ഇതിനോടകംതന്നെ പോലീസ് പുതുക്കിപ്പണിതു നല്‍കി. തൃശ്ശൂര്‍ സിറ്റിയിലെ ചെറായിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ഫാത്തിമയ്ക്കുവേണ്ടി പുതിയ വീടിന്‍റെ നിര്‍മ്മാണം നടന്നുവരുന്നു. കോവിഡ്കാലത്തെ ലോക്ഡൗണില്‍ സൗജന്യ ഭക്ഷണപ്പൊതികളും മരുന്നും എത്തിച്ചുനല്‍കാനും വടക്കേക്കാട് പോലീസ് മുന്നിലുണ്ടായിരുന്നു.