ജനീവ: ഫൈസര്‍ നിര്‍മിച്ച കോവിഡ് വാക്‌സിന്‍ അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി. ഡബ്യൂ.എച്ച്.ഒ സാധുത നല്‍കുന്ന ആദ്യത്തെ വാക്സിനാണ് ഫൈസറിന്റേത്.
കോവിഡ് വാക്സിന്റെ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവയെക്കുറിച്ചുള്ള വിശദമായ അവലോകനത്തിന് ശേഷമാണ് ഫൈസര്‍ വാക്സിന് സംഘടന അടിയന്തരമായി സാധുത നല്‍കിയത്. വാക്സിന് സാധുത നല്‍കാന്‍ മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍ ഫൈസര്‍-ബയോണ്‍ടെക് പാലിച്ചിട്ടുണ്ടെന്ന് സംഘടന വ്യക്തമാക്കി.
ലോകത്ത് എല്ലായിടത്തും മതിയായ അളവില്‍ കോവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ ആഗോളതലത്തിലുള്ള ശ്രമങ്ങള്‍ ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടനാ പ്രതിനിധി മാരിയംഗേല സിമാവോ പറഞ്ഞു. ലോകാരോഗ്യ സംഘടന സാധുത നല്‍കുന്നതോടെ വിവിധ രാഷ്ട്രങ്ങളും വാക്സിന് വേഗത്തില്‍ അനുമതി നല്‍കിയേക്കും. നേരത്തെ ബ്രിട്ടണ്‍ ഫൈസര്‍ വാക്സിന് അനുമതി നല്‍കിയിരുന്നു.











