മസ്കത്ത്: ഇരട്ടനികുതി ഒഴിവാക്കാനും ആദായനികുതി വെട്ടിപ്പ് തടയാനുമായി ഇന്ത്യയുമായുള്ള പ്രോട്ടോക്കോൾ അംഗീകരിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. ജനുവരി 27ന് മസ്കത്തിൽ നടന്ന ചടങ്ങിലാണ് പ്രോട്ടോക്കോളിൽ ഒപ്പുവെച്ചത്.ഒമാനെ പ്രതിനിധീകരിച്ച് നികുതി അതോറിറ്റി ചെയർമാൻ നാസർ ബിൻ ഖാമിസ് അൽ ജാഷ്മിയും ഇന്ത്യയെ പ്രതിനിധീകരിച്ച് അന്നത്തെ ഒമാനിലെ ഇന്ത്യൻ സ്ഥാനപതിയായിരുന്ന അമിത് നാരംഗുമാണ് ഒപ്പുവെച്ചത്. ഇരട്ട നികുതി ഒഴിവാക്കുന്നതിലും വരുമാന നികുതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക വെട്ടിപ്പ് തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് കരാർ ഭേദഗതി ചെയ്ത പ്രോട്ടോക്കോൾ.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിൽ കരാറിന് വളരെയധികം പ്രാധാന്യമുണ്ട്. നികുതി മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും നടത്തിയ തുടർച്ചയായ ശ്രമങ്ങളുടെ ഫലമായാണ് പുതുക്കിയ പ്രോട്ടോക്കോൾ ഉണ്ടായതെന്ന് അധികൃതർ അഭിപ്രാപ്പെട്ടു.
