ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി എന്തുതന്നെയായലും കുഴപ്പമില്ലെന്ന് ബിജെപി നേതാവ് ഉമാഭാരതി. തൂക്കുകയര്‍ കിട്ടിയാലും അതൊരു അനുഗ്രഹമായി കാണുമെന്ന് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഉമാഭാരതി പറഞ്ഞു.
“കോടതി മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ചിരുന്നു. സത്യം എന്താണെന്ന് ഞാന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. വിധി എന്തായിരിക്കും എന്നതില്‍ ഒരു പ്രശ്‌നവുമില്ല. തൂക്കിലേറ്റിയാലും അനുഗ്രഹമായി കരുതും.”- ഉമാഭാരതി പറയുന്നു. 1992 ഡിസംബര്‍ ആറിനായിരുന്നു ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഉമാഭാരതിയെ കൂടാതെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരും ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തിലെ ഗൂഢാലോചന കേസില്‍ പ്രതികളാണ്.
കേസില്‍ വെള്ളിയാഴ്ച എല്‍.കെ അദ്വാനിയുടേയും വ്യാഴാഴ്ച മുരളി മനോഹര്‍ ജോഷിയുടേയും മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. പ്രത്യേക സിബിഐ കോടതി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. അയോധ്യയില്‍ ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്രം പണിയാനിരിക്കെയാണ് കേസിലെ വിചാരണ അതിവേഗം പുരോഗമിക്കുന്നത്.












