തിരുവനന്തപുരം: യൂട്യൂബര്‍ വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതം. മൂന്നുപേരും വീടുകളിലില്ലെന്നും ഒളിവിലാണെന്നും പോലീസ് പറഞ്ഞു. അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്. മൂവരേയും അറസ്റ്റ് ചെയ്യാനായി വീടുകളില്‍ തെരച്ചില്‍ നടത്തിയെങ്കിലും പൊലീസിന് കണ്ടെത്താനായില്ല. പൊലീസ് നടപടി മുന്‍കൂട്ടി അറിഞ്ഞ് ഒളിവില്‍ പോയതാകാം എന്നാണ് പൊലീസ് പറയുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹാചര്യത്തില്‍ പോലീസിന് അറസ്റ്റ്, റിമാന്‍ഡ് നടപടികളുമായി മുന്നോട്ടുപോകേണ്ടതുണ്ട്.
ഭവനഭേദനം, മോഷണം എന്നി വകുപ്പുകള്‍ ചുമത്തിയാണ് തമ്പാനൂര്‍ പൊലീസ് മൂന്ന് പേര്‍ക്കും എതിരെ കേസെടുത്തിരിക്കുന്നത്. മൂന്നു പേര്‍ക്കും എതിരെ കഴിഞ്ഞ ദിവസം രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. കായികബലം കൊണ്ട് നിയമത്തെ നേരിടാന്‍ കഴിയില്ല, ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ചുമതല കോടതിക്കുണ്ടെന്നും അതില്‍ നിന്ന് പിന്മാറാനാകില്ലെന്നും ഉത്തരവിലൂടെ കോടതി അറിയിച്ചു.
സെപ്തംബര്‍ 26നായിരുന്നു സമൂഹ മാദ്ധ്യമങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് വിജയ് പി നായരുടെ ദേഹത്ത് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കരി ഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.