ചെന്നൈ: ഇളയ ദളപതി വിജയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് പൊങ്ങിവന്ന വിവാദങ്ങളില്‍ പ്രതികരണവുമായി വിജയ് ഫാന്‍സ് അസോസിയേഷന്‍. താരത്തിന് ചീത്തപ്പേരുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍.
വിജയുടെ പിതാവ് രൂപീകരിച്ച പാര്‍ട്ടി ഉള്‍പ്പെടെ ഒരു പാര്‍ട്ടിയിലും താരത്തിന്റെ പേരുവച്ച് ചേരില്ലെന്ന് ആരാധകര്‍ പ്രതിജ്ഞയെടുത്തു. വിജയ് ഫാന്‍സ് അസോസിയേഷന്‍ ‘വിജയ് മക്കള്‍ ഇയക്കം’ മധുരയില്‍ വിളിച്ചു ചേര്‍ത്ത സമ്മേളനത്തിലാണ് തീരുമാനം. വിജയുടെ പിതാവ് തങ്ങള്‍ക്ക് പിതൃതുല്യനാണെന്നും എന്നാല്‍ വിജയുടെ നേതൃത്വത്തില്‍ അല്ലാത്ത ഒരു പാര്‍ട്ടിയിലും ഭാഗമാകില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് വിജയുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ രാഷട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. വിജയ് ഫാന്‍സ് അസോസിയേഷന്റെ അതേ പേരാണ് പാര്‍ട്ടിക്കും നല്‍കിയത്. എന്നാല്‍ ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പാര്‍ട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന പ്രഖ്യാപനവുമായി വിജയ് തന്നെ രംഗത്തെത്തിയിരുന്നു.
തന്റെ അച്ഛന്‍ ആരംഭിച്ച രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്ക് നേരിട്ടോ അല്ലാതെയോ ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ആരാധകരേയും പൊതുജനത്തെയും അറിയിക്കുന്നു. ആ പാര്‍ട്ടിയില്‍ ചേരുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുതെന്ന് ആരാധകരോട് അഭ്യര്‍ഥിക്കുന്നു. തന്റെ ഫാന്‍സ് ക്ലബ്ബുമായി ആ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല. തന്റെ പേരോ ചിത്രമോ ഫാന്‍സ് അസോസിയേഷനോ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിജയുടെ ഓഫീസ് ഔദ്യോഗികമായി ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.