മസ്കറ്റ് : ഇന്ത്യന്‍ ബിസിനസുകാരുടെ കൂട്ടായ്മയായ ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് ദി മിഡിലീസ്റ്റ് ചേംബര്‍ ഓഫ് ഓഫ് കൊമേഴ്‌സ് ഒമാന്‍ ചാപ്റ്റര്‍ (ഇന്‍മെക്ക് ഒമാന്‍) ആഭിമുഖ്യത്തില്‍ സ്ഥാനമൊഴിയുന്ന ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അമിത് നാരംഗിന് യാത്രയയപ്പ് നല്‍കി. ഹോര്‍മുസ് ഗ്രാന്‍ഡ് ഹോട്ടലില്‍ രാത്രി വിരുന്നോടെ നടന്ന യാത്രയയപ്പില്‍ ‘ ഇന്‍മെക്ക് ഒമാന്‍ ‘ അംഗങ്ങള്‍ക്ക് പുറമെ ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ബോര്‍ഡ് അംഗങ്ങളും കമ്മിറ്റികളുടെ തലവന്‍മാര്‍ അടക്കമുള്ളവര്‍ പങ്കെടുത്തു. ഒമാനും ഇന്ത്യയും തമ്മിലെ ഉഭയകക്ഷി ബന്ധം വളര്‍ത്തുന്നതില്‍ അംബാസിഡര്‍ വഹിച്ച പങ്കിനെ വിരുന്നില്‍ പങ്കെടുത്തവര്‍ പ്രകീര്‍ത്തിച്ചു.ഐ.എന്‍.എം. ഇ.സി.സി ഒമാന്‍ ചാപ്റ്ററിന് ഔദ്യോഗിക മാനം നല്‍കുന്നതില്‍ അംബാസിഡര്‍ അമിത് നാരംഗ് വലിയ പങ്കാണ് വഹിച്ചതെന്ന് സ്വാഗത പ്രസംഗം നടത്തിയ ഐ.എന്‍.എം. ഇ.സി.സി സ്ഥാപക ഡയറക്ടറും ഒമാന്‍ ചേംബറിന്റെ വിദേശ നിക്ഷേപ കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാനുമായ സി.എ ഡേവിസ് കല്ലൂക്കാരന്‍ പറഞ്ഞു. 2023 ല്‍ ഒമാന്‍ വ്യവസായ വാണിജ്യമന്ത്രി ഖൈസ് അല്‍ യൂസുഫും ഇന്ത്യന്‍ വാണിജ്യമന്ത്രി പിയൂഷ് ഗോയലും തമ്മിലെ കൂടി കാഴ്ചക്ക് ശേഷം പുറത്തുവിട്ട ഔദ്യോഗിക സംയുക്ത പ്രസ്താവനയില്‍ ഉള്‍പ്പെടുത്തുക വഴി ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി ധാരണയിലെത്താനും ഐ.എന്‍.എം. ഇ.സി.സിയുടെ ഒമാന്‍ ചാപ്റ്റര്‍ ഔദ്യോഗികമായി സ്ഥാപിക്കാനും വഴിയൊരുങ്ങിയതായും ഡേവിസ് കൂട്ടിച്ചേര്‍ത്തു . അംബാസിഡറായിരുന്ന കാലത്ത് ഒമാനും ഇന്ത്യയും തമ്മിലെ ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതില്‍ അമിത് നാരംഗ് വഹിച്ച പങ്ക് ഐ. എന്‍. എം. ഇ സി.സി ഒമാന്‍ ചാപ്റ്റര്‍ പ്രസിഡണ്ട് മുഹിയുദ്ധീന്‍ മുഹമ്മദ് അലി വിശദമാക്കി.
ഇന്ത്യ- ഒമാന്‍ ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക് വളരുകയാണെന്നും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ അടക്കം പുതിയ പദ്ധതികള്‍ വൈകാതെ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംബാസഡ്വര്‍ അമിത് നാരംഗ് പറഞ്ഞു. മേഖലയിലെ വാണിജ്യ, നിക്ഷേപക, സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തമാക്കുന്നതില്‍ ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘ ഇന്‍മെക്ക് ഒമാന്‍ ‘ ഒമാന്‍ ചാപ്റ്റര്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും അംബാസിഡര്‍ കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക വികസനത്തിന് ഐ.എന്‍.എം. ഇ.സി.സി പോലുള്ള കൂട്ടായ്മകളുമായുള്ള ഒമാന്‍ ചേംബറിന്റെ സഹകരണത്തിന് പ്രാധാന്യമേറെയാണെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അംഗവും ഊര്‍ജ ഖനന വിഭാഗം അധ്യക്ഷനുമായ ഡോ. അബ്ദുല്ല അല്‍ഹാര്‍ത്തി പറഞ്ഞു. സംയുക്ത പരിശ്രമങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കും എങ്ങനെ ഗുണപ്രദമാകുമെന്നതിന് അടുത്തിടെ സമാപിച്ച ഒമാന്‍-ഇന്ത്യ നിക്ഷേപക ഫോറം തെളിവാണ്. ഒമാന്‍ ചേംബറിന് കീഴില്‍ ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി പങ്കാളിത്തം ശക്തമാക്കാനും സുസ്ഥിര വളര്‍ച്ച ഉറപ്പാക്കാനും ഐ.എന്‍.എം. ഇ.സി.സി പ്രതിജ്ഞാബദ്ധമാണെന്ന് ഉറപ്പുനല്‍കലോടെയാണ് പരിപാടി സമാപിച്ചത്.
