സുധീര്‍നാഥ്
ആനകള്‍ ഇല്ലാതെ
അമ്പാരി ഇല്ലാതെ
ആറാട്ട് നടക്കാറുണ്ടിവിടെ …
പഴയ ഒരു സിനിമാ ഗാനമാണ്. 1979ല്‍ ഇറങ്ങിയ തെരുവ് ഗീതം എന്ന സിനിമയ്ക്ക് ബിച്ചു തിരുമല എഴുതി ജയ വിജയന്‍ സംഗീതം നല്‍കി യേശുദാസ് പാടിയ പാട്ടിലെ വരികളാണ്… പക്ഷെ… ഇപ്പോള്‍ കേരളത്തിലും ക്ഷേത്ര ആറാട്ടിന് ആനകള്‍ ഉണ്ടാകില്ല എന്ന സ്ഥിതി വന്നിരിക്കുന്നു. കഴിഞ്ഞ ദിവസം കുട്ടിക്കാലം മുതല്‍ ജീവിച്ചു വളര്‍ന്ന ത്യക്കാക്കര ക്ഷേത്രത്തില്‍ ആദ്യമായി ആനയില്ലാതെ കൊടിയേറ്റം നടന്നു. ഇനി ആന ഇല്ലാതെ ആറാട്ടും നടക്കും.
ഇത് കോവിഡ് മൂലം ഉണ്ടായ സ്ഥിതിയല്ല. എത്രയോ നാള്‍ മുന്‍പ് വടക്കേ ഇന്ത്യയില്‍ വ്യാപകമായി ക്ഷേത്രങ്ങളിലെ ആറാട്ടുകള്‍ക്ക് ആനകള്‍ ഉണ്ടാകാറില്ല. പകരം കുതിരയും, കുതിര വണ്ടിയുമാണ് ഉള്ളത്. ഡല്‍ഹിയിലെ രോഹിണിയിലുള്ള അയ്യപ്പ ക്ഷേത്രത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ നടന്നിരുന്ന പള്ളിവേട്ടയിലും, ആറാട്ടിലും കുതിര വണ്ടി കണ്ടത് മുതല്‍ മറ്റ് ക്ഷേത്രങ്ങളും ഇതേ ശൈലി പിന്തുടരുകയാണ്. ആനകളെ കിട്ടാനുള്ള പ്രയാസം. സര്‍ക്കാരിന്‍റെ അനുമതി എന്ന കടമ കടക്കുവാനുള്ള പ്രയാസം. എല്ലാം കണക്കിലെടുത്താണ് പള്ളി വേട്ടെയ്ക്കും, ആറാട്ടിനും കുതിര വണ്ടി തയ്യാറാക്കിയതെന്നാണ് രോഹിണി ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്. പുതിയ വന്യ മ്യഗ സംരക്ഷണ നിയമ പ്രകാരം ആനകളെ പരിപാലിക്കുന്നതിനും വളര്‍ത്തുന്നതിനും, പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിലും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെുത്തിയിരിക്കുന്നത്. ആറാട്ടിന് ആനകള്‍ ഇല്ലാതെ നടക്കില്ല എന്ന് വിശ്വസിച്ചിരുന്ന കാലത്ത് ബിച്ചു തിരുമല എഴുതിയ വരികള്‍ ഇപ്പോള്‍ പ്രാവര്‍ത്തികമായി. വടക്കേ ഇന്ത്യയില്‍ മാത്രമല്ല, കേരളത്തിലും…
ആനകള്‍ ഇല്ലാതെ
അമ്പാരി ഇല്ലാതെ
ആറാട്ട് നടക്കാറുണ്ടിവിടെ…