കോട്ടയം : ഉണ്ണിയേശുവിന്റെ ജനനനിമിഷത്തെ ആഹ്ലാദത്തോടെയും പ്രാർഥനയോടെയും വരവേറ്റ് ആരാധനാലയങ്ങൾ. പുൽക്കൂട്ടിൽ ഭൂജാതനായ ഉണ്ണിയേശുവിനെ ജീവിതത്തിലേക്കു ക്രൈസ്തവ സമൂഹം സ്വീകരിച്ചു. നോമ്പു നോറ്റും പുൽക്കൂട് ഒരുക്കിയും സാന്താക്ലോസിന്റെ വരവു കാത്തിരുന്നും ഉണ്ണിയേശുവിന്റെ ജനനത്തെ ആഹ്ലാദത്തോടെയും പ്രാർഥനയോടെയുമാണ് ആരാധനാലയങ്ങൾ സ്വീകരിച്ചത്. തിരുപ്പിറവിയുടെ പ്രത്യേക ശുശ്രൂഷകൾ, പാതിരാ കുർബാന, പ്രദക്ഷിണം എന്നിവ നടന്നു.
ലോകത്തിനു പ്രത്യാശയുടെ കിരണമേകി ക്രിസ്മസ് ആഘോഷിക്കുകയാണു ലോകം. സംസ്ഥാനത്തെ പള്ളികളിലെ പതിരാ കുർബാനകളിലും തിരുപ്പിറവി ചടങ്ങുകളിലും വിശ്വാസികൾക്കൊപ്പം പ്രമുഖ നേതാക്കളും പങ്കെടുത്തു. തിരുവനന്തപുരം പാളയം പള്ളി, പട്ടം സെന്റ് മേരീസ് കത്തീഡ്രൽ, കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളി, എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസി ദേവാലയം, കോഴിക്കോട് ദേവമാതാ കത്ത്രീഡൽ തുടങ്ങിയ ദേവാലയങ്ങളിൽ ശുശ്രൂഷകൾക്കു വൈദികശ്രേഷ്ഠർ കാർമികത്വം വഹിച്ചു.
