വാഗമണ്ണില്‍ സിപിഐ നേതാവിന്റെ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി. നേതൃത്വം നല്‍കിയ ഒരു യുവതി ഉള്‍പ്പെടെ ഒന്‍പതുപേര്‍ അറസ്റ്റില്‍. തൊടുപുഴ അജ്മല്‍ (30), മലപ്പുറം മെഹര്‍ ഷെറിന്‍ (26), എടപ്പാള്‍ നബീല്‍ (36), കോഴിക്കോട് സല്‍മാന്‍ (38), അജയ് (41), ഷൗക്കത്ത് (36), കാസര്‍ഗോഡ് മുഹമ്മദ് റഷീദ് (31), ചാവക്കാട് നിഷാദ് (36), തൃപ്പുണിത്തുറ ബ്രസ്റ്റി വിശ്വാസ് (23) എന്നിവരാണ് അറസ്റ്റിലായത്.
വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് വാഗമണ്ണില്‍ ഒത്തുകൂടിയതെന്ന് എഎസ്പി എസ് സുരേഷ് കുമാര്‍ പറഞ്ഞു. പിറന്നാളാഘോഷം എന്ന പേരിലാണ് പാര്‍ട്ടി നടത്തിയത്. സമൂഹ മാധ്യമം വഴിയാണ് ഇവര്‍ ഒത്തുകൂടിയത്. മഹാരാഷ്ട്ര, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് ലഹരി എത്തിച്ചത്. ഇതിനുമുന്‍പും ഇവര്‍ ലഹരി പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
സിപിഐ പ്രാദേശിക നേതാവും മുന്‍ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റുമായ ഷാജി കുറ്റിക്കാടനാണ് റിസോര്‍ട്ട് ഉടമ.കൊച്ചി സ്വദേശി ഏണസ്റ്റാണ് റിസോര്‍ട്ട് ബുക്ക് ചെയ്തതെന്ന് ഷാജി കുറ്റിക്കാടന്‍ പറഞ്ഞു. മൂന്ന് മുറികള്‍ എടുത്തെന്നും എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ വന്നപ്പോള്‍ ചോദ്യം ചെയ്തിരുന്നുവെന്നും റിസോര്‍ട്ട് ഉടമ പറയുന്നു.
ഇന്നലെ രാത്രിയോടെയാണ് വാഗമണില്‍ നിശാ പാര്‍ട്ടി നടക്കുന്ന റിസോര്‍ട്ടില്‍ നിന്നും വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, കഞ്ചാവ്, ഹെറോയിന്‍ അടക്കമുള്ള ലഹരി മരുന്നുകളാണ് റെയ്ഡില്‍ പിടികൂടിയത്. 25 സ്ത്രീകളടക്കം 60 പേരാണ് ഇന്നലെ നടന്ന റെയ്ഡില്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
അന്വേഷണ ഉദ്യോഗസ്ഥന്‍ എ.എസ്.പി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ റിസോര്‍ട്ടില്‍ വീണ്ടും പരിശോധന നടത്തുന്നുണ്ട്. മയക്കുമരുന്ന് എവിടെ നിന്നാണ് എത്തിയതെന്ന് സംബന്ധിച്ച വിശദമായ അന്വേഷണമാണ് നടക്കുന്നത്.
അതേസമയം സിപിഐ ഏലപ്പാറ ലോക്കല്‍ സെക്രട്ടറി കൂടിയായ റിസോര്‍ട്ട് ഉടമ ഷാജിയുടെ പ്രവൃത്തി കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും സിപിഐയില്‍ നിന്ന് പുറത്താക്കുമെന്നും സിപിഐ ജില്ല സെക്രട്ടറി കെ.കെ ശിവരാമന്‍ വ്യക്തമാക്കി.