വാഷിങ്ടണ്‍: അമേരിക്കയില്‍ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുളള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിരോധിച്ചുകൊണ്ടുളള ട്രംപിന്റെ ഉത്തരവിനെതിരെ നോണ്‍ ബാന്‍ ആക്ട് ബില്ലിന് അംഗീകാരം നല്‍കി യുഎസ് ഹൗസ്. വിവാദങ്ങള്‍ക്കിടയാക്കിയ ട്രംപിന്റെ ഉത്തരവിനെതിരെ നിയമനിര്‍മ്മാണം പാസാക്കുന്നതിനുളള ബില്ലിനാണ് അംഗീകാരം നല്‍കിയത്. യുഎസ് ഹൗസില്‍ നടന്ന വോട്ടെടുപ്പില്‍ 183 വോട്ടുകള്‍ക്കെതിരെ 233 വോട്ടുകള്‍ നേടിയാണ് ബില്ലിന് അംഗീകാരം ലഭിച്ചത്. ബില്ലിന് ഡെമോക്രാറ്റിക് നിയമസഭാംഗങ്ങളുടെ ശക്തമായ പിന്തുണയാണുളളത്. എന്നിരുന്നാലും വൈറ്റ് ഹൗസിന്റെയും റിപ്പബ്ലിക്കന്‍മാരുടെയും എതിര്‍പ്പുളളതിനാനാല്‍ സെനറ്റില്‍ മുന്നേറാന്‍ സാധ്യതയില്ലെന്നാണ് സൂചന.
ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ മുസ്ലിംങ്ങള്‍ക്ക് ശക്തമായ പിന്തുണയാണ് നല്‍കുന്നത്. ആചരിക്കുന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ആരും അവരോട് വിവേചനം കാണിക്കുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു.
Today, the House passed the #NoBanAct because no one should be discriminated against or singled out based on the faith they practice. I will end President Trump's Muslim Ban on day one and sign this bill into law.
— Joe Biden (@JoeBiden) July 22, 2020
അമേരിക്കയുടെ സുരക്ഷയ്‌ക്കെന്ന പേര് പറഞ്ഞ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കെതിരെ ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ താന്‍ അധികാരത്തിലെത്തിയാല്‍ വിന്‍വലിക്കുമെന്നും ബൈഡന്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘മുസ്ലീം നിരോധനത്തെ തുടര്‍ന്ന് തങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്നും വേര്‍പിരിഞ്ഞ ദശലക്ഷകണക്കിന് അമേരിക്കകാര്‍ ഇന്നുണ്ട്. വീണ്ടും ഒന്നിക്കാന്‍ കഴിയാത്ത മാതാപിതാക്കള്‍, കുടുംബങ്ങള്‍ അങ്ങനെ നിരവധി പേരാണുളളതെന്ന’് നോണ്‍ ബാന്‍ ആക്ട് ബില്ലിനെ പിന്തുണയ്ക്കുന്ന മുസ്ലീം അഭിഭാഷകരുടെ ഗ്രൂപ്പിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫര്‍ഹാന ഖേര പറഞ്ഞു. മുസ്ലീം രാജ്യങ്ങളില്‍ നിന്നുളള സന്ദര്‍ശകരെ ലക്ഷ്യമിട്ടുകൊണ്ട് 2017 ലാണ് കുടിയേറ്റ നിരോധനം നിയമം ട്രംപ് അവതരിപ്പിക്കുന്നത്. വിവാദമായ ഈ നിയമത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.