കുവൈത്ത് സിറ്റി: കനത്തചൂട് കണക്കിലെടുത്ത് രാജ്യത്ത് നടപ്പാക്കിയ ഉച്ച സമയത്തെ തൊഴിൽ നിയന്ത്രണം ഇന്ന് അവസാനിക്കും. ജൂൺ ഒന്നു മുതലായിരുന്നു രാവിലെ 11 നും നാലിനും ഇടയിൽ പുറം തൊഴിലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
കനത്ത താപനില സെപ്റ്റംബറോടെ കുറഞ്ഞുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ആഗസ്റ്റ് 31വരെയുള്ള നിയന്ത്രണം. നിയന്ത്രണം നീക്കുന്നത് സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിപ്പ് പുറത്തിറക്കും. നിയന്ത്രണം നീട്ടാൻ സാധ്യതയില്ലെന്നാണ് സൂചന. ഇതോടെ സെപ്റ്റംബർ ഒന്നു മുതൽ തൊഴിൽ സമയം സാധാരണ നിലയിലേക്ക് മാറും. ചൂട് കനത്തതോടെയാണ് ഉച്ച സമയത്ത് പുറം ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
തൊഴിലാളികളെ കനത്ത ചൂടിൽനിന്നും സംരക്ഷിക്കുന്നതിനും, തൊഴിലാളികൾക്ക് ഉണ്ടാവാൻ സാധ്യതയുള്ള ശാരീരിക ബുദ്ധി മുട്ടുകൾ, നിർജലീകരണം എന്നിവ ഉൾപ്പെടെയുള്ളവ ഒഴിവാക്കുന്നതിനാണ് ഉച്ച വിശ്രമം നിയമം നടപ്പിലാക്കിയിരുന്നത്. നിർമാണ മേഖല, ബൈക്കുകളിലെ ഹോം ഡെലിവറി എന്നിങ്ങനെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ജോലികൾ കർശനമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു.
ഇത്തവണ കനത്ത ചൂടാണ് കുവൈത്തിൽ രേഖപ്പെടുത്തിയത്. ചൂട് അമ്പത് ഡിഗ്രി സെൽഷ്യസിന് മുകളിൽ വരെ ഉയർന്നിരുന്നു. മംഗഫിലും അബ്ബാസിയയിലും ഫർവാനിയയിലും വൻ തീപിടിത്തങ്ങൾക്കും ചൂട് കാലം സാക്ഷിയായി. മൻഗഫ് ദുരന്തത്തിൽ 24 മലയാളികൾ ഉൾപ്പെടെ 49 പേർ മരിക്കുകയും നിരവധി പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. രാജ്യത്ത് വരും ദിവസങ്ങളിൽ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. സെപ്തംബർ ആദ്യവാരത്തോടെ താപനില ക്രമേണ 40 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നുമാണ് സൂചന.