ന്യൂഡല്‍ഹി: 2022-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ജെഡിയു. തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടി ദേശീയ കമ്മിറ്റിയുടെ തീരുമാനം ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നുവെന്ന് ജനറല്‍ സെക്രട്ടറി കെ.സി ത്യാഗി അറിയിച്ചു.
2017-ല്‍ യു.പിയില്‍ മത്സരിക്കാത്തത് പാര്‍ട്ടിയെ കാര്യമായി ബാധിച്ചു. ബീഹാറുമായി ഏറെ അടുത്ത ബന്ധമുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. നമ്മുടെ സര്‍ക്കാരിന്റെ നയങ്ങള്‍ അവിടെ നന്നായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ മത്സര രംഗത്തേക്കിറങ്ങുമെന്നും ത്യാഗി പറഞ്ഞു.
അതേസമയം, ഉത്തര്‍പ്രദേശില്‍ ഒറ്റക്ക് മത്സരിക്കുന്നത് ബീഹാറിലെ സഖ്യത്തിന് യാതൊരു പ്രശ്‌നവുമുണ്ടാക്കില്ലെന്നും ജെ.ഡി.യു നേതാക്കള്‍ വ്യക്തമാക്കി. നിലവില്‍ ജെഡിയു-ബിജെപി സഖ്യമാണ് ബീഹാറില്‍ അധികാരത്തിലിരിക്കുന്നത്. ബിജെപിയാണ് മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും ജെഡിയു നേതാവ് നിതീഷ് കുമാറാണ് ബീഹാര്‍ മുഖ്യമന്ത്രി.