തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സര്‍വ്വകലാശാലയിലെ അനധ്യാപക തസ്തികയിലേക്ക് അഭിമുഖ പരീക്ഷ നടത്തുന്ന സെനറ്റ് ഹാളിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളി കയറിയത്. ഹാളിനുള്ളില്‍ കയറി അഭിമുഖം തടസപ്പെടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
നിയമനം പി.എസ്.സിക്ക് വിട്ടിരിക്കെ തിടുക്കപ്പെട്ട് താല്‍ക്കാലിക നിയമനം നടത്തുന്നത് അനധികൃതമാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷം അഭിമുഖം തുടരുകയാണ്. തിടക്കപ്പെട്ടുള്ള നിയമനം ഇഷ്ടക്കാരെ തിരുകി കയറ്റുന്നതിന് വേണ്ടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
അതേസമയം തിരുവനന്തപുരത്ത് നടക്കുന്ന സമരത്തിന്റെ മറവില്‍ യൂത്ത് കോണ്‍ഗ്രസ് കലാപത്തിന് ശ്രമിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.എ.റഹിം പറഞ്ഞു. സമാധാന പൂര്‍ണമായി ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് കോണ്‍ഗ്രസ് നടത്തി വരുന്നത്. ഇതിന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മറുപടിപറയേണ്ടി വരുമെന്നും റഹിം പറഞ്ഞു.