ഗള്‍ഫ് ഇന്ത്യന്‍സ്.കോം
സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എന്‍.വി രമണക്കെതിരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗ്‌മോഹന്‍ റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെക്ക് സമര്‍പ്പിച്ച പരാതി സുപ്രീംകോടതിയുടെ അടിത്തറ ഉലയ്ക്കുന്നതാണ്. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ പരമോന്നത സംവിധാനമായ സുപ്രീംകോടതിയുടെ പ്രതിച്ഛായക്ക് കടുത്ത മങ്ങലേല്‍പ്പിക്കുന്ന ‘ഗ്യാംഗ് യുദ്ധങ്ങള്‍ക്ക്’ ഈ പരാതി വഴിതെളിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്നു സൂപ്രീംകോടതി റിപോര്‍ടിംഗില്‍ ദീര്‍ഘകാലത്തെ അനുഭവ സമ്പത്തുള്ള പത്രപ്രവര്‍ത്തകനായ വി.വെങ്കടേശന്‍ ചൂണ്ടിക്കാണിക്കുന്നു.
സീനിയോറ്റി പ്രകാരം സാധാരണ നിലയില്‍ അടുത്ത ചീഫ് ജസ്റ്റിസായി 2021 ഏപ്രിലില്‍ ചുമതല ഏല്‍ക്കേണ്ട ജസ്റ്റിസ് രമണ തന്റെ പദവി ഉപയോഗിച്ച് തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡുവിനും കുടുംബക്കാര്‍ക്കും അടുത്ത അനുയായികള്‍ക്കും വേണ്ടി ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധികള്‍ സമ്പാദിക്കുന്നു എന്നാണ് ജഗന്റെ പരാതിയുടെ കാതല്‍. ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജി ആയിരുന്ന കാലം മുതൽ ജസ്റ്റിസ് രമണ നായിഡുവിന്റെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ സുപ്രീംകോടതി വഴി നടക്കുന്നതെന്നും പരാതി ചൂണ്ടിക്കാട്ടുന്നു. ജുഡീഷ്യറിയുടെ നിഷ്പക്ഷതയും നീതിയും നിലനിര്‍ത്തുവാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് രമണയുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ആവശ്യമെങ്കില്‍ അവ സമര്‍പ്പിക്കുന്നതിന് താന്‍ ഒരുക്കമാണെന്നും ജഗന്‍ തന്റെ പരാതിയില്‍ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്തരമൊരു പരാതി ആദ്യമാണ്. ആന്ധ്രയുടെ പുതിയ തലസ്ഥാനമായി അമരാവതി എന്ന സ്ഥലത്തെ വികസിപ്പിക്കുവാനുള്ള നായിഡുവിന്റെ ഇഷ്ട പദ്ധതി ജഗന്‍ അധികാരത്തിലെത്തിയതോടെ ഉപേക്ഷിച്ചുവെന്നു മാത്രമല്ല പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍തോതിലുള്ള അഴിമതിയുടെ പേരില്‍ നായിഡുവിന് എതിരെ നിയമ നടപടികള്‍ സ്വീകരിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് തുടര്‍ച്ചയായി ഹൈക്കോടതിയില്‍ നേരിട്ട തിരിച്ചടികളാണ് ജഗന്റെ പരാതിയുടെ അടിസ്ഥാനം. കഴിഞ്ഞ 18 മാസത്തെ ഭരണകാലയളവില്‍ തന്റെ സര്‍ക്കാര്‍ പുറപ്പെടുവിച്ച 100-ഓളം സുപ്രധാനമായ ഉത്തരവുകള്‍ ഹൈക്കോടതി നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചതെന്നു ജഗന്‍ പരാതിയില്‍ പറയുന്നു.
ജഗന്റെ പരാതി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എങ്ങനെ കൈകാര്യം ചെയ്യും എന്ന വിഷയത്തില്‍ ഇപ്പോഴും വ്യക്തതയില്ലെങ്കിലും കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇത് മറ്റൊരു അവസരമായിരിക്കും എന്ന് വെങ്കടേശന്‍ അഭിപ്രായപ്പെടുന്നു. സര്‍ക്കാരിന്റെ ഇഷ്ടക്കാരായ ജഡ്ജിമാരെക്കാള്‍ പ്രതിച്ഛായ ഇല്ലാത്ത ദുര്‍ബലരായ ജഡ്ജിമാരെയാണ് സര്‍ക്കാരിന് കൂടുതല്‍ താല്‍പര്യമുണ്ടാവുകയെന്നണാണ് അതിനുള്ള ന്യായം. ജുഡീഷ്യറിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താതെ തന്നെ തങ്ങള്‍ക്ക് ഗുണകരമായ നിലയില്‍ കോടതി വിധികള്‍ ഉണ്ടാവുന്നതിന് ദുര്‍ബലരായ ജഡ്ജിമാരാവും അഭികാമ്യമെന്ന നിഗമനം ശരിയാണ്.
സുപ്രീംകോടതിയുടെ ആഭ്യന്തര സമിതിയെ (ഇന്‍ഹൗസ്) അന്വേഷണത്തിനായി നിയോഗിക്കുകയാണ് ചീഫ് ജസ്റ്റിസിന് ഇക്കാര്യത്തില്‍ സ്വീകരിക്കാനുള്ള ആദ്യ നടപടി. ആരോപണങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നു സമിതി കണ്ടെത്തുന്ന പക്ഷം ചീഫ് ജസ്റ്റിസിന് ആരോപണ വിധേയന് കേസ്സുകള്‍ നല്‍കാതിരിക്കുകയും, തല്‍സ്ഥാനത്തു നിന്നും പ്രസ്തുത വ്യക്തിയെ നീക്കം ചെയ്യണമെന്നു സര്‍ക്കാരിനോട് ശുപാര്‍ശയും ചെയ്യാം. ആഭ്യന്തര സമിതി പ്രഥമദൃഷ്ട്യ ആരോപണങ്ങള്‍ തള്ളുന്ന പക്ഷം ജഗന്റെ മുമ്പിലുള്ള വഴി ജഡ്ജിയെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ്.
സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനുള്ള പ്രക്രിയക്ക് തുടക്കമിടുന്നതിന് ലോകസഭയില 100 അംഗങ്ങള്‍ അല്ലെങ്കില്‍ രാജ്യസഭയിലെ 50 അംഗങ്ങള്‍ ഒപ്പിട്ട പ്രമേയം സ്പീക്കര്‍ അല്ലെങ്കില്‍ ഉപാദ്ധ്യക്ഷന് സമര്‍പ്പിക്കണം. പ്രമേയം സ്വീകരിക്കുന്നതിനും, തള്ളുന്നതിനും സ്പീക്കര്‍ക്കും, ഉപാദ്ധ്യക്ഷനും അധികാരമുണ്ട്. പ്രമേയം സ്വീകരിക്കുന്ന പക്ഷം ബന്ധപ്പെട്ട സഭാധ്യക്ഷന്‍ ഒരു മൂന്നംഗ സമതിയെ രൂപീകരിക്കും. സുപ്രീം കോടതിയിലെ ജഡ്ജി, ഹൈക്കോടതയിലെ ചീഫ് ജസ്റ്റിസ്, നിമയവിദഗ്ധന്‍ എന്നിവരടങ്ങുന്ന ഈ സമിതി ആരോപണങ്ങള്‍ പരിശോധിച്ച് റിപോര്‍ട് നല്‍കും. ആരോപണങ്ങള്‍ ശരിവെക്കുന്ന പക്ഷം പാര്‍ലമെന്റ് ഇംപീച്ച്‌മെന്റ് പ്രമേയവും, സമതി റിപോര്‍ടും പരിഗണിക്കും.
ജഡ്ജസ് നിയമം വഴിയുള്ള നടപടിക്രമങ്ങള്‍ ഏപ്രില്‍ 23-നകം പൂര്‍ത്തിയാവേണ്ടതുണ്ട്. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസിന്റെ കാലാവധി അന്നാണ് കഴിയുക. അടുത്ത ഊഴം ജസ്റ്റസിസ് രമണയുടേതാണ്. പരാതിയുടെ പശ്ചാത്തലത്തില്‍ രമണയുടെ സീനിയോറിറ്റി മറികടക്കുകയാണെങ്കില്‍ ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ ചീഫ് ജസ്റ്റിസാവും. 2021 ആഗസ്റ്റിലാണ് അദ്ദേഹം വിരമിക്കുക. വെറും നാലുമാസത്തെ കാലാവധി മാത്രമെ ലഭിക്കുകയുള്ളുവെന്ന ന്യായത്തില്‍ അദ്ദേഹത്തിനെയും മറികടക്കുന്ന പക്ഷം ജസ്റ്റിസ് യു.യു ലളിത് ചീഫ് ജസ്റ്റിസാകും. കടമ്പകളെല്ലാം കടന്ന് ജസ്റ്റിസ് രമണ ചീഫിന്റെ പദവിയിലെത്തിയാല്‍ അദ്ദേഹത്തിന്റെ കാലാവധി 2022 ആഗസ്റ്റില്‍ അവസാനിക്കും.
ജഡ്ജസ് നിയമ പ്രകാരമുള്ള നടപടികള്‍ ചീഫ് ജസ്റ്റിസ് കൈക്കൊള്ളുന്നതിനൊപ്പം ജസ്റ്റിസ് രമണയും, ആരോപണ വിധേയരായ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിമാരും കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കുമോ എന്നാണ് അറിയേണ്ടത്. പ്രശാന്ത് ഭൂഷണെതിരെ കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിച്ചതിനു ഉന്നയിച്ചതിനെക്കാള്‍ പതിന്മടങ്ങ് ശക്തമായ കാര്യങ്ങളാണ് ജഗനെതിരെ നീങ്ങാന്‍ കാരണമായി ഉള്ളത്. അഡ്വ. ഭൂഷന്റെ കാര്യത്തില്‍ കോടതി അലക്ഷ്യ നടപടിയുമായി മുന്നോട്ടു പോയത് ബന്ധപ്പെട്ട ജഡ്ജിമാരുടെ മാത്രമല്ല സുപ്രീംകോടതിയുടെ പ്രതിച്ഛായക്കു തന്നെ മങ്ങലേല്‍പ്പിച്ചുവെന്ന വിലയിരുത്തലുകളുടെ പശ്ചാത്തലത്തില്‍ കോടതി അലക്ഷ്യ നടപടിക്ക് ആരോപണ വിധേയര്‍ തുനിയില്ലെന്നു കരുതുന്നവരും നിയമ വൃത്തങ്ങളിലുണ്ട്. ഏതായാലും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ അതിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നത്.
1: വി. വെങ്കടേശന്‍ ദ വയറില്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തോട് കടപ്പാട് രേഖപ്പെടുത്തുന്നു