വയനാട് ബാണാസുര വനത്തിലെ ഭാസ്‌കരന്‍പാറയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റ് തമിഴ്‌നാട് സ്വദേശി മുരുകനെന്ന് സൂചന. മൂന്നു പേരാണ് സംഘത്തിലുണ്ടായിരുന്നത്. കൂട്ടത്തിലെ മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് പൊലീസ് പറയുന്നു. രാവിലെ 8.30നും ഒന്‍പതിനും ഇടയിലാണ് വെടിവെപ്പുണ്ടായത്. മീന്‍മുട്ടി വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് ഈ സമയത്ത് വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പറയുന്നു.
ബാണാസുര വനത്തില്‍ പട്രോളിങ്ങിനിറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘവുമായാണ് മാവോവാദികള്‍ ഏറ്റുമുട്ടിയതെന്ന് പൊലീസ് അവകാശപ്പെടുന്നു. ആക്രമിക്കാന്‍ മാവോവാദികള്‍ ഉപയോഗിച്ചെന്ന് പറയുന്ന ഒരു തോക്കിന്റെ ചിത്രം പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഇരട്ടക്കുഴല്‍ തോക്കിന്റെ ചിത്രമാണ് പൊലീസ് പുറത്ത് വിട്ടത്. മാവോവാദി ലഘുലേഖകളും പ്രദേശത്ത് നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
















