ദമ്മാം: സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി വനിതകളെ ജഡ്ജിമാരായി നിയമിക്കാനൊരുങ്ങി സൗദി മാനവ വിഭവശേഷി സാമൂഹിക- വികസന മന്ത്രാലയം. നിയമ- നീതിന്യായ നിര്‍വഹണ വിഭാഗത്തില്‍ മികച്ച പരിശീലനം സിദ്ധിച്ച വനിതകളെയാണ് നിയമിക്കുന്നത്. ഈയടുത്ത് നീതിവകുപ്പ് മന്ത്രി വലീദ് അല്‍സമാനിയും 100ഓളം വനിത നോട്ടറി ഉദ്യോഗസ്ഥകളെ നീതിന്യായ നിര്‍വഹണ വിഭാഗത്തില്‍ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
നിയമനിര്‍മാണം, നീതിന്യായം, കാര്യനിര്‍വഹണം, സാമൂഹിക-സാംസ്‌കാരികം, സാങ്കേതികം തുടങ്ങി വിവിധ വകുപ്പുകളില്‍ വനിതകളെ നിയമിച്ചിരുന്നു. വിവിധ മേഖലകളിലെ സ്ത്രീശാക്തീകരണം ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതടക്കമുള്ള നിരവധി പദ്ധതികള്‍ മന്ത്രാലയത്തിന് കീഴില്‍ നടപ്പാക്കിവരുകയാണെന്നും മാനവ വിഭവശേഷി സാമൂഹിക- വികസന മന്ത്രാലയം ഹിന്ദ് അല്‍സാഹിദ് പറഞ്ഞു.
2025ല്‍ തൊഴില്‍ മേഖലയില്‍ 25 ശതമാനത്തോളം വനിതകള്‍ ഉണ്ടാവുമെന്ന ലക്ഷ്യം ഇപ്പോള്‍ മറികടന്നിട്ടുണ്ട്. നിലവില്‍ സൗദിയിലെ വിവിധ സ്വകാര്യ -പൊതുതൊഴില്‍ മേഖലകളിലായി 31 ശതമാനത്തോളം വനിതകളാണ് ജോലി ചെയ്യുന്നത്. വിവിധ മന്ത്രാലയങ്ങളിലെ നേതൃതലങ്ങളിലും കൂടുതല്‍ വനിതകളെ നിയമിക്കും. വിദ്യാഭ്യാസ, -ആരോഗ്യ മന്ത്രാലയങ്ങളിലാണ് നിലവില്‍ കൂടുതല്‍ വനിതകള്‍ ജോലി ചെയ്യുന്നത്.
കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ ചുവടുപിടിച്ച് വിവിധ തലങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന നീക്കങ്ങളാണ് വിവിധ മന്ത്രാലയങ്ങളില്‍ നടക്കുന്നത്. നേരത്തേ സ്റ്റേഡിയങ്ങളിലേക്ക് സ്ത്രീപ്രവേശനം അനുവദിച്ചും ശൂറ കൗണ്‍സില്‍ അടക്കമുള്ള ജനപ്രാതിനിധ്യ സഭകളില്‍ പ്രാതിനിധ്യം കൂട്ടിയും വനിത ശാക്തീകരണ പദ്ധതികള്‍ ത്വരിതപ്പെടുത്തിയിരുന്നു.