തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
2021 ജനുവരി ഒന്നോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയാക്കുന്ന എല്ലാവരും അര്‍ഹരായിരിക്കും. കരട് വോട്ടര്‍ പട്ടികയിലെ തെറ്റുതിരുത്തുന്നതിനും പരാതികള്‍ അറിയിക്കാനും ഡിസംബര്‍ 15 വരെ സമയമുണ്ട്. ഇതിനായി മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും സഹകരണം ആവശ്യമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.
വോട്ടര്‍പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ക്കും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ നല്‍കിയിരുന്നു. കരടു വോട്ടര്‍ പട്ടിക www.nvsp.in എന്ന വെബ്സൈറ്റില്‍ പരിശോധിക്കാം.











