Web Desk
ഫുട്‌ബോള്‍ താരം ഐ എം വിജയനെ പദ്മശ്രീ അവാര്‍ഡിനായുള്ള നാമനിര്‍ദ്ദേശ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചു. ഐ.എം വിജയന്‍റെ പേര് കായിക മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കേരളത്തില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരമായ വിജയന് 2003 ല്‍ അര്‍ജുനാ അവാര്‍ഡ് ലഭിച്ചിരുന്നു. 1992ല്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തിയ അദ്ദേഹം ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചു. 39 ഗോളുകള്‍ നേടി. കാല്‍പന്ത് കളിയിലെ അസാമാന്യ പ്രകടനം വിജയന്‍റെ ജീവിതരേഖതന്നെ മാറ്റിവരച്ചു. പതിനെട്ടാം വയസില്‍ കേരളാ പൊലീസിന്‍റെ ഫുട്‌ബോള്‍ ടീമില്‍ അംഗമായ ഐ.എം വിജയന്‍ ജെ.സി.ടി. മില്‍സ് ഫഗ്വാര, എഫ്.സി കൊച്ചിന്‍, ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്‌ബോള്‍ ക്ലബുകളില്‍ കളിച്ചിട്ടുണ്ട്.
ദേശീയ കായിക അവാര്‍ഡിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കായിക മന്ത്രാലയം ജൂണ്‍ 22 വരെ നീട്ടിയിരുന്നു. കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ കായിക താരങ്ങള്‍ക്ക് സ്വയം അപേക്ഷ നല്‍കി നാമനിര്‍ദേശം സമര്‍പ്പിക്കാന്‍ മന്ത്രാലയം അനുമതി നല്‍കിയിരുന്നു.