അബുദാബി ∙ അബുദാബിയിലും ദുബായിലുമായി കടുത്ത ചൂടും ഉയർന്ന ഈർപ്പവും ഇന്നത്തെ പോലെ നാളെയും (ജൂലൈ 10) തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. ഇപ്പോൾ യു.എ.ഇ കടന്നുപോകുന്നത് വർഷത്തിലെ ഏറ്റവും തീവ്രമായ വേനൽക്കാല ഘട്ടമായ ‘ജംറത്ത് അൽ ഖയ്ത്’ കാലഘട്ടത്തിലൂടെയാണ്. ഇന്ന് രാജ്യത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെട്ടെങ്കിലും ചില കിഴക്കൻ മേഖലകളിൽ മേഘങ്ങൾ കാണപ്പെടാനാണ് സാധ്യത. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഇന്ന് രാത്രിയും നാളെ രാവിലെയും ഈർപ്പം വർധിക്കുകയും മൂടൽമഞ്ഞ് രൂപപ്പെടുകയും ചെയ്യുമെന്ന് മുന്നറിയിപ്പുണ്ട്.
ദുബായിൽ പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 41–42 ഡിഗ്രി സെൽഷ്യസുമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈർപ്പത്തിന്റെ സാന്നിധ്യം മൂലം ശരീരത്തിൽ അനുഭവപ്പെടുന്ന ചൂട് ഇതിലും കൂടുതലായേക്കാം. കാറ്റ് മണിക്കൂറിൽ 10–25 കിലോമീറ്റർ വേഗതയിൽ വീശുമെങ്കിലും ചില സമയങ്ങളിൽ ഇത് 35 കിലോമീറ്റർ വരെ എത്താം. കടൽ പൊതുവെ ശാന്തമായിരിക്കും. കിഴക്കൻ ഭാഗങ്ങളിൽ ഭാഗികമായി മേഘാവൃതമായതിനാൽ താപനിലയിൽ നേരിയ വർധനവ് രേഖപ്പെടാനുമുണ്ട്.
തുടർച്ചയായ കടുത്ത ചൂടും ഉയർന്ന ഈർപ്പവും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു. പകൽ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം, പുറത്തിറങ്ങുമ്പോൾ തൊപ്പിയോ കുടയോ ഉപയോഗിക്കണം, ധാരാളം വെള്ളം കുടിക്കണം, ഉച്ചസമയത്ത് കഠിന ജോലി ഒഴിവാക്കണം, കുട്ടികളെയും വളർത്തുമൃഗങ്ങളെയും അടച്ചിട്ട വാഹനങ്ങളിൽ ഒരിക്കലും വെക്കരുത് എന്നിങ്ങനെയാണ് നിർദേശങ്ങൾ. ഈ വേനൽക്കാലത്ത് താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ മുന്നോടിയായി സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.