അബുദാബി ∙ ലോകരാജ്യങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി യുഎഇ സംഭാവന ചെയ്തത് 490 കോടി ഡോളർ (11204 കോടി രൂപ). ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ നാഷനൽ അഫയേഴ്സ് ഓഫിസ് മേധാവിയും ഇന്റർനാഷനൽ ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ കൗൺസിൽ അംഗവുമായ മറിയം അൽ മഹൈരിയാണ് ലോകത്തിന്റെ ഭാവി ഭക്ഷണം ഉറപ്പാക്കുന്നതിൽ രാജ്യത്തിന്റെ പങ്ക് വ്യക്തമാക്കിയത്.
എല്ലാവർക്കും ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുന്നതിന് വിവിധ രാജ്യങ്ങളുമായും രാജ്യാന്തര സംഘടനകളുമായും സഹകരിച്ചു പ്രവർത്തിക്കുന്നത് തുടരും. ഇക്കാര്യത്തിൽ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പാതയാണ് രാജ്യം പിന്തുടരുന്നത്.
