റിയാദ്: സൗദിയില്‍ തൊഴില്‍, വിസ നിയമങ്ങള്‍ ലംഘിച്ച 382 ഇന്ത്യക്കാരെ നാടുകടത്തി. റിയാദിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് മലയാളികള്‍ അടക്കമുള്ള 382 പേര്‍ വെള്ളിയാഴ്ചയാണ് ഡല്‍ഹിയിലെത്തിയത്. റിയാദിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ മാത്രം മുന്നൂറിലേറെ പേര്‍ ബാക്കിയുണ്ടെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ പറഞ്ഞു.
ഡല്‍ഹി, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളുടെ സഹകരണത്തോടെ കൊവിഡ് മാനദണ്ഡപ്രകാരം യാത്രാ സൗകര്യമൊരുക്കി ഇവരെ സ്വദേശങ്ങളിലേക്ക് അയക്കുകയായിരുന്നു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാര്‍, യൂസഫ് കാക്കഞ്ചേരി, തുഷാര്‍, അബ്ദുസമദ് എന്നിവരാണ് റിയാദ് അല്‍ഖര്‍ജ് റോഡില്‍ ഇസ്‌കാനിലുള്ള തര്‍ഹീലിലെത്തി ഇവരെ കയറ്റി അയക്കാന്‍ ആവശ്യമായ യാത്രാരേഖകള്‍ ശരിയാക്കിയത്. റിയാദിലെ തര്‍ഹീലില്‍ ബാക്കിയുള്ളവരെ അടുത്തയാഴ്ച നാട്ടിലേക്ക് അയക്കും.
സൗദിയില്‍ തൊഴില്‍, വിസ ലംഘനത്തിന് ഇന്ത്യക്കാരടക്കം നിരവധി പേരാണ് ദിനംപ്രതി പിടിയിലാകുന്നത്. ആറുമാസത്തിനിടെ റിയാദ്, ജിദ്ദ തര്‍ഹീലുകളില്‍ നിന്ന് 2,681 ഇന്ത്യക്കാരാണ് ഇതിനകം നാട്ടിലെത്തിയത്. റെയ്ഡ് ശക്തമാക്കിയതോടെ ബത്ഹ അടക്കമുള്ള പ്രധാന വാണിജ്യകേന്ദ്രങ്ങളിലേക്ക് വാരാന്ത്യ അവധി ദിവസങ്ങളിലെ വിദേശ തൊഴിലാളികളുടെ ഒഴുക്കിന് കുറവ് വന്നിട്ടുണ്ട്.