ഡോ.ഹസീനാ ബീഗം
ശനിയാഴ്ച രാവിലെ നേരം വെളുത്തപ്പോൾ മുതൽ വിവിധ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിറഞ്ഞൊഴുകിയിരുന്ന വാർത്തയാണ്
ആക്രിക്കാരി ഭദ്ര എന്ന സ്ത്രീയുടെ മരണവാർത്ത. ഇന്ത്യൻ പ്രധാനമന്ത്രി / കേരള മുഖ്യമന്ത്രി എന്നിവർക്ക് കിട്ടേണ്ട അത്രക്കും വാർത്താപ്രാധാന്യവും, ദു:ഖവും ഉണ്ടായിരുന്നു ഓരോ ഗ്രൂപ്പിലും. ഞാനും ചെറുപ്പത്തിലേ കണ്ടിട്ടുള്ള നന്നായി അറിയാവുന്ന സ്ത്രീയായിരുന്നു ഇവർ. ഇവരുടെ മരണം മാളക്കാർ മൊത്തം ,സ്വന്തം കുടുംബത്തിലെ ഒരു വ്യക്തിയുടേത് പോലെ നെഞ്ചോട് ചേർത്ത് വിങ്ങുന്നത് കാണാമായിരുന്നു. പദവിയിലല്ല, വ്യക്തിത്വം എന്ന തിരിച്ചറിവോടെ ആരും ഗൗനിക്കാതെ പോകുന്ന ഇത്തരം ഗണത്തിൽ പെട്ട ഭദ്ര ചേച്ചിയെക്കുറിച്ച് രണ്ട് വാക്ക്………
ഞാനറിയുന്ന ഭദ്ര ചേച്ചി
നിത്യജീവിതത്തിൽ നാം പുറന്തള്ളുന്ന മാലിന്യങ്ങൾ, ഉപയോഗിക്കാൻ പറ്റാത്ത പ്ലാസ്റ്റിക്, ഇരുമ്പ്,അലുമിനിയം പാത്രങ്ങൾ ഇവയെല്ലാം എത്രയോ ആണ്.പല വിഭാഗങ്ങളിലായി ഒഴിവാക്കപ്പെടാനാവാതെ ഇവയെല്ലാം നമ്മുടെ വീടുകളിൽ കുമിഞ്ഞു കൂടുമ്പോഴുള്ള സ്ഥിതിയെന്താകും? ചിന്തിക്കാനേ പറ്റില്ലല്ലോ. ഇതെല്ലാം യാതൊരു മടിയുമില്ലാതെ നമ്മുടെ വീടുകളിൽ വന്ന് പെറുക്കിയെടുത്ത് അളന്ന് തൂക്കം നോക്കി പുഞ്ചിരിയോടെ സാമാന്യം ഭേദമായ പണവും തന്ന് മടങ്ങുന്ന സ്ത്രീ. എത്ര കുറച്ച് സാധനങ്ങളായാലും അവർ എടുത്തുകൊള്ളും. ആരുമായും ഒരു വാക്ക് തർക്കമോ, പരിഭവമോ അവർക്കില്ലായിരുന്നു എന്നാണ് എൻ്റെ അറിവ്. ആദ്യത്തെ വരവിൽ വീട്ടു കാരോട് കുശലം ചോദിച്ചറിഞ്ഞ് രണ്ടാമത്തെ വരവിൽ അവിടത്തെ ഒരംഗം പോലെയാവും. അതാണവരുടെ പ്രകൃതം. അൽപം നിറം കുറവാണെങ്കിലും …. ആ ചിരിയവരെ തമിഴ്
സ്റ്റാർസിനോളം സുന്ദരിയാക്കുന്നു. മുറുക്കി ചുവപ്പിച്ച ചുണ്ടും, വലിയ മൂക്കുത്തിയും, പ്രത്യേക മുടിക്കെട്ടും എല്ലാം കൂടി ഒരു ആനചന്തം. സാരിത്തുമ്പിൽ കെട്ടി തൂക്കിയ പണക്കിഴി… അതിൽ നിന്നും തരുന്ന നാണയത്തുട്ടുകൾ അക്കാലത്തെ വീട്ടമ്മമാരുടെ സ്വകാര്യ സമ്പാദ്യമായിരുന്നു. ഒരു സാധാരണ ആക്രിക്കാരിയായ ഇവരെ ഒരിക്കലും മുഷിഞ്ഞ വേഷത്തിൽ കണ്ടിട്ടില്ല. ശരീരഭാഗങ്ങൾ മുഴുവൻ മറച്ച വേഷവിധാനവും, കുലമഹിമ വിളിച്ചോതും പ്രകൃതവും. കയ്യിലെ ചാക്കും നല്ല വൃത്തിയിൽ തന്നെ ആയിരിക്കുമെപ്പോഴും കാണുക.
ജോലിയോടുള്ള ആത്മാർത്ഥത
നാട്ടിലെ 85% മാലിന്യവും, ശേഖരിച്ച് പല വിഭാഗങ്ങളാക്കി സംസ്കരിക്കുന്നതിൽ ആക്രി കച്ചവടക്കാരുടെ പങ്ക് വലുതാണ്. നമ്മുടെ മാളയുടെയും, പ്രാന്തപ്രദേശങ്ങളിലേയും സ്ഥിരം കച്ചവടക്കാരി ഇവരാണെന്ന് പറയാം. മാളയുടെ ഏത് ഉൾപ്രദേശങ്ങളിൽ നിന്നും സാധനങ്ങൾ ശേഖരിച്ച് വലിയ പറമ്പിലേക്ക് ഇവർ തലയിൽ വച്ച് കൊണ്ടുപോവുകയായിരുന്നു അന്നാളുകളിൽ പതിവ്. എങ്കിലും അവരുടെ മുഖത്ത് ഒരു വെറുപ്പോ, മുഷിപ്പോ കണ്ടിട്ടില്ല. അവരുടെ അധ്വാനം, സേവനം എത്ര വലുതാണ്. അവർ അവരുടെ ജോലിയിൽ അത്രക്കും ആത്മാർത്ഥത പുലർത്തുന്നു. ആക്രി കച്ചവടത്തിൻ്റെ മഹിമ— അല്ലെങ്കിൽ ആക്രി വെറും ആക്രിയല്ലെന്ന് പഠിപ്പിക്കാൻ ഇവർ തന്നെ ഉദാഹരണം. ജീവിത ചിലവുകൾക്ക് പണം കണ്ടെത്താനായി അവർ തെരെഞ്ഞെടുത്ത വഴിയിൽ അവർ സംതൃപ്തയാണെന്ന് അവരുടെ പുഞ്ചിരി വിളിച്ചോതും .
സത്യസന്ധത
വീട്ടുടമസ്ഥർ പറയുന്നതല്ലാതെ ഒന്നും എടുത്ത് അവർ ചാക്കിൽ നിറക്കില്ല.”ഭദ്ര കള്ളത്തരം ചെയ്യില്ല “എന്ന് ഉമ്മയും, വടമയിലെ ഉമ്മച്ചിയും എപ്പോഴും ഊന്നി പറയുന്നത് ഞാൻ പലപ്പോഴും കേട്ടതായി ഓർക്കുന്നു. പണ്ട് തറവാട്ടിൽ വച്ച് ഉപ്പയും – എല്ലാ പാട്ടകഷണങ്ങളും, പ്ലാസ്റ്റികും, ഇരുമ്പും, കുപ്പിയുമെല്ലാം വടക്ക് ഭാഗത്ത് മതിലിനോട് ചേർന്ന തോട്ടിൽ കൂട്ടിയിടും. കുട്ടികൾ അതിൽ നിന്നും എന്തെങ്കിലും കളിക്കാനെടുത്താൽ അത് ഭദ്രക്കുള്ളതാണ് എന്ന് പറഞ്ഞ് കുട്ടികളെ ഓടിക്കുന്നത് കാണാം. അന്നാളുകളിൽ ,
ഞായറാഴ്ച രാവിലെയാണ് പുള്ളിക്കാരി മാളപ്പള്ളിപ്പുറം ഭാഗത്തേക്ക് വരിക. സാധാരണ ഇത്തരക്കാർ ഒരു പാട് സാധനങ്ങൾ വീട്ടുകാരികളോട് ചോദിക്കുകയാണ് പതിവ്. പക്ഷെ ഇവർ അങ്ങനെയല്ല, കൊടുത്താലേ എന്തെങ്കിലും വാങ്ങൂ. ഇവരുടെ വിയർത്തു തളർന്ന മുഖം കാണുമ്പോൾ ഉമ്മയാണ് ഞങ്ങളെ കൊണ്ട് എന്തെങ്കിലും വെള്ളമോ ഭക്ഷണമോ കൊടുപ്പിക്കാറുള്ളത്. അവർ പെട്ടെന്ന് തന്നെ പോവും. ഒരു പാട് നേരം കുശലം പറഞ്ഞ് നേരം കളയുന്ന പതിവ് അവർക്കില്ല. നല്ല ഓർമ്മ ശക്തിയാണ് അവർക്ക്, ഒരു പ്രാവശ്യം ചോദിച്ചറിഞ്ഞ കാര്യം പിറ്റെ ആഴ്ച ഓർത്ത് ചോദിക്കുമവർ.
ഭദയെന്ന താരം
പരിഭവങ്ങളില്ലാതെ ആത്മാർത്ഥതയോടെ മാളയിലെ കുടുംബങ്ങളിലെയെല്ലാം ഒരു അംഗമായി മാറിയ ഭദ്രയാണ് ഇന്നത്തെ താരം. ജനങ്ങൾ നെഞ്ചിലേറ്റിയതറിയാതെ
നീണ്ട യാത്രയിലാണ് നമ്മുടെ ഭദ്ര ചേച്ചി. ഓരോ ജോലിയുടെയും മഹിമ വരും തലമുറക്ക് പകർന്ന് തന്ന വനിത.താൻ വിചാരിച്ച ജോലി കിട്ടിയാലേ ചെയ്യൂ എന്ന് ശാഠ്യം പിടിക്കുന്ന ജനങ്ങൾക്ക് ( യുവതലമുറക്ക്)ഒരു വെളിച്ചമോതി അവർ യാത്രയായി….. ജീവിതം തന്നെ എപ്പോഴും യാത്രയിൽ ആയിരുന്നവർ……മടക്കമില്ലാത്ത ലോകത്തേക്കുള്ള യാത്ര…….
നിറമില്ലാത്ത കുപ്പികൾ പെറുക്കി ജീവിതത്തിൽ വർണം ചാലിച്ച് ജനഹൃദയങ്ങളിൽ സ്നേഹത്തിൻ ചായം പൂശിയ ഭദ്ര ചേച്ചിക്ക് പ്രണാമം.