ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന 800-ല്‍ നിന്ന് നടന്‍ വിജയ് സേതുപതി പിന്‍മാറി. ചിത്രം പ്രഖ്യാപിച്ചതു മുതല്‍ വിജയ് സേതുപതിക്കും 800 ന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ചലച്ചിത്ര- രാഷ്ട്രീയ രംഗത്തു നിന്നും സമൂഹമാധ്യമങ്ങളിലൂടെയും കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ മുത്തയ്യ മുരളീധരന്‍ വിജയ് സേതുപതിയോട് ആവശ്യപ്പെടുകയായിരുന്നു.
‘നന്ദി, വിട’ എന്ന കുറിപ്പോടെ പിന്മാറാന്‍ ആവശ്യപ്പെട്ടുകൊണ്ട് മുത്തയ്യ മുരളീധരന്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് ട്വിറ്ററിലൂടെ പങ്കുവച്ചാണ് വിജയ് സേതുപതി ഇക്കാര്യം അറിയിച്ചത്.
நன்றி.. வணக்கம் 🙏🏻 pic.twitter.com/PMCPBDEgAC
— VijaySethupathi (@VijaySethuOffl) October 19, 2020
വിജയ് സേതുപതി ഒരു വിഭാഗം ആളുകളില്‍ നിന്ന് വളരെയധികം സമ്മര്‍ദ്ദം നേരിടുന്നതായി താന്‍ മനസിലാക്കുന്നുവെന്നും താന്‍ കാരണം ഒരു പ്രശസ്ത നടന്‍ പ്രശ്‌നങ്ങളില്‍ ചെന്നുപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുത്തയ്യ പ്രസ്താവനയില്‍ പറയുന്നു. തനിക്കും തന്റെ ജീവിത കഥയ്ക്കുമെതിരെ തമിഴ്‌നാട്ടില്‍ എതിര്‍പ്പുകള്‍ ഉയരുന്ന സാഹചര്യത്തില്‍ താന്‍ ഇത് പറയാന്‍ നിര്‍ബന്ധിതനാണെന്നും മുത്തയ്യ മുരളീധരന്‍ പത്രക്കുറിപ്പില്‍ പറയുന്നു.
എല്‍ടിടിയെ അടിച്ചൊതുക്കുന്നതിന്റെ മറവില്‍ ശ്രീലങ്കന്‍ സൈന്യവും സിംഹള, ബുദ്ധ മതക്കാരും തമിഴ് വംശജരെ കൊന്നൊടുക്കിയ വിഷയത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുത്തയ്യ മുരളീധരന്‍ എടുത്തിരുന്നത്. ഇതാണ് ഒരു വിഭാഗം തമിഴ് ജനതയുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. തമിഴ്പുലികളെ നിഷ്‌കാസനം ചെയ്യുന്നതിനിടെ നടന്ന വംശഹത്യയെ മുത്തയ്യ മുരളീധന്‍ നിസാരവല്‍ക്കരിച്ചെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
മുത്തയ്യ മുരളീധരനായി എത്തുന്നതില്‍ സിനിമാ രംഗത്തു നിന്നും വിജയ് സേതുപതി എതിര്‍പ്പ് നേരട്ടിരുന്നു. മുതിര്‍ന്ന സംവിധായകന്‍ ഭാരതി രാജ, കവിയും ഗാനരചയിതാവുമായ വൈരമുത്തു തുടങ്ങിയവരാണ് നടനോട് ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടത്.



















