ദി ഗള്‍ഫ് ഇന്ത്യന്‍സ്.കോം
വയനാട്ടിലെ വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി. ജലീല്‍ പോലീസിന് നേരെ വെടിയുതിര്‍ത്തതായി തെളിവില്ലെന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. ജലീലിനെ വ്യാജ ഏറ്റുമുട്ടലില്‍ മനപ്പൂര്‍വ്വം വധിക്കുകയായിരുന്നുവെന്ന അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളും, സുഹ്രുത്തക്കളും ഉന്നയിച്ച ആരോപണങ്ങളെ ശരിവെയ്ക്കുന്നതാണ് ഫോറന്‍സിക് റിപോര്‍ട്. 2019 മാര്‍ച്ച് 6-നാണ് ജലീല്‍ കൊല്ലപ്പെടുന്നത്.
വൈത്തിരിയിലെ റിസോര്‍ട്ട് ഉടമയില്‍ നിന്നും പണം വാങ്ങുന്നതിന് എത്തിയ ജലീല്‍ മാവോയിസ്റ്റു തീവ്രവാദികളെ നേരിടുന്നതിനായി രൂപീകരിച്ച തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് അവകാശപ്പെടുന്നത്. ഫോറന്‍സിക് റിപോര്‍ട് പ്രകാരം ജലീലിന്റെ പക്കലുണ്ടായിരുന്നുവെന്നു പറയപ്പെടുന്ന തോക്കില്‍ നിന്നും വെടിയുതിര്‍ത്തതായി തെളിവില്ല.
വെടി മരുന്നിന്റെ അംശവും ജലീലിന്റെ വലതുകൈയില്‍ നിന്നും കണ്ടെത്താനായിട്ടില്ല. ജലീലിനെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചതാണെന്നും ഇക്കാര്യത്തില്‍ പ്രത്യേകം കേസ്സെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജലീലിന്റെ സഹോദരന്‍ സി.പി. റഷീദും, മറ്റ് ബന്ധുക്കളും വയനാട് ജില്ല കോടതിയില്‍ നല്‍കിയ കേസ്സുമായി ബന്ധപ്പെട്ടാണ് ഫോറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് നല്‍കയിട്ടുള്ളത്.

















