തിരുവനന്തപുരം: കവി ഏഴാച്ചേരി രാമചന്ദ്രന് വയലാര്‍ പുരസ്‌കാരം.’ഒരു വെര്‍ജീനിയന്‍ ദിനങ്ങള്‍’ എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. നാല്‍പ്പത്തി നാലാമത് വയലാര്‍ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന ശിൽപവുമാണ് അവാർഡ്. അവാർഡ് തുക അദായനികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
ഡോ. കെ. പി. മോഹനൻ (സെക്രട്ടറി, കേരള സാഹിത്യ അക്കാദമി), ഡോ. എൻ. മുകുന്ദൻ, പ്രൊഫ. അമ്പലപ്പുഴ ഗോപകുമാർ എന്നിവരാണ് പുരസ്കാര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങൾ.വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് ശ്രീ. പെരുമ്പടവം ശ്രീധരൻ ജഡ്ജിംഗ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കോട്ടയം രാമപുരത്തെ ഏഴാച്ചേരി സ്വദേശിയായ രാമചന്ദ്രന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. പ്രൊഫഷണല്‍ നാടക ഗാനരചനയ്ക്ക് മൂന്ന് തവണ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. ഇതുകൂടാതെ മറ്റനവധി പുരസ്‌കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
‘ചന്ദന മണീവാതില്‍ പാതിചാരി’ എന്നു തുടങ്ങുന്ന ഗാനമുള്‍പ്പെടെ മുപ്പതിലധികം ചലച്ചിത്രഗാനങ്ങള്‍ ഏഴാച്ചേരിയുടേതാണ്. ആര്‍ദ്രസമുദ്രം, ബന്ധുരാംഗീപുരം, നീലി, കയ്യൂര്‍, എന്നിലൂടെ എന്നിവയാണ് പ്രധാന കവിതകള്‍. ഉയരും ഞാന്‍ നാടാകെ, കാറ്റുചിക്കിയ തെളിമണലില്‍ (ഓര്‍മ്മപ്പുസ്തകം) എന്നിവയാണ് ഗദ്യരൂപത്തിലുള്ള പ്രധാന കൃതികള്‍.