തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിലൊന്നായ ‘എവര്‍ ഗ്ലോബ്’ വിഴിഞ്ഞത്ത് പുറംകടലില്‍ നങ്കൂരമിട്ടു. വിഴിഞ്ഞം തുറമുഖത്തെ ആദ്യ ക്രൂ ചെയ്ഞ്ച് രാവിലെ നടന്നു. മലയാളി ഉള്‍പ്പെടെ 23 ജീവനക്കാരാണ് കപ്പലില്‍ നിന്ന് ഇറങ്ങിയത്. ആരോഗ്യപരിശോധനയ്ക്ക് ശേഷം ഇവര്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ചു.
ക്രൂചെയ്ഞ്ചിനായി ടഗ് ആവശ്യമുണ്ട്. അങ്ങനൊരു ടഗ് കൊല്ലത്ത് ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇത് തിരുവനന്തപുരത്തുണ്ടെങ്കില്‍ തുറമുഖം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ നിരവധി ചരക്കുകപ്പലുകള്‍ ക്രൂചെയ്ഞ്ചിനായി തയ്യാറാകും. നിലവില്‍ ഫിഷറീസിന്‍റെ സഹായത്തോടെയാണ് എവര്‍ ഗ്ലോബില്‍ ക്രൂചെയ്ഞ്ച് നടത്തിയിരിക്കുന്നത്.
കപ്പല്‍ പുറംകടലില്‍ നങ്കൂരമിട്ട് അതിലെ ജീവനക്കാരെ ഇറക്കുന്നു, പുതിയ ടീം കപ്പലില്‍ കയറുന്നു..ഇതാണ് ക്രൂചെയ്ഞ്ച്. അര ദിവസം മാത്രം വേണ്ടിവരുന്ന ഈ ക്രൂചെയ്ഞ്ചിലൂടെ തുറമുഖ വകുപ്പിന് ലഭിക്കുന്നത് ഏകദേശം മൂന്നര ലക്ഷം രൂപയാണ്.
കഴിഞ്ഞ 7ന് തിരുവനന്തപുരം എഫ്ആര്‍ആര്‍ഒ സ്റ്റേഷന്‍ മേധാവിയെ വിളിച്ച് വാക്കാല്‍ അനുമതി വാങ്ങിയിരുന്നു. 15ന് നങ്കൂരമിടാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ അവസാന നിമിഷം ക്രൂചെയ്ഞ്ചിന് ഇമിഗ്രേഷന്‍ വകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു. വ്യക്തമായ കാരണങ്ങള്‍ പറയാതെയാണ് ഇമിഗ്രേഷന്‍ വകുപ്പ് കാലുമാറിയത്. ഇതോടെ എവര്‍ ഗ്ലോബ് കപ്പല്‍ അധികൃതര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടുകയും ഇന്നലെ വൈകുന്നേരത്തോടെ ക്രൂചെയ്ഞ്ച് നടത്താന്‍ അനുമതി നല്‍കുകയും ചെയ്തു.
വിഴിഞ്ഞത്ത് അനുമതി നിഷേധിച്ചിരുന്നെങ്കില്‍ പിന്നെ കൊച്ചിയില്‍ ക്രൂചെയ്ഞ്ച് നടത്തേണ്ടി വരും. ഇത് നിസാര കാര്യമല്ല. കൊച്ചിയിലേക്ക് കപ്പല്‍ തിരിക്കാന്‍ ഒരു ദിവസം വേണ്ടിവരും. കൂടാതെ ക്രൂചേഞ്ചിന് ശേഷം ഒന്നര ദിവസം കൂടി കാത്തിരിക്കേണ്ടി വന്നാല്‍ രണ്ടര ദിവസത്തേക്കുള്ള വന്‍ തുക വാടകയായി നല്‍കേണ്ടി വരും. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് കപ്പല്‍ അധികൃതര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
ഈജിപ്തില്‍ നിന്നും ശ്രീലങ്കയിലേക്ക് ജൂണ്‍ 26നാണ് കണ്ടെയ്നറുകളുമായി എവര്‍ ഗ്ലോബ് പുറപ്പെട്ടത്. സാധാരണ തുറമുഖങ്ങളില്‍ കാണുന്നത് ചെറിയ കണ്ടെയ്‌നര്‍ നിറച്ച കപ്പലുകളാണ്. 2.20 ലക്ഷം ടണ്‍ ഭാരം ഈ കപ്പലില്‍ കയറ്റാനാകും. ഏകദേശം കാല്‍ ലക്ഷം ലോറികളുടെ ഭാരം വരുമിത്. ഇത്തരത്തിലുള്ള കപ്പലുകള്‍ മദര്‍ വെസല്‍ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ഒരു തുറമുഖത്ത് നിന്നും അടുത്തായി ഇത്രയും വലിയ ചരക്ക് കപ്പലിനെ കാണാനാവില്ല. എന്നാല്‍ വിഴിഞ്ഞം തീരത്ത് നിന്ന് നോക്കിയാല്‍ കാണാവുന്ന ദൂരത്തിലാണ് എവര്‍ ഗ്ലോബ് എത്തിയിരിക്കുന്നത്.













