കെ.അരവിന്ദ്
ഓഹരികളില്‍ നിന്ന് ലാഭമെടുക്കുന്നതു പോലെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് ലാഭമെടുക്കേണ്ടതുണ്ടോ? ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കുന്നതിനേക്കാള്‍ താരതമ്യേന സുരക്ഷിതമായ രീതിയില്‍ നിക്ഷേപം നടത്തുന്നതിനുള്ള മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകളെന്നിരിക്കെ ഓഹരികളില്‍ നിക്ഷേപം നടത്തുന്നവര്‍ വിപണിയുടെ ഉയര്‍ന്ന നിലയില്‍ ലാഭമെടുക്കുന്നതു പോലെ മ്യൂച്വല്‍ ഫണ്ടുകളിലും ലാഭമെടുക്കേണ്ടതല്ലേയെന്ന സംശയം നിക്ഷേപകര്‍ക്കുണ്ടാകുക സ്വാഭാവികമാണ്.
ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും തമ്മിലുള്ള വ്യത്യാസം മനസിലാക്കിയാല്‍ ഈ ചോദ്യത്തിനുള്ള ഉത്തരവും ലഭിക്കും. ഓഹരികളില്‍ നിക്ഷേപിക്കുന്നതിന് സ്വന്തം നിലയിലുള്ള ഗവേഷണങ്ങളും കമ്പനികളെ കുറിച്ചുള്ള പഠനവും ആവശ്യമാണ്. അതുണ്ടെങ്കില്‍ മാത്രമേ മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കാന്‍ സാധിക്കൂ. ഓഹരികള്‍ ന്യായവിലയില്‍ ലഭിക്കുന്നതിനുള്ള അവസരത്തിനായി കാത്തിരിക്കുകയും വേണം. ന്യായവിലയില്‍ വാങ്ങിയ ഓഹരികള്‍ ചെലവേറിയ നിലയിലെത്തുമ്പോള്‍ ഘട്ടങ്ങളായി ലാഭമെടുക്കുകയാണ് നിക്ഷേപകര്‍ ചെയ്യാറുള്ളത്.
അതേസമയം ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കുന്നതിന് സ്വന്തം നിലയിലുള്ള ഗവേഷണവും പഠനവും നടത്തുന്നതിനുള്ള കഴിവോ സമയമോ ഇല്ലാത്തവരാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന്റെ വഴി തിരഞ്ഞെടുക്കുന്നത്. ഒരു ഫണ്ട് മാനേജറുടെ വൈദഗ്ധ്യം ഉപയോഗിച്ച് മികച്ച ഓഹരികളുടെ പോര്‍ട്ഫോളിയോ രൂപീകരിച്ചാണ് മ്യൂച്വല്‍ ഫണ്ടുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഓഹരി നിക്ഷേപത്തില്‍ നിന്നും വ്യത്യസ്തമായി സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) വഴി നിക്ഷേപിക്കുന്നതാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗം. വിപണി കാലാവസ്ഥ ഏതായിരുന്നാലും സ്ഥിരമായ ഒരു തുക സ്ഥിരമായി നിക്ഷേപിക്കുന്നതിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം വളര്‍ത്തുന്നതിന് നിക്ഷേപകര്‍ക്ക് സാധിക്കുന്നു. അതേസമയം ഓഹരികളില്‍ നിക്ഷേപിക്കുന്നവരെ പോലെ എസ്ഐപി വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ ലാഭമെടുക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല. കാരണം രണ്ടും വ്യത്യസ്തമായ നിക്ഷേപരീതിയാണെന്നതാണ് കാരണം. മികച്ച ഓഹരികള്‍ കൈവശം വെച്ചും പ്രകടനം ദുര്‍ബലമാകാന്‍ സാധ്യതയുള്ള ഓഹരികള്‍ വിറ്റും ഫണ്ട് കൈകാര്യം ചെയ്യുന്ന മാനേജറുടെ പാത പിന്തുടരുന്ന മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപ കാലയളവിന് അനുസരിച്ച് നിക്ഷേപം തുടരുകയാണ് ചെയ്യേണ്ടത്.
റിസ്‌ക് കുറയ്ക്കുന്നതിനായി ചെലവ് കൂടിയ ഓഹരികളില്‍ നിന്ന് ചെലവ് കുറഞ്ഞ ഓഹരികളിലേക്ക് നിക്ഷേപകര്‍ പുനര്‍നിക്ഷേപം നടത്താറുണ്ട്.ചെലവ് കൂടിയ ഓഹരികളില്‍ തിരുത്തലിനുള്ള സാധ്യത കൂടുതലായതിനാല്‍ ദീര്‍ഘകാല നേട്ടം മുന്നില്‍ കണ്ട് ചെലവ് കുറഞ്ഞ ഓഹരികള്‍ക്ക് പോര്‍ട്ഫോളിയോയില്‍ ഉയര്‍ന്ന വെയിറ്റേജ് നല്‍കുന്നതും സാധാരണമാണ്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇതെല്ലാം ഫണ്ട് മാനേജര്‍ ചെയ്യുന്നുണ്ട്. ലാഭമെടുക്കേണ്ട ഓഹരികള്‍ ഏതാണെന്നും കൂടുതല്‍ വാങ്ങേണ്ട ഓഹരികള്‍ എതാണെന്നും ഫണ്ട് മാനേജരാണ് തീരുമാനിക്കുന്നത്. യഥാര്‍ത്ഥത്തില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ നിക്ഷേപം നടത്തുന്നതിനും ലാഭമെടുപ്പിനുമുള്ള ജോലി ഫണ്ട് മാനേജരെ ഏല്‍പ്പിച്ചിരിക്കുകയാണ്.
എസ്ഐപി വഴി നിക്ഷേപം നടത്തുന്നവര്‍ക്ക് ചില ലക്ഷ്യങ്ങളുണ്ടാകും. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കേണ്ട സമയമാകുമ്പോള്‍ നിക്ഷേപം പിന്‍വലിക്കുക എന്നതാണ് അവര്‍ ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ ഓഹരികളില്‍ ഇടയ്ക്കിടെ ലാഭമെടുക്കുന്നതു പോലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ ലാഭമെടുക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതില്ല.



















