തുളസി പ്രസാദ്
ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള രാഷ്ട്രീയ നേതാവ് ആരെന്ന് ചോദിച്ചാല്‍ ഒരുത്തരമേ ഉണ്ടാവുകയുള്ളൂ. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ് അച്യുതാനന്ദന്‍. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനമനസുകളില്‍ ഇടം നേടിയ സഖാവ് വിഎസ് അച്യുതാനന്ദന്‍ ഇന്ന് 97 ന്റെ നിറവിലാണ്. കേരളത്തിലെ പ്രബല രാഷ്ട്രീയ പ്രസ്ഥാനമായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എന്നതിലുപരി വിഎസ് എന്ന രണ്ടക്ഷരം കേരള ജനതയ്ക്ക് ആവേശം പകരുന്നതിന് കാരണങ്ങള്‍ പലതാണ്.
നാടുവാഴിത്വത്തിനെതിരായ സമരങ്ങളില്‍ തുടങ്ങി തൊഴിലാളി വര്‍ഗത്തിനും പരിസ്ഥിതിക്കും കര്‍ഷകര്‍ക്കും സ്ത്രീ സമത്വത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ നേതാവാണ് വിഎസ് അച്യുതാനന്ദന്‍. പതിറ്റാണ്ടുകള്‍ പിന്നിട്ട തന്റെ രാഷ്ട്രീയ നാള്‍വഴികളില്‍ ഉയര്‍ച്ചയെയും താഴ്ച്ചയെയും ഒരുപോലെ നേരിട്ട നേതാവ്.
1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നിറങ്ങി, മാര്‍ക്കിസ്റ്റ് പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിന് നേതൃത്വം നല്‍കിയ 32 പേരില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരു നേതാവാണ് വിഎസ് അച്യുതാനന്ദന്‍. ഇ.കെ നായനാര്‍ക്ക് ശേഷം ഏറ്റവും ജനകീയനായ ഈ കമ്യൂണിസ്റ്റ് നേതാവ് രാഷ്ട്രീയ രംഗത്തും പാര്‍ലമെന്ററി രംഗത്തും വളരെയധികം സ്വീകാര്യത നേടിയ വ്യക്തിയാണ്. ഒരോ രാഷ്ട്രീയ വിഷയങ്ങളിലും ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ശബ്ദമുയര്‍ത്തുന്ന നേതാവ്. എന്നാല്‍ വിഎസിന്റെ അളന്നുമുറിച്ചുള്ള ചില നിലപാടുകള്‍ പാര്‍ട്ടിക്കകത്ത് ചില വിഭാഗീയതകള്‍ക്ക് വഴിവച്ചിരുന്നു.
വിഎസിന്റെ ജനനം
കേരളത്തിലെ കര്‍ഷക തൊഴിലാളി സമരങ്ങളുടെ ഈറ്റില്ലമായ ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടേയും മകനായി 1923 ഒക്ടോബര്‍ 20 ന് ജനനം. പതിനൊന്നാം വയസില്‍ മാതാപിതാക്കള്‍ മരിച്ചതോടെ ഏഴാംക്ലാസില്‍ വച്ച് പഠനം അവസാനിപ്പിച്ചു. തന്റെ മാതാപിതാക്കളുടെ ആയുസിനുവേണ്ടി പ്രാര്‍ത്ഥിച്ചിട്ടും അതിന് ഫലം കാണാതെ വന്നതും അനാഥത്വവും വിഎസിനെ കടുത്ത നിരീശ്വരവാദിയാക്കി മാറ്റി. പഠനം അവസാനിച്ചതോടെ തയ്യല്‍ കടയിലും കയര്‍ ഫാക്ടറിയിലുമായി തൊഴില്‍. ഇവിടെവെച്ച് തൊഴിലാളികളുടെ പ്രശ്നങ്ങളും ദുരിതങ്ങളും നേരിട്ട് മനസിലാക്കിയ വിഎസ് 17ാം വയസില്‍ പി കൃഷ്ണപ്പിള്ള തെളിച്ച വഴിയിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക്. പിന്നീട് സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിലേക്ക്
പാര്‍ട്ടി പ്രവര്‍ത്തനവും സമരവഴികളും
1940 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പൊതുരംഗത്ത് സജീവമായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ നേതാവ് പി കൃഷ്ണപിള്ളയാണ് വിഎസിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത്. പിന്നീടങ്ങോട്ട് പാര്‍ട്ടിക്കുവേണ്ടി വിപ്ലവ പ്രവര്‍ത്തനങ്ങളായിരുന്നു. 1946ലെ ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാളാണ് വിഎസ്. സമരത്തിന്റെ പേരില്‍ അറസ്റ്റിലാവുകയും ക്രൂരമര്‍ദ്ദനത്തിന് ഇരയാവുകയും ചെയ്തിരുന്നു. പാര്‍ട്ടി രഹസ്യങ്ങള്‍ വെളിപ്പെടുത്താത്തതിന്റെ പേരില്‍ ലോക്കപ്പില്‍ കടുത്ത മര്‍ദ്ദനമുറകളും ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവന്നു. 1957ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തുമ്പോഴേക്കും പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് വളര്‍ന്ന അച്യുതാനന്ദന്‍ അന്നത്തെ ഒന്‍പതംഗ സംസ്ഥാന സമിതിയില്‍ അംഗവുമായി. ഇതില്‍ ഇന്ന് ജീവിച്ചിരിക്കുന്നതും അദ്ദേഹം മാത്രം. വിഎസിന് ലഭിച്ച ജനകീയത പാര്‍ട്ടിക്കകത്ത് അദ്ദേഹത്തെ ‘എകെജിയുടെ പിന്‍ഗാമി’ എന്ന് അറിയപ്പെടാന്‍ ഇടയാക്കി. മുഖ്യമന്ത്രിയായിരിക്കെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 ല്‍ പോളിറ്റ് ബ്യൂറോയില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കി. പിന്നീട് 2008 ല്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ഉണ്ടായി.
പാര്‍ലമെന്ററി ജീവിതം, മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും
സംഘടനാ രംഗത്ത് ഉയര്‍ച്ചകള്‍ ഉണ്ടായപ്പോഴും വിഎസിന്റെ പാര്‍ലമെന്ററി ജീവിതത്തില്‍ ഒട്ടേറെ തിരിച്ചടികളും നേരിട്ടിട്ടുണ്ട്. വിഎസിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തുടക്കം തന്നെ തോല്‍വിയിലായിരുന്നു. 1965 ല്‍ സ്വന്തം മണ്ഡലമായ അമ്പലപ്പുഴയില്‍ നിന്ന് കോണ്‍ഗ്രസിലെ കെ.എസ് കൃഷ്ണക്കുറുപ്പിനോട് 2,327 വോട്ടുകള്‍ക്കായിരുന്നു തോല്‍വി. എന്നാല്‍ 1967 ലും 1970 ലും തെരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയിലെത്തി. പിന്നീട് 1977-ല്‍ കുമാരപിള്ളയോട് 5,585 വോട്ടുകള്‍ക്ക് പരാജയപ്പെട്ടതോടെ കുറേക്കാലം പാര്‍ട്ടി ഭാരവാഹിത്വത്തില്‍ ഒതുങ്ങിക്കഴിഞ്ഞു.
1991-ല്‍ മാരാരിക്കുളം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് ജയിച്ചു കയറിയ വിഎസ്, 1996-ല്‍ അതേ മണ്ഡലത്തില്‍ തോല്‍വി അറിഞ്ഞു. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെ ഉറച്ച കോട്ടയായി കരുതപ്പെട്ടിരുന്ന മാരാരിക്കുളത്ത് വിഎസ് പരാജയപ്പെട്ടത് കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളെ അപ്പാടെ അമ്പരിപ്പിച്ചു എന്നുതന്നെ പറയാം.
1996 ല്‍ സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അനൗദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും മാരാരിക്കുളത്തെ തോല്‍വിയോടെ അതു നടക്കാതെ പോയി. പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗമായിരുന്നു അച്യുതാനന്ദന്റെ തോല്‍വിക്കു പിറകിലെന്ന് പിന്നീടു നടന്ന പാര്‍ട്ടിതല അന്വേഷണങ്ങളില്‍ തെളിഞ്ഞു. ഈ പരാജയം പക്ഷേ, പാര്‍ട്ടിയില്‍ അച്യുതാനന്ദനെ ശക്തനാക്കുകയായിരുന്നു.
വിഎസ് മൂന്ന് തവണ കേരളത്തിന്റെ പ്രതിപക്ഷ നേതാവായിരുന്നു. 1992 മുതല്‍ 1996 വരേയും 2001 മുതല്‍ 2006 വരേയും 2011 മുതല്‍ 2016 വരേയുമായിരുന്നു ഇത്. പ്രതിപക്ഷ നേതാവെന്ന രീതിയില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. 2006 ലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നിന്നുതന്നെ വിഎസ് ഒഴിവാക്കപ്പെട്ടു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും പ്രതിഷേധമുയര്‍ന്നതോടെ വിഎസിനെ പാര്‍ട്ടി മത്സരിപ്പിക്കുകയായിരുന്നു. ഇതോടെ വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയാവുകയും ചെയ്തു.
ഒരു അഴിമതി ആരോപണങ്ങളും വിഎസ് സര്‍ക്കാരിനെതിരെ ഉയര്‍ന്നില്ലെങ്കിലും വിഎസും അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും തമ്മിലെ വിഭാഗീയത 2011 ല്‍ എല്‍ഡിഎഫിന് അധികാര തുടര്‍ച്ച നേടിക്കൊടുത്തില്ല. എങ്കിലും വിഎസിന്റെ നേതൃത്വത്തില്‍ മികച്ച വിജയമായിരുന്നു ഇടതു മുന്നണി അന്ന് സംസ്ഥാനത്ത് നേടിയത്.
പോളിറ്റ്ബ്യൂറോ അംഗം, കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ്, കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, എല്‍ഡിഎഫ് കണ്‍വീനര്‍, സംസ്ഥാന ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ അങ്ങനെ പദവികളുടെ നീണ്ടനിര തന്നെ വിഎസിനെ തേടിയെത്തി.
വിവാദങ്ങളും അച്ചടക്ക നടപടിയും
2006 ല്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിഎസും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നതകള്‍ പല തവണ മറനീക്കി പുറത്തുവന്നു. പാര്‍ട്ടി സെക്രട്ടറിയുമായുള്ള അഭിപ്രായ ഭിന്നതകള്‍ പാര്‍ട്ടിയും വിഎസും രണ്ട് വഴിക്കെന്ന പ്രതീതിവരെ ജനിപ്പിച്ചിരുന്നു. കടുത്ത ഭിന്നതകള്‍ 2007 മെയ് 26 ന് വിഎസിനെ പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍ നിന്ന് താല്‍കാലികമായി പുറത്താക്കി. പിന്നീട് 2008 ല്‍ കേന്ദ്രക്കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. അതിനു പുറമെ പാര്‍ട്ടി വിഎസിനെ പരസ്യമായി ശാസിക്കുയും ചെയ്തു. ടി.പി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രതിരോധത്തിലായ സമയത്ത് വിഎസ് നടത്തിയ നീക്കങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസം ടിപിയുടെ വീട്ടിലെത്തിയത് കേരള രാഷ്ട്രീയത്തെ തന്നെ പിടിച്ചു കുലുക്കി.
മറ്റ് രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വിഎസിനെ വ്യത്യസ്തനാക്കുന്നത് കക്ഷി രാഷ്ട്രീയ ഭേദമന്യേയുള്ള ഇത്തരം ഇടപെടലുകളും ചേര്‍ത്തു പിടിക്കലും തന്നെയാണ്. നിലവില്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായ വിഎസ് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ കാരണം പൊതുരംഗത്ത് കുറച്ചു കാലമായി സജീവമല്ല. കോവിഡ് നിയന്ത്രണങ്ങളും പ്രായാധിക്യവും കാരണം വസതിയില്‍ തന്നെയാണ് മുഴുവന്‍ സമയവും. രാഷ്ട്രീയരംഗത്ത് സജീവമല്ലെങ്കിലും വിഎസ് എന്ന രണ്ടക്ഷരവും അത് തന്ന ആവേശവും ജനമനസില്‍ ഇന്നും ജ്വലിക്കുന്നുണ്ട്. പ്രായം തളര്‍ത്താത്ത, തലനരച്ച യൗവ്വനത്തിന് ദീര്‍ഘായുസ്സ് നേരുന്നു.

















