കൊച്ചി: അശ്ലീല വീഡിയോ അപ്ലോഡ് ചെയ്ത യുട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ കീഴ്‌ക്കോടതി തള്ളിയ സാഹചര്യത്തിലാണ് ഇത്. ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറക്കലും നിലവില്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.
ഹൈക്കോടതിയില്‍ ഇവര്‍ സമര്‍പ്പിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ കൂടി നോക്കിയ ശേഷം തുടര്‍ നടപടി എന്ന നിലപാടിലാണ് പോലീസ്. ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ വീഡിയോ സഹിതം തെളിവുള്ളതിനാല്‍ പിടിച്ചുപറി എന്നതിലുപരി ദേഹോപദ്രവം ഏല്‍പ്പിച്ചുള്ള മോഷണക്കുറ്റം എന്ന നിലയിലേക്ക് നിലപാട് കടുപ്പിക്കാനാണ് പോലീസിന്റെ നീക്കം.
കൈയേറ്റം വ്യക്തമാണെന്നിരിക്കെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ തീരുമാനം നിര്‍ണായകമാണ്. ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യ ഹര്‍ജിയെ സെഷന്‍സ് കോടതിയില്‍ പോലീസ് ശക്തമായി എതിര്‍ത്തിരുന്നു.