തിരുവനന്തപുരം; സംസ്ഥാനത്തെ വനികളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി രണ്ട് പുതിയ വായ്പാ പദ്ധതികള്‍ കൂടി ആരംഭിക്കുന്നു. വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിന് പുറമെ വികസന പ്രവര്‍ത്തനങ്ങളില്‍ കൂടി അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതാണ് പുതിയ പദ്ധതികള്‍.
സംസ്ഥാനത്തെ വനിതാ സംഘങ്ങള്‍ക്ക് വേണ്ടിയുള്ള വായ്പാ പദ്ധതിയും , സ്ഥാനപത്തിന്റെ പുതിയ കേന്ദ്ര ഫണ്ടിംഗ് ഏജന്‍സിയായ ദേശീയ സഫായ് കരംചാരി ധനകാര്യ വികസന കോര്‍പ്പറേഷന്റെ മഹിളാ സമൃദ്ധി യോജന എന്നിവയ്ക്കാണ് ജനുവരി 5 മുതല്‍ തുടക്കമിടുന്നത്.
ഉച്ചക്ക് 12 മണിക്ക് സെക്രട്ടറിയേറ്റ് അനക്‌സ് 2 ലെ ലയം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. സഹകരണ, വിനോദ സഞ്ചാര, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും.
സംസ്ഥാനത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച് വരുന്ന വനിതാ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും, സാമ്പത്തിക സ്വാശ്രത്വം ഉറപ്പു വരുത്തുന്നതിനുമായാണ് പുതിയ വായ്പാ പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ചുങ്കത്തറ വനിതാ കോ- ഓപ്പറേറ്റീവ് സൊസൈറ്റി വര്‍ക്കിംഗ് വമിന്‍സ് ഹോസ്റ്റര്‍, ഡേ കെയര്‍ സെന്റര്‍, വനിതാ പകല്‍ വീട് എന്നിവയാണ് വനിതാ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന വായ്പ ഉപയോഗിച്ച് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുന്നത്.
ദേശീയ സഫായ് കരംചാരി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സംസ്ഥാന ചാനലൈസിംഗ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് നല്‍കിയിട്ടുണ്ട്. ഇതിലേക്കായി 100 കോടി രൂപയുടെ ഗ്യാരണ്ടിയും, കോര്‍പ്പറേഷന് അനുവദിച്ചു കഴിഞ്ഞു. കേന്ദ്ര സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എംപവര്‍മെന്റ് മന്ത്രാലത്തിന് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്ന എന്‍എസ്‌കെഎഫ്ഡിസി , ശുചീകരണ തൊഴിലാളികളുടേയും അവരുടെ ആശ്രിതരുടേയും സാമൂഹിക, സാമ്പത്തിക, ഉന്നമനം ലക്ഷ്യമാക്കിയുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുകയാണ്. കേരളത്തില്‍ ശുചീകരണ ജോലികളില്‍ ഉള്ളവരില്‍ ഭൂരിഭാഗവും വനിതകളാണ്. ജാതിമതഭേദമന്യേ ശുചീകരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാമൂഹികമായും, സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വനിതകളെയും, വനിതാ കൂട്ടായ്മകളേയും സഹായിക്കാനാണ് വനിതാ വികസന കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. കുടുംബശ്രീയുമായി സഹകരിച്ച് എന്‍എസ് കെഎഫ്ഡിസിയുടെ വിവിധ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കുന്നതിനാണ് കോര്‍പ്പറേഷന്‍ ഉദ്ദേശിക്കുന്നതെന്ന് കേരള വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ്. സലീഖ അറിയിച്ചു.
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വനിതാ ഗ്രൂപ്പുകള്‍ക്ക് 4% പലിശ നിരക്കില്‍ ഒരു ഗ്രൂപ്പിന് പരമാവധി 6 ലക്ഷം രൂപയും ഒരു സി ഡി എസിന് പരമാവധി 50ലക്ഷം രൂപയും വരെ നല്‍കുന്ന ലഘു വായ്പ പദ്ധതിയാണ് മഹിളാ സമൃദ്ധി യോജന. പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി തത്സമയം ഉണ്ടായിരിക്കും.