ബെംഗളൂരു: വാഗമണില്‍ ലഹരിമരുന്ന് നിശാപാര്‍ട്ടി നടത്തിയ കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ബെംഗളൂരുവിലേക്ക്. മയക്കുമരുന്നിന്റെ ഉറവിടം ബെംഗളൂരുവാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി.
വാഗമണിലെ നിശാപാര്‍ട്ടിയില്‍ ലഹരിമരുന്ന് എവിടെ നിന്ന് എത്തിയെന്നതായിരുന്നു പോലീസിന്റെ തുടക്കം മുതലുള്ള അന്വേഷണം. തൊടുപുഴ സ്വദേശിയായ കേസിലെ ഒന്നാംപ്രതി അജ്മലിന്റെ നേതൃത്വത്തില്‍ ബെംഗളൂരുവില്‍ നിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നിരുന്നത് എന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.
അന്വേഷണത്തില്‍ സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖര്‍ ആരുംതന്നെ വാഗമണില്‍ പിടിയിലായ സംഘവുമായി ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതടക്കം 10 ദിവസത്തെ അന്വേഷണ വിവരങ്ങളടങ്ങുന്ന കേസ് ഡയറി പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി പി.കെ.മധുവിന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം.
അതേസമയം കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച മുട്ടം കോടതിയില്‍ അപേക്ഷ നല്‍കും. വാഗമണില്‍ പിടിയിലായവര്‍ക്ക് അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്ന് കൊച്ചി വഴി സംസ്ഥാനത്തെ നിശാപാര്‍ട്ടികളിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതില്‍ കൂടുതല്‍ കണ്ണികളുണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും.












