തൃശ്ശൂർ പുത്തൂർ വില്ലേജ് ഓഫീസറുടെ ആത്മഹത്യാ ശ്രമത്തിൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റെ് ഉൾപ്പെടെയുള്ള എട്ടു പേർക്കെതിരെയാണ് കേസെടുത്തത്. ആത്മഹത്യാ പ്രേരണ കുറ്റമാണ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കെതിരെ ചുമത്തിയത്. പഞ്ചായത്ത് പ്രസിഡൻ്റ് മിനി ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളും സി പി എം നേതാക്കളുമായ ഷാജി, ശിവൻ,ഗോപി തുടങ്ങി 8 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പുത്തൂർ വില്ലേജ് ഓഫീസർ സിനിയാണ് കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസിൽ വച്ച് കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. പഞ്ചായത്ത് ഭരണസമിതി തന്നെ നിരന്തരം വേട്ടയാടുകയും, അവസാനം ഓഫീസിൽ എത്തി ഘരാവോ ചെയ്യുകയും ആയിരുന്നുവെന്ന് അവർ പറഞ്ഞു. അതിൽ മനംനൊന്താണ് ആത്മഹത്യക്കു ശ്രമിച്ചതെന്നും സിനി ആശുപത്രിയിലെ ചികിത്സക്കിടയിൽ പറഞ്ഞു.
എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റെ് മിനി ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. ഒരാഴ്ച മുമ്പ് പുത്തൂർ വില്ലേജ് ഓഫീസിൽ നിന്നും സിനിക്ക് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചിരുന്നു. എന്നാൽ വില്ലേജ് ഓഫീസർ സ്ഥാനത്ത് നിന്നും സിനിയുടെ റിലീവിംഗ് ഓർഡർ വൈകിക്കുകയായിരുന്നു എന്ന ആരോപണവുമുണ്ട്. വിഷയത്തിൽ കോൺഗ്രസ്സും ബി ജെ പിയും പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.

















