മനാമ: കൈറോയിൽ നടക്കുന്ന അടിയന്തര അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഈജിപ്തിലെത്തി. കൈറോ വിമാനത്താവളത്തിലിറങ്ങിയ ഹമദ് രാജാവിനെ അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ മാനവ വികസന ഉപപ്രധാനമന്ത്രിയും ആരോഗ്യ മന്ത്രിയുമായ ഡോ. ഖാലിദ് അബ്ദുൽ ഗഫാർ, ഈജിപ്തിലെ ബഹ്റൈൻ അംബാസഡറും ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സിന്റെ സ്ഥിരം പ്രതിനിധിയുമായ ഫൗസിയ ബിൻത് അബ്ദുല്ല സൈനാൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.
അടിയന്തര ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസിസിയോട് ഹമദ് രാജാവ് നന്ദി പറഞ്ഞു. ഫലസ്തീൻ വിഷയങ്ങളാവും ഉച്ചകോടിയിൽ പ്രധാനമായും ചർച്ചയാവുക. കഴിഞ്ഞവർഷം ബഹ്റൈനിൽ നടന്ന 33ാമത് അറബ് ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ച ഹമദ് രാജാവ് അടിയന്തര ഉച്ചകോടിയുടെ ആവശ്യകതകളെക്കുറിച്ച് പറഞ്ഞിരുന്നു.
വളരെ നിർണായക ഘട്ടത്തിൽ സംഘടിപ്പിക്കുന്ന ഈ ഉച്ചകോടി അറബ് ദേശീയ സുരക്ഷക്കും അറബ് രാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപര്യങ്ങൾക്ക് ഭീഷണിയാകുന്ന എല്ലാ പ്രതിസന്ധികളെക്കുറിച്ചും അറബ് രാജ്യങ്ങളുടെ നേതാക്കൾ കൂടിയാലോചിക്കാനും സംയുക്ത ഏകോപനം തുടരാനുമാണ് ലക്ഷ്യമിടുന്നതെന്നും ഈ ഉച്ചകോടി അറബ് ഐക്യം ശക്തിപ്പെടുത്തുമെന്നും ഹമദ് രാജാവ് പറഞ്ഞു.
ദേശീയ സുരക്ഷ സംരക്ഷിക്കുക, ഫലസ്തീൻ വിഷയങ്ങളിൽ നിർണായക തീരുമാനമെടുക്കുക, ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യം, നീതി, പൂർണ പരമാധികാര രാഷ്ട്രം സ്ഥാപിക്കുക എന്നിവക്കായുള്ള അവകാശങ്ങൾക്കായി ഉറച്ച നിലപാടെടുക്കുക എന്നതാണ് ഉച്ചകോടിയിലെ പ്രധാന ചർച്ചാ വിഷയങ്ങളാവുക. മേഖലയിലെ എല്ലാ ജനങ്ങൾക്കും നീതിയുക്തവും സമാധാനവും കൈവരിക്കാൻ അറബ് ഉച്ചകോടി നടക്കേണ്ടതിന്റെ പ്രാധാന്യവും ഹമദ് രാജാവ് അഭിപ്രായപ്പെട്ടു. ക്ഷേമം വർധിപ്പിക്കുന്നതിനും സമാധാനം, സുരക്ഷ, സ്ഥിരത, വികസനം എന്നിവക്കായുള്ള അറബ് രാഷ്ട്രങ്ങളുടെ ശ്രമങ്ങളുടെ വിജയത്തിനായും ഹമദ് രാജാവ് പ്രശംസിച്ചു.
