വാഷിങ്ടണ്‍ ഡിസി: കോവിഡ് വാക്‌സിനായ ഫൈസര്‍ അടിയന്തരമായി നല്‍കുന്നതിന് അമേരിക്കയും അനുമതി നല്‍കി. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ ആണ് അനുമതി നല്‍കിയത്. 16 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ചികിത്സാ കേന്ദ്രങ്ങളില്‍ കഴിയുന്ന മുതിര്‍ന്നവര്‍ക്കുമാണ് മുന്‍ഗണന.
24 മണിക്കൂറിനകം ആദ്യ ഡോസ് നല്‍കുമെന്ന് ഡോണള്‍ഡ് ട്രംപ് അറിയിച്ചിട്ടുണ്ട്. വാക്‌സിന്‍ ഉപയോഗം അംഗീകരിക്കാന്‍ ട്രംപ് ഭരണകൂടത്തിന്റെ കടുത്ത സമ്മര്‍ദ്ദം എഫ്.ഡി.എ നേരിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വാക്‌സിന്‍ അംഗീകരിക്കുകയോ അല്ലെങ്കില്‍ ജോലിയില്‍ നിന്ന് രാജിവെക്കുകയോ ചെയ്യണമെന്ന് എഫ്.ഡി.എ മേധാവി സ്റ്റീഫന്‍ ഹാനോട് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരുന്നു.
ഇതോടെ ഫൈസര്‍ വാക്‌സിന് അനുമതി നല്‍കുന്ന രാജ്യങ്ങളുടെ എണ്ണം അഞ്ചായി. ബ്രിട്ടന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, കാനഡ എന്നിവയാണ് ഫൈസറിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ മറ്റ് രാജ്യങ്ങള്‍. വാക്‌സീന്‍ 95 ശതമാനം ഫലപ്രദമാണ് എന്നാണ് ഫൈസറിന്റെ അവകാശവാദം. ഇന്ത്യയില്‍ ഫൈസര്‍ അപേക്ഷ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ പരിഗണനയിലാണ്.
അതേസമയം കുത്തിവെപ്പെടുത്ത സ്ഥലത്ത് ചുവന്നു തടിക്കല്‍, കുറച്ചുനേരത്തേക്ക് തളര്‍ച്ച, തലവേദന, പേശിവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഗുരുതരമല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫൈസര്‍ വാക്‌സീന്‍ ഏതെങ്കിലും തരത്തിലുള്ള അലര്‍ജി ഉള്ളവര്‍ ഉപയോഗിക്കരുതെന്ന് ബ്രിട്ടണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുത്തിവെപ്പെടുത്തശേഷം രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പാര്‍ശ്വഫലമുണ്ടായതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് കര്‍ശനമാക്കിയത്.












