ദോഹ : ഇറാന്റെ മിസൈൽ ആക്രമണവുമായി ബന്ധപ്പെട്ട് സംഭവിച്ച കേടുപാടുകൾക്കായി പൗരന്മാർക്കും വിദേശികൾക്കും നഷ്ടപരിഹാരം നൽകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ജൂൺ 23-ന് അൽ ഉദൈദിലെ അമേരിക്കൻ സൈനിക ക്യാംപിനെ ലക്ഷ്യമിട്ടുള്ള ഇറാന്റെ മിസൈൽ ആക്രമനത്തിനിടെ, ആക്രമണം നിഷ്പ്രഭമാക്കപ്പെട്ടെങ്കിലും മിസൈലിന്റെ ഭാഗങ്ങൾ റോഡിലും സ്വകാര്യ സ്വത്തുവകകളിലും ചിതറി വീണു. ഇതിന്റെ ഫലമായി ഉണ്ടായ നാശനഷ്ടങ്ങൾക്കാണ് നഷ്ടപരിഹാര നടപടികൾ.
മിസൈൽ ഭാഗങ്ങൾ വീണ് കേടുപാടുകൾ സംഭവിച്ചതായി സംശയിക്കുന്നവർ അത് ബന്ധപ്പെട്ട അധികാരികളെ ഉടൻ അറിയിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി നാശനഷ്ടങ്ങൾ വിലയിരുത്തി മിസൈൽ ആക്രമണത്തിന്റെ ഭാഗമായതായി ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയാൽ, അവർക്കാണ് നഷ്ടപരിഹാരത്തിന് അർഹത.
സാക്ഷ്യപ്പെട്ട ശേഷം, സിവിൽ ഡിഫൻസ് കൗൺസിലിനെയാണ് നഷ്ടപരിഹാരത്തിനായി ബന്ധപ്പെടേണ്ടത്. ഇപ്പോഴും അപേക്ഷിക്കാത്തവർക്ക്, മെത്രാഷ് ആപ്പിലൂടെ രണ്ട് ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം. ഈ സമയപരിധിക്ക് ശേഷമുള്ള അപേക്ഷകൾ പരിഗണിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സാധാരണ ഉപഭോക്താക്കളുടെ സ്വകാര്യ വസ്തുവകകളിൽ മിസൈൽ ഭാഗങ്ങൾ വീണ് നാശം സംഭവിച്ചിട്ടുണ്ടെങ്കിൽ, ബന്ധപ്പെട്ട രേഖകളും ഫോട്ടോ തെളിവുകളും സഹിതം ഉടൻ നടപടി സ്വീകരിക്കേണ്ടതാണെന്ന് അധികൃതർ ഓർമിപ്പിച്ചു.