വയനാട് ജില്ലയുടെ സമഗ്രവികസനത്തിന് 7000 കോടി രൂപയുടെ പാക്കേജ്

waya

 

രാജ്യം രൂക്ഷമായ കാര്‍ഷിക പ്രതിസന്ധിയില്‍ വലയുന്ന സാഹചര്യത്തില്‍ കാര്‍ഷിക വിളകളുടെ നാടായ വയനാട് ജില്ലയുടെ സമഗ്രവികസനത്തിന് ഒരു പരിപാടി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുകയാണ്. ഈ പാക്കേജിന്റെ മര്‍മ്മം പ്രധാന വിളയായ കാപ്പിയില്‍ നിന്നുള്ള വരുമാനം അഞ്ചു വര്‍ഷംകൊണ്ട് ഇരട്ടിയാക്കുകയാണ്. ഇതോടൊപ്പം കുരുമുളക്, വാഴ, ഇഞ്ചി, തേയില തുടങ്ങിയ വിളകളുടെ അഭിവൃദ്ധിക്കും സ്‌കീമുകളുണ്ട്. ടൂറിസമാണ് മറ്റൊരു സുപ്രധാന വികസന മേഖല. യാത്രാക്ലേശം പരിഹരിക്കുകയും വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങള്‍ മികവുറ്റതാക്കുകയും ചെയ്യും. പരിസ്ഥിതി സന്തുലനാവസ്ഥ സംരക്ഷിച്ചുകൊണ്ട് ജനങ്ങളുടെ ജീവിതനിലവാരം ആസൂത്രിതമായി ഉയര്‍ത്തും. ഇതിനായുള്ള പദ്ധതികളാണ് താഴെ പറയുന്നത്.

വയനാട് കാപ്പി

ഇന്ന് കാപ്പിപ്പൊടിയുടെ ചില്ലറ വിലയുടെ പത്തുശതമാനം മാത്രമാണ് വയനാട്ടിലെ കാപ്പിക്കുരു കൃഷിക്കാര്‍ക്കു ലഭിക്കുന്നത്. ഇത് 20 ശതമാനമായെങ്കിലും ഉയര്‍ത്താനാവണം. ഇതിന് വയനാട്ടിലെ കാപ്പിപ്പൊടി ”വയനാട് കാപ്പി” എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഇതിന് കല്‍പ്പറ്റയില്‍ കിഫ്ബി ധനസഹായത്തോടെയുള്ള 150 കോടി രൂപയുടെ കിന്‍ഫ്രാ മെഗാ ഫുഡ് പാര്‍ക്ക് സ്ഥാപിക്കും. 2019ല്‍ തറക്കല്ലിട്ട പാര്‍ക്കിന്റെ ഡി.പി.ആര്‍ തയ്യാറായിട്ടുണ്ട്. അത് ഈ ചടങ്ങില്‍ വച്ച് വ്യവസായ മന്ത്രി പ്രകാശനം ചെയ്യും. കാപ്പിപ്പൊടി ഉല്‍പ്പാദനത്തിന് ഏറ്റവും ആധുനികമായ പ്ലാന്റ് ഇവിടെയുണ്ടാകും. അതോടൊപ്പം ചക്ക തുടങ്ങിയ മറ്റു കാര്‍ഷിക വിഭവങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള പൊതുസംസ്‌ക്കരണ സംവിധാനങ്ങളുമുണ്ടാകും. സ്വകാര്യ സംരംഭകര്‍ക്ക് കാര്‍ഷിക സംസ്‌കരണ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള വര്‍ക്ക്ഷെഡ്ഡുകളും പ്ലോട്ടുകളും പാര്‍ക്കില്‍ ലഭ്യമായിരിക്കും. 2022 അവസാനത്തോടെ പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

കൃഷിക്കാര്‍ക്ക് ഉയര്‍ന്ന വില ലഭ്യമാക്കുന്നതിന് പാര്‍ക്ക് പൂര്‍ത്തിയാക്കുന്നതുവരെ കാത്തിരിക്കാനാവില്ല. വയനാട് ബ്രാന്‍ഡ് കാപ്പിപ്പൊടി ഉല്‍പ്പാദനം ഇപ്പോള്‍ തന്നെ ആരംഭിക്കുകയാണ്. നിര്‍ദ്ദിഷ്ട ഗുണനിലവാരത്തിലുള്ള കാപ്പിക്കുരുവിന് കിലോയ്ക്ക് 90 രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇത് നിലവിലുള്ള കമ്പോള വിലയേക്കാള്‍ 50 ശതമാനം ഉയര്‍ന്നതാണ്.

കോഫി പാര്‍ക്ക് പൂര്‍ത്തിയാകുന്നതുവരെ ബ്രഹ്‌മഗിരി സൊസൈറ്റിയുടെ കാപ്പിപ്പൊടി പ്ലാന്റില്‍ ഉല്‍പ്പാദനം ആരംഭിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഈ പ്ലാന്റ് വിപുലപ്പെടുത്തുന്നതിന് 5 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. വയനാട് കാപ്പിയുടെ വിപണനത്തിനായി അടിയന്തരമായി 500 ഓഫീസ് വെന്‍ഡിംഗ് മെഷീനുകളും 100 കിയോസ്‌കുകളും കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്നതാണ്. ഇതിന് 20 കോടി രൂപ കുടുംബശ്രീക്ക് അനുവദിച്ചിട്ടുണ്ട്. 500 സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും വയനാട് കാപ്പിയുടെ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്നതാണ്. കാപ്പിക്കുരു സംഭരണത്തിന് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ ഇന്ന് വയനാട് ജില്ലയുടെ ഒരു ചിരകാലാഭിലാഷം യാഥാര്‍ത്ഥ്യമാവുകയാണ്.

കാര്‍ബണ്‍ ന്യൂട്രല്‍ വയനാട്

കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് കുന്നുകളില്‍ വിളയുന്ന കാപ്പിപ്പൊടി എന്നതായിരിക്കും വയനാട് കാപ്പിപ്പൊടിയുടെ ആഗോള ബ്രാന്‍ഡിംഗിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ജില്ലയിലെ കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറയ്ക്കുന്നതിനും അവശേഷിക്കുന്ന കാര്‍ബണ്‍ വാതകങ്ങള്‍ വലിച്ചെടുക്കുന്നതിനും ആവശ്യമായത്ര മരങ്ങള്‍ നടുന്നതിനും ഒരു പദ്ധതി ആവിഷ്‌കരിക്കും. ഇതിനുള്ള പദ്ധതി പ്രഖ്യാപിക്കുകയാണ്.

1) വയനാട് ജില്ലയിലെ വിവിധ മേഖലകളുടെ കാര്‍ബണ്‍ ബഹിര്‍ഗമനം സംബന്ധിച്ച് പ്രാഥമിക പഠനം പൂര്‍ത്തിയായിട്ടുണ്ട്. ഇതു പരിഷ്‌കരിച്ച് അവസാനരൂപം നല്‍കും. ഓരോ തദ്ദേശഭരണ സ്ഥാപനത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക വിലയിരുത്തലുകളും തയ്യാറാക്കുന്നതാണ്.

2) ഊര്‍ജ്ജ ദുര്‍വ്യയം ഒഴിവാക്കുന്നതിനും കാര്‍ബണ്‍ മലിനീകരണം കുറയ്ക്കുന്നതിനും തദ്ദേശഭരണ പദ്ധതികളുടെ ഭാഗമായി പ്രത്യേക ഘടകപദ്ധതികള്‍ തയ്യാറാക്കുന്നതാണ്. അഞ്ചു വര്‍ഷംകൊണ്ട് ഓരോ പ്രദേശത്തെയും കാര്‍ബണ്‍ മലിനീകരണം പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം.

3) ഇപ്പോള്‍ ജില്ലയിലെ കാര്‍ബണ്‍ എമിഷന്‍ 15 ലക്ഷം ടണ്ണാണെന്നാണ് മതിപ്പു കണക്ക്. ഇതില്‍ 13 ലക്ഷം ടണ്‍ കാര്‍ബണ്‍ ആഗിരണം ചെയ്യാന്‍ നിലവിലുള്ള മരങ്ങള്‍ക്കു കഴിയും. ബാക്കിയുള്ള കാര്‍ബണ്‍ ന്യൂട്രലൈസ് ചെയ്യാന്‍ 6500 ഹെക്ടര്‍ ഭൂമിയില്‍ മുളയും 70 ലക്ഷം മരങ്ങളും നട്ടുപിടിപ്പിക്കണം. മരം നടുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് മീനങ്ങാടി മാതൃകയില്‍ ട്രീ ബാങ്കിംഗ് നടപ്പിലാക്കാം. മരം വച്ചുപിടിപ്പിക്കുന്ന കൃഷിക്കാര്‍ക്ക് മരം വെട്ടുമ്പോള്‍ വായ്പ തിരിച്ചടച്ചാല്‍ മതിയെന്ന അടിസ്ഥാനത്തില്‍ ആന്വിറ്റി വായ്പയായി മരം ഒന്നിന് 50 രൂപ വീതം നല്‍കുന്നതാണ് പദ്ധതി. കിഫ്ബിയുടെ ഗ്രീന്‍ ബോണ്ടുകളില്‍ നിന്നും ഇത്തരത്തില്‍ വായ്പ നല്‍കുന്നതിന് ബാങ്കുകള്‍ക്ക് ധനസഹായം നല്‍കാന്‍ കഴിയും.

4) മരങ്ങള്‍ നടുന്നതിന് ജിയോടാഗ് നല്‍കുന്നതടക്കമുള്ള ഡോക്യുമെന്റേഷനുകള്‍ കൃത്യമായി നടത്തി അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ കാര്‍ബണ്‍ ക്രെഡിറ്റ് നേടുന്നതിനുള്ള സംവിധാനമൊരുക്കും.

പ്രാദേശിക കാര്‍ഷിക കാലാവസ്ഥാ ഘടകങ്ങള്‍ കണക്കിലെടുത്ത് കാപ്പിത്തോട്ടങ്ങളെ തരംതിരിക്കുകയും ശാസ്ത്രീയ പരിപാലനം ഉറപ്പവരുത്തുകയും ചെയ്യും. അതിന്റെ അടിസ്ഥാനത്തിലുള്ള തരംതിരിവ് ടാഗോടെ പ്രാദേശിക സംഭരണ കേന്ദ്രങ്ങളില്‍ എത്തിക്കണം. ഇതിനുള്ള ചുമതല കൃഷിക്കാരുടെ സഹകരണ സംഘങ്ങള്‍ക്കും പ്രൊഡ്യൂസര്‍ കമ്പനികള്‍ക്കുമായിരിക്കും. കാപ്പിക്കുരു വാങ്ങുമ്പോള്‍ത്തന്നെ ന്യായവില കൃഷിക്കാരുടെ അക്കൗണ്ടിലേക്കു നല്‍കും.

ജില്ലയില്‍ 65000 ഹെക്ടര്‍ സ്ഥലത്താണ് കാപ്പികൃഷിയുള്ളത്. പകുതിയിലധികവും 50 വര്‍ഷത്തിലേറെ പഴക്കമുള്ള തോട്ടങ്ങളാണ്. പുതുകൃഷിയിറക്കുകയും ശാസ്ത്രീയ കൃഷി രീതികളിലൂടെ ഉല്‍പ്പാദനക്ഷമത ഗണ്യമായി ഉയര്‍ത്തുകയും വേണം. റീ-പ്ലാന്റിംഗിന് പലിശ സബ്സിഡിയോടുകൂടിയുള്ള വായ്പാ പദ്ധതി നടപ്പിലാക്കും.

Also read:  സര്‍ക്കാര്‍ ആശുപത്രി പരിസരത്ത് സ്വകാര്യ പ്രാക്ടീസ് അനുവദിക്കില്ല; ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി : മന്ത്രി

മറ്റു കാര്‍ഷിക വിളകള്‍

അനിയന്ത്രിതമായ ഇറക്കുമതിമൂലം അടയ്ക്ക, കുരുമുളക്, ഏലം, തേയില തുടങ്ങിയ നാണ്യവിളകളുടെ വിലയില്‍ വലിയ അനിശ്ചിതത്വം ഉണ്ടാകുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നയം മൂലം ഉണ്ടാകുന്ന ഈ കാര്‍ഷിക തകര്‍ച്ചയില്‍ നിന്ന് കൃഷിക്കാരെ രക്ഷിക്കാനുള്ള ചുമതല കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തേ തീരൂ.

വയനാട്ടിലെ രണ്ടാമത്തെ പ്രധാന വിളയായ കുരുമുളകിനെ വിലയിടിവു മാത്രമല്ല, വള്ളിവാട്ട രോഗവും ചേര്‍ന്ന് തകര്‍ത്തിരിക്കുകയാണ്. കുരുമുളകിന്റെ പുനരുദ്ധാരണത്തിനു പ്രത്യേക കാര്‍ഷിക പദ്ധതി രൂപം നല്‍കുന്നതാണ്. പ്രതിവര്‍ഷം 10 കോടി രൂപ വീതം 50 കോടി രൂപ ഇതിനായി ചെലവഴിക്കും. കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായുള്ള പരിസ്ഥിതി പുനഃസ്ഥാപനം കുരുമുളകിന്റെ അഭിവൃദ്ധിക്ക് സഹായകരമാകും.

തേയിലയടക്കമുള്ള പ്ലാന്റേഷനുകളുടെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് കേരള സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഭൂപരിഷ്‌കരണ നിയമങ്ങള്‍ക്കു വിഘ്നം വരാത്ത രീതിയില്‍ മറ്റു ഫലവൃക്ഷങ്ങള്‍ വളര്‍ത്തുന്നതിന് അനുവാദം നല്‍കുക, ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുക, നികുതിയിളവുകള്‍ അനുവദിക്കുക, പ്ലാന്റേഷന്‍ മേഖലയില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള തടസ്സങ്ങള്‍ ഇല്ലാതാക്കുക തുടങ്ങിയവയാണ് ഈ പാക്കേജിലെ പ്രധാനകാര്യങ്ങള്‍. തോട്ടം തൊഴിലാളികള്‍ക്കുള്ള വയനാട്ടെ നിര്‍ദ്ദിഷ്ട പാര്‍പ്പിട സമുച്ചയങ്ങള്‍ 2021ല്‍ പൂര്‍ത്തീകരിക്കും.

16 ഇനം പച്ചക്കറികള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ചതിന്റെ ആദ്യ ഗുണഭോക്താക്കള്‍ വയനാട് ജില്ലയിലെ വാഴകൃഷിക്കാരായിരുന്നു. ഈ താങ്ങുവില സമ്പ്രദായം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്. ശീതകാല പച്ചക്കറി കൃഷിക്ക് പ്രത്യേക പ്രോത്സാഹനം നല്‍കും.

വയനാടിനെ പൂകൃഷിയ്ക്കുള്ള പ്രത്യേക അഗ്രിക്കള്‍ച്ചറര്‍ സോണായി തെരഞ്ഞെടുത്തിട്ടുണ്ട്. ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പൂകൃഷി സംഘടിപ്പിക്കും. അമ്മായിപ്പാലത്ത് ആര്‍.എ.ഡബ്ല്യു മാര്‍ക്കറ്റില്‍ പാക്ക്ഹൗസ് സ്ഥാപിക്കുന്നതാണ്. കാര്‍ഷിക സര്‍വ്വകലാശാല കേന്ദ്രത്തിലെ പുഷ്പപ്രദര്‍ശനം സംസ്ഥാനതല ഉത്സവമാക്കുന്നതാണ്.

ചക്ക പോലുള്ള മറ്റു കാര്‍ഷിക വിഭവങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്കു വേണ്ടിയും പദ്ധതിയുണ്ടാക്കും. ചക്കയുടെ പ്രാഥമിക സംസ്‌കരണം വിവിധ പഞ്ചായത്തുകളിലെ കേന്ദ്രങ്ങളില്‍ നടത്തി കുരുവും പഴവും കോഫി പാര്‍ക്കില്‍ എത്തിച്ച് അവിടെ ആധുനിക യന്ത്രസംവിധാന സഹായത്തോടെ ഉല്‍പ്പന്നങ്ങളായി മാറ്റും. ഇന്ന് ഏതാണ്ട് പൂര്‍ണ്ണമായി പാഴായിപ്പോകുന്ന ചക്കപ്പഴം ഒരു ഉപവരുമാന മാര്‍ഗ്ഗമായി മാറും.

ഭൗമസൂചിക ലഭിച്ചിട്ടുള്ള സുഗന്ധ നെല്‍കൃഷി പോലുള്ള നാടന്‍ നെല്ലിനങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കും. വയനാട്ടിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ബത്തേരി ആര്‍.എ.ഡബ്ല്യു മാര്‍ക്കറ്റിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി വിളവെടുപ്പാനന്തര സംസ്‌കരണത്തിനുശേഷം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി വയനാട് ഓര്‍ഗാനിക് എന്ന ലേബലില്‍ വിപണനം ചെയ്യുന്നതാണ്.

കാര്‍ഷിക മേഖലയ്ക്ക് പ്രതിവര്‍ഷം 75 കോടി രൂപ വീതം വയനാട് ജില്ലയ്ക്കുവേണ്ടി വകയിരുത്തും.

ജലസേചനം

കാരാപ്പുഴ ജലസേചന പദ്ധതിയാണ് ജില്ലയിലെ പ്രധാന വന്‍കിട പദ്ധതി. 1978ല്‍ ആരംഭിച്ച ഈ സ്‌കീം സമഗ്രവിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ പണം വകയിരുത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതാണ്. അന്തര്‍സംസ്ഥാന നദീജലവുമായി ബന്ധപ്പെട്ട കബനി, കാവേരി തടങ്ങളിലെ ഇടത്തരം ജലസംരക്ഷ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.

ഇതിനുപുറമേ ഒട്ടേറെ ചെറുകിട ചെക്ക് ഡാമുകളും മണ്ണുജല സംരക്ഷണ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ നിലവിലുണ്ട്. ജില്ലയുടെ വടക്കന്‍ മേഖലയിലെ കബനീതടം കൂടുതല്‍ ഊഷരമായി തീരുന്നതിനെ പ്രതിരോധിക്കുന്നതിന് നീര്‍ത്തടാസൂത്രണം വളരെ പ്രധാന
മാണ്. ജലസേചനത്തിനും മണ്ണുജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രതിവര്‍ഷം 50 കോടി രൂപ വീതം ചെലവഴിക്കുന്നതാണ്.

മൃഗസംരക്ഷണം

പൂക്കോട്ടെ വെറ്ററിനറി സര്‍വ്വകലാശാല കേന്ദ്രം വിപുലീകരിക്കും. ഇതുമായി ബന്ധപ്പെടുത്തിക്കൊണ്ട് മൃഗപരിപാലന മേഖലയെ പുഷ്ടിപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതാണ്. പശു, ആട്, കോഴി എന്നിവയുടെ പ്രോത്സാഹനത്തിനുള്ള സ്‌കീമുകളില്‍ നിന്ന് കൂടുതല്‍ വകയിരുത്തല്‍ ജില്ലയ്ക്ക് ഉറപ്പുവരുത്തും. മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് ജില്ലയ്ക്കുവേണ്ടി വര്‍ഷംതോറും 20 കോടി രൂപ വകയിരുത്തും.

ടൂറിസം

ജൈവവൈവിധ്യ വര്‍ദ്ധനയും മരവല്‍ക്കരണവും ഇക്കോ ടൂറിസത്തിന് പ്രോത്സാഹനമാകും. ക്യാമ്പിംഗ് ഗ്രൗണ്ടുകള്‍, വഴിയോര ഭക്ഷണശാലകള്‍ തുടങ്ങിയവ ഉറപ്പുവരുത്തിക്കൊണ്ടുള്ള ട്രക്കിംഗ് ട്രെയിലുകള്‍ക്ക് രൂപം നല്‍കും. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടും കാലാവസ്ഥ വ്യതിയാനത്തിന് രാജ്യത്തിനാകെ മാതൃകയാവുന്ന പ്രതിരോധം ഉയര്‍ത്തിക്കൊണ്ടും ജനങ്ങളുടെ വരുമാനത്തില്‍ എടുത്തുചാട്ടം സൃഷ്ടിക്കാനാകുമെന്ന് വയനാട് തെളിയിക്കാന്‍ പോവുകയാണ്.

ബാണാസുരസാഗര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹൈഡല്‍ ടൂറിസം സെന്റര്‍ വിപുലപ്പെടുത്തും. പരിസ്ഥിതിക്ക് ഇണങ്ങുംവിധം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി 50 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. ഇളമ്പിലേരി സാഹസിക ടൂറിസം കേന്ദ്രം, ആറാട്ടുപാറമടയിലെ ട്രക്കിംഗ് കേന്ദ്രം, കുറുമ്പാലക്കോട്ട വികസനം എന്നിവയാണ് പരിഗണനയിലുള്ള മറ്റുചില ടൂറിസം പദ്ധതികള്‍. തലശ്ശേരി ടൂറിസം സര്‍ക്യൂട്ടില്‍ വയനാടിനെയും ഉള്‍പ്പെടുത്തുന്നുണ്ട്. പ്രതിവര്‍ഷം 20 കോടി രൂപയെങ്കിലും ടൂറിസം വികസനത്തിനായി വകയിരുത്തും.

റോഡുകളും പാലങ്ങളും

കനത്ത പ്രളയ നാശനഷ്ടങ്ങള്‍ക്ക് ഇരയായ മലയോര മേഖലകള്‍ക്ക് റീബില്‍ഡ് പദ്ധതിയില്‍ സവിശേഷ പരിഗണന നല്‍കിയിട്ടുണ്ട്. 255 കോടി രൂപയുടെ റോഡുകള്‍ക്കാണ് അനുവാദം നല്‍കിയിട്ടുള്ളത്.

പൊതുമരാമത്ത് വകുപ്പ് 286 കോടി രൂപയുടെ റോഡുകളാണ് ഇപ്പോള്‍ വയനാട് ജില്ലയില്‍ ഏറ്റെടുത്തിട്ടുള്ളത്. പ്രതിവര്‍ഷം 100 കോടി രൂപയെങ്കിലും വിവിധ പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി വിനിയോഗിക്കും.

കിഫ്ബിയില്‍ നിന്ന് 780 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് ജില്ലയില്‍ നടക്കുന്നത്. അവയില്‍ ഏറ്റവും വലുത് 114 കോടി രൂപയുടെ മലയോര ഹൈവേയാണ്. ഇതിനു പുറമേ ഏതാണ്ട് 1000 കോടി രൂപ ചെലവു വരുന്ന വയനാട് തുരങ്കപ്പാതയുടെ പാരിസ്ഥിതിക പഠനം നടക്കുകയാണ്. ഡിപിആര്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. തുരങ്കപ്പാതയുടെ നിര്‍മ്മാണം 2021-22ല്‍ ആരംഭിക്കും. വയനാട് ബന്ദിപ്പൂര്‍ എലവേറ്റഡ് ഹൈവേയ്ക്ക് അനുമതി ലഭിച്ചാല്‍ അതിന്റെ ചെലവില്‍ ഒരു ഭാഗം കേരളം വഹിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കിഫ്ബിയുടെ പരിഗണനയിലുള്ള നിര്‍മ്മാണ പ്രവൃത്തികള്‍കൂടി ഉള്‍പ്പെടുത്തിയാല്‍ 2000 കോടിയുടെ നിക്ഷേപമാണ് ജില്ലയില്‍ ഉണ്ടാവുക.

Also read:  തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട്ടില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള 112 ബൂത്തുകള്‍; സുരക്ഷ ശക്തമാക്കും

റെയില്‍വേ

കൊങ്കണ്‍ റെയില്‍വേ തലശ്ശേരി നിലമ്പൂര്‍ റെയില്‍ പാതയുടെ പഠനം ഏതാണ്ട് പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലമ്പൂര്‍ – നഞ്ചങ്കോട് റെയില്‍പാതയുടെ ഡിപിആര്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം കെആര്‍ഡിസി ഏറ്റെടുത്തിട്ടുണ്ട്. ഈ രണ്ട് റെയില്‍ പാതകളുടെയും നിര്‍മ്മാണം കേന്ദ്രാനുമതി വാങ്ങി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദ്യാഭ്യാസവും ആരോഗ്യവും

വയനാടുകാരുടെ ദീര്‍ഘകാല അഭിലാഷമാണ് മെഡിക്കല്‍ കോളേജ് എന്നത്. 2021-22ല്‍ അത് യാഥാര്‍ത്ഥ്യമാകും. ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്‌കീമിനെ ഉപയോഗപ്പെടുത്തുന്നതിനായി മാനന്തവാടി ജില്ലാ ആശുപത്രിയെ തെരഞ്ഞെടുത്തിരിക്കുകയാണ്. അനിവാര്യമായ 150 ഓളം അധ്യാപക തസ്തികകള്‍ കഴിഞ്ഞ കാബിനറ്റ് അംഗീകരിച്ചു. ബാക്കിയുള്ള തസ്തികകളും ഉടന്‍ സൃഷ്ടിക്കും. മെഡിക്കല്‍ കോളേജ് ആസ്ഥാനം പിന്നീട് തീരുമാനിക്കും. കിഫ്ബിയില്‍ നിന്ന് 300 കോടി രൂപ ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് നിര്‍മ്മാണ ചെലവ് 600 കോടി രൂപയെങ്കിലും വരുമെന്നാണ് കണക്കാക്കുന്നത്. പുതിയ മെഡിക്കല്‍ കോളേജിന്റെ ഭാഗമായി സിക്കിള്‍സെല്‍ തുടങ്ങിയ ജനിതക രോഗങ്ങളെ പഠിക്കുന്നതിനുവേണ്ടി ഹീമോ ഗ്ലോബിനോപ്പതി റിസര്‍ച്ച് & കെയര്‍ സെന്റര്‍ സ്ഥാപിക്കുന്നതാണ്. 100 കോടി രൂപ മുടക്കി താലൂക്ക് ആശുപത്രികള്‍ നവീകരിക്കും.

കിഫ്ബിയില്‍ നിന്നും 46 സ്‌കൂള്‍ കെട്ടിടങ്ങള്‍ 84 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്നു. മറ്റ് 42 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്നും 42 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.

പഴശ്ശി ട്രൈബല്‍ കോളേജ് ആരംഭിക്കും. കാര്‍ഷിക സര്‍വ്വകലാശാല, വെറ്ററിനറി സര്‍വ്വകലാശാല എന്നിവയുടെ കേന്ദ്രങ്ങള്‍ വിപുലീകരിക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ചെതലയത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. വയനാട്ടെ കോളേജുകളില്‍ കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കും.

കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ മാനന്തവാടി കാമ്പസ്, അക്കാദമിക് ബ്ലോക്ക്-കം-റിസര്‍ച്ച് സെന്റര്‍, പശ്ചിമഘട്ട ട്രോപ്പിക്കല്‍ ബയോ ഡൈവേഴ്സിറ്റി സ്റ്റഡി സെന്റര്‍, ഇന്റര്‍ ഡിസിപ്ലിനറി ഇന്റര്‍വെന്‍ഷന്‍ ഇന്‍ എസ് & റ്റി എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള അപ്ലൈഡ് സയന്‍സ് കോളേജിന് രണ്ടുനിലകൂടി നിര്‍മ്മിക്കുന്നതാണ്. കല്‍പ്പറ്റ, മാനന്തവാടി ഗവണ്‍മെന്റ് കോളേജുകളും മീനങ്ങാടി, മാനന്തവാടി പോളിടെക്നിക്കുകളും 21 കോടി രൂപ കിഫ്ബിയില്‍ നിന്ന് ചെലവഴിച്ച് നവീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇവയ്ക്കു പുറമെ വിദ്യാഭ്യാസ മേഖലയില്‍ പ്രതിവര്‍ഷം 20 കോടി രൂപ ചെലവഴിക്കും.

കുടിവെള്ളം

കിഫ്ബിയില്‍ നിന്നും മാനന്തവാടി, ഇടവക, നല്ലൂര്‍നാട് വില്ലേജുകളുടെ 18 കോടി രൂപയുടെ കുടിവെള്ള വിതരണ ശൃംഖല പൂര്‍ത്തിയായിക്കഴിഞ്ഞു. കോഴിക്കോട് സര്‍ക്കിളിലെ വിതരണ ലൈനുകള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള 39 കോടി രൂപയുടെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. വാട്ടര്‍ അതോറിറ്റി 600 കോടി രൂപയുടെ കുടിവെള്ള പദ്ധതികളാണ് വയനാട് ജില്ലയില്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്. ജല്‍ജീവന്‍ മിഷന്‍ ഊര്‍ജ്ജിതമായി നടപ്പാക്കും.

വൈദ്യുതി

നിലവില്‍ വയനാട്ടിലെ വൈദ്യുതി പ്രസരണ ശൃംഖല പ്രധാനമായും 66 കെവിയിലാണ് പ്രവര്‍ത്തിക്കുന്നത്. 100 കോടി രൂപ ചെലവഴിച്ച് ഇത് 110 കെവിയിലേയ്ക്ക് മാറ്റി ശക്തിപ്പെ
ടുത്തും.

വയനാടിലെ 400 കെവി ശ്രംഖലയില്‍ ഉള്‍പ്പെടുത്തുന്നതിന് ഗ്രീന്‍ കോറിഡോര്‍ പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി മാനന്തവാടിക്കടുത്ത് പയ്യമ്പള്ളിയില്‍ 400 കെവി സബ്സ്റ്റേഷനും അവിടെ നിന്ന് കാസര്‍ഗോഡേയ്ക്ക് 400 കെവി ലൈനും നിര്‍മ്മിക്കും. 850 കോടി രൂപ
യാണ് പദ്ധതിച്ചെലവ്.

ആദിവാസി വികസനം

നാളിതുവരെയുള്ള പട്ടികവര്‍ഗ്ഗ വികസന പ്രവര്‍ത്തനങ്ങള്‍ ആദിവാസികളുടെ പിന്നോക്കാവസ്ഥ ദൂരീകരിച്ചിട്ടില്ല. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും പട്ടികവര്‍ഗ്ഗ ഉപപദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച് സമഗ്രമായ അവലോകനം തെരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ നടപ്പാക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പതിനാറാം പഞ്ചവത്സര പദ്ധതി തയ്യാറാക്കുക.

പാര്‍പ്പിട നിര്‍മ്മാണം, സ്ത്രീകളുടെ ശാക്തീകരണം, ഊരുകൂട്ട സംഘാടനം തുടങ്ങിയവയില്‍ അഹാഡ്സിന്റെ അനുഭവത്തില്‍നിന്നും ഏറെ പഠിക്കാനുണ്ട്. 2020-21ല്‍ ലൈഫ് മിഷനില്‍ നിന്നും 5000 വീടുകളെങ്കിലും വയനാട് നിര്‍മ്മിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

ബജറ്റില്‍ പ്രഖ്യാപിച്ച ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന മൈക്രോ പ്ലാന്‍ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ വയനാട്ടെ ആദിവാസികളായിരിക്കും. കുടുംബ പ്ലാനുകള്‍ തയ്യാറാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പല്‍ തലത്തില്‍ രൂപീകരിക്കുന്ന റിസോഴ്സ് പേഴ്സണ്‍സ് ടീമുകള്‍ക്ക് രൂപം നല്‍കും. ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് നിലവിലുള്ള സ്‌കീമുകളെ പരമാവധി പ്ലാനുകളില്‍ സംയോജിപ്പിക്കും. ഉദാഹരണത്തിന് പരമദരിദ്രരുടെ ഒരു മുഖ്യപ്രശ്നം പാര്‍പ്പിടമാണ്. ഭൂമി ഉണ്ടാകണമെന്നില്ല. നിശ്ചയമായും അവര്‍ ലൈഫ് മിഷന്റെ ലിസ്റ്റില്‍ വന്നിരിക്കും. ഇല്ലെങ്കില്‍ ബദല്‍മാര്‍ഗ്ഗം കണ്ടെത്തും. ഇതുപോലെ വിദ്യാഭ്യാസ, ആരോഗ്യ, തൊഴിലാദി കാര്യങ്ങളിലെല്ലാം നിലവിലുള്ള സ്‌കീമുകളെ ഉപയോഗപ്പെടുത്തിയാണ് പ്ലാന്‍ ഉണ്ടാക്കുക. പ്രത്യേകമായി നിര്‍ദ്ദേശങ്ങള്‍ക്കും രൂപം നല്‍കാം. ജോലി ചെയ്യുന്നതിനും വരുമാനം ആര്‍ജ്ജിക്കുന്നതിനും നിവര്‍ത്തിയില്ലാത്ത കുടുംബങ്ങള്‍ക്ക് ഇന്‍കം ട്രാന്‍സ്ഫറായി മാസംതോറും സഹായം നല്‍കുന്നതിനും അനുവാദവും ഉണ്ടാകും. അധിക ചെലവിന്റെ പകുതി തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഹിക്കണം. ബാക്കി കുടുംബശ്രീ വഴി സര്‍ക്കാര്‍ ലഭ്യമാക്കും.

Also read:  സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇതിനു പുറമേ ഊരുകളില്‍ മിനിമം പൊതുസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനു പ്രത്യേക ഏര്യാ പ്ലാനുകള്‍ തയ്യാറാക്കുന്നതാണ്. ഇതിനുവേണ്ടി മൂന്നുതട്ട് തദ്ദേശഭരണ സ്ഥാപനങ്ങളുടെയും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും സ്‌കീമുകളെ സംയോജിപ്പിക്കും.

എല്ലാ ആദിവാസി ഊരുകളിലും അവരുടെ സ്വാശ്രയ സംഘങ്ങള്‍ക്ക് റേഷന്‍കടകള്‍ അനുവദിക്കും. അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം ഉറപ്പാക്കും. ആദിവാസി സ്വാശ്രയ സംഘങ്ങളെക്കൊണ്ട് അവരുടെ ഇഷ്ട ധാന്യങ്ങളായ റാഗി, തിന തുടങ്ങിയവ കൃഷി ചെയ്യിപ്പിച്ച് അവ സര്‍ക്കാര്‍തലത്തില്‍ സംഭരിച്ച് റേഷന്‍കടകള്‍ വഴി വിതരണം ചെയ്യും.

പട്ടികജാതി-പട്ടികവര്‍ഗ്ഗ ഫണ്ടില്‍ നിന്ന് പ്രതിവര്‍ഷം 150 കോടി രൂപയെങ്കിലും ജില്ലയില്‍ ചെലവഴിക്കുന്നതാണ്.

കുടുംബശ്രീ

ആദിവാസി വികസനത്തിനും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള സുപ്രധാന ഏജന്‍സിയാണ് കുടുംബശ്രീ. കുടുംബശ്രീ വഴിയുള്ള വിവിധ വായ്പാ പദ്ധതികളിലൂടെ 500 കോടി രൂപയെങ്കിലും അധികമായി സാധാരണക്കാര്‍ക്കു ലഭ്യമാക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയ്ക്കുന്നതിനുവേണ്ടിയുള്ള ക്രൈം മാപ്പിംഗ് കാമ്പയിന്‍ ഏറ്റെടുക്കും.

തദ്ദേശഭരണ സ്ഥാപനങ്ങള്‍

കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി, നീര്‍ത്തടവികസനം, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, തൊഴിലവസരസൃഷ്ടി തുടങ്ങിയ നടപ്പാക്കുന്നതിന്റെ കേന്ദ്രബിന്ദു തദ്ദേശഭരണ സ്ഥാപനങ്ങളാണ്. 5000 പേര്‍ക്കെങ്കിലും കാര്‍ഷികേതര മേഖലയില്‍ ഓരോ വര്‍ഷവും തൊഴില്‍ നല്‍കുന്നതിനു ലക്ഷ്യമിടണം. ഇതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയാല്‍ ധനകാര്യസ്ഥാപനങ്ങളെ ജില്ലാതലത്തില്‍ ഏകോപിപ്പിച്ച് വായ്പ ഉറപ്പാക്കുന്നതിനു നടപടി സ്വീകരിക്കും.

വന സംരക്ഷണം

വയനാടിന്റെ ഭാവി വികസനത്തിന് വനങ്ങള്‍ സുപ്രധാന പങ്കുവഹിക്കും. പാരിസ്ഥിതിക സന്തുലനാവസ്ഥ മെച്ചപ്പെടുത്തിക്കൊണ്ട് ജനങ്ങളുടെ വരുമാനം ഉയര്‍ത്തുന്നതിനാണ് ഈ പാക്കേജിലൂടെ ശ്രമിച്ചത്. വനസംരക്ഷണം ഉറപ്പാക്കുമ്പോള്‍ ജനങ്ങളുടെ നിലവിലുള്ള ഉപജീവന മാര്‍ഗ്ഗങ്ങള്‍ക്ക് വിഘ്നമുണ്ടാകില്ലായെന്ന് ഉറപ്പുവരുത്തുക. ഇത്തരമൊരു പരിശോധനയുടെ അടിസ്ഥാനത്തിലേ ബഫര്‍സോണ്‍ നടപ്പാക്കൂ.

വനഭൂമിയിലെ യൂക്കാലിപ്റ്റ്സ്, അക്വേഷ്യ, പൈന്‍ തുടങ്ങിയ പുറം മരങ്ങള്‍ പിഴുതുമാറ്റി കാട്ടുമരങ്ങള്‍ വച്ചുപിടിപ്പിക്കും. ഇതുപോലെ പ്രകൃത്യാ സസ്യജാലങ്ങള്‍ക്ക് ഭീഷണിയായി പെരുകുന്ന പുറംകളളെ ഇല്ലാതാക്കും. ഉള്‍ക്കാടില്‍ താമസിക്കുന്നവര്‍ സന്നദ്ധരെങ്കില്‍ പുനരധിവസിപ്പിക്കും.

വന്യജീവി ആക്രമണങ്ങള്‍ കൃഷിക്കും ജനങ്ങളുടെ ജീവനും വലിയ ഭീഷണിയായിട്ടുണ്ട്. ഈ സംഘര്‍ഷം ലഘൂകരിക്കുന്നതിന് നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കും.

കിഫ്ബിയില്‍ നിന്ന് അനുവദിച്ചിട്ടുള്ള 100 കോടി രൂപ ഉപയോഗപ്പെടുത്തി ഇലക്ട്രിക് ഫെന്‍സിംഗ്, മതില്‍, കിടങ്ങ് തുടങ്ങിയ നടപടികള്‍ സ്വീകരിക്കും.

ഇതോടൊപ്പം ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെല്ലാം വിജയകരമായി പരീക്ഷിച്ചുവരുന്ന തേനിച്ച കൂടുകളുടെ ശൃംഖലയും പരീക്ഷിക്കുന്നതാണ്. കാട്ടാനകളുടെ ശല്യം കുറയ്ക്കുന്നതോടൊപ്പം ഇത് കൃഷിക്കാരുടെ വരുമാനവും വര്‍ദ്ധിപ്പിക്കും. മുത്തങ്ങയിലെ കുങ്കി എലിഫന്റ് സ്‌ക്വാഡ് ശക്തിപ്പെടുത്തും. വനസംരക്ഷണത്തിനു പ്രതിവര്‍ഷം 50 കോടി രൂപ വീതം ചെലവഴിക്കും.

ഉപസംഹാരം

വയനാട്ടെ ഏറ്റവും വലിയ നിക്ഷേപം കിഫ്ബിയില്‍ നിന്നാണ്- 2000 കോടി രൂപ. വൈദ്യുതിബോര്‍ഡ്- 1200 കോടി രൂപ, മെഡിക്കല്‍ കോളേജ്- 700 കോടി രൂപ, കുടിവെള്ളം- 600 കോടി രൂപ എന്നിവയാണ് മറ്റു പ്രധാനപ്പെട്ട വലിയ ചെലവിനങ്ങള്‍. ഇതിനു പുറമേ പ്രതിവര്‍ഷം കൃഷിയും അനുബന്ധ മേഖലകള്‍ക്കും 150 കോടി രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനത്തിന് 150 കോടി രൂപയും റോഡുകള്‍ക്ക് 100 കോടി രൂപയും വിദ്യാഭ്യാസം, ടൂറിസം, വനം തുടങ്ങി മറ്റു വികസന മേഖലകള്‍ക്ക് 100 കോടി രൂപ വീതവും ചെലവഴിക്കുന്നതാണ്. അങ്ങനെ അഞ്ചു വര്‍ഷംകൊണ്ട് 2500 കോടി രൂപ ജില്ലയില്‍ ചെലവഴിക്കും.

മൊത്തം വയനാട് പാക്കേജിന്റെ അടങ്കല്‍ 7000 കോടി രൂപ വരും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അടങ്കല്‍ ഇതിനു പുറമേയാണ്. ഇത്രയും വലിയ തുക ഏകോപിതമായും കാര്യക്ഷമമായും ചെലവഴിക്കാന്‍ കഴിഞ്ഞാല്‍ വയനാടിന്റെ മുഖച്ഛായ മാറും. മാസംതോറും ഈ പാക്കേജിന്റെ നടത്തിപ്പിനായി സ്പെഷ്യല്‍ ഓഫീസറെ നിയമിക്കുകയും മാസംതോറും അവലോകനം നടത്തുകയും ചെയ്യും.

വയനാട് ജില്ല ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് പര്യാപ്തമായ ഒരു പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാം. ദാരിദ്ര്യം തുടച്ചുമാറ്റാം. തൊഴിലില്ലായ്മ കുറയ്ക്കാം. അഞ്ചു വര്‍ഷത്തിനുള്ളില്‍ ജനങ്ങളുടെ വരുമാനം ഇരട്ടിയാകും. ഈ പാക്കേജ് നടപ്പിലാക്കുന്നതിന് സര്‍ക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും കക്ഷി-രാഷ്ട്രീയ ഭേദമന്യേ ജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വയനാട് ജില്ലയുടെ സമഗ്രമായ വികസനം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനും ജനങ്ങളുടെ എല്ലാവിധ ആശങ്കകളും ദൂരീകരിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വന്യജീവി സങ്കേതത്തിനു ചുറ്റും ജനവാസ മേഖലകളെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച് അവിടെ താമസിക്കുന്ന സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുത് എന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഇക്കാര്യം കത്തിലൂടെ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുമുണ്ട്. വയനാട് പാക്കേജ് നടപ്പാക്കുന്നതിനൊപ്പം, ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും

 

Around The Web

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »