കോഴിക്കോട്: യുകെയിലെ പ്രമുഖ ആരോഗ്യ സോഫ്റ്റ് വെയര്‍ സേവനദാതാക്കളായ ജോണ്‍ ആന്‍ഡ് സ്മിത്ത് കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു. സൈബര്‍പാര്‍ക്കിലെ സഹ്യ കെട്ടിടസമുച്ചയത്തില്‍ സിഎംഐ പ്രൊവിന്‍ഷ്യല്‍ ഫാ. തോമസ് തെക്കേല്‍ കമ്പനിയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി. സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ നിരീഷ് സി, ശ്രീമതി ചിന്നമ്മ ചാക്കോ തുടങ്ങിയവര്‍ സംബന്ധിച്ചു.
കോവിഡ് പശ്ചാത്തലത്തിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ജോണ്‍ ആന്‍ഡ് സ്മിത്തിന്‍റെ പ്രവര്‍ത്തനം തുടങ്ങുന്നതോടെ സാധിക്കും. യുകെയില്‍ മുന്‍നിര ആരോഗ്യ സോഫ്റ്റ് വെയര്‍ ദാതാക്കളായ ജെഎസ്എസ് ഹെല്‍ത്ത്കെയറിന്‍റെ സഹോദര സ്ഥാപനമാണ് ജോണ്‍ ആന്‍ഡ് സ്മിത്ത്.
വാണിജ്യ സോഫ്റ്റ് വെയര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നേരിട്ട് വിലയിരുത്താനും മനസിലാക്കാനും കണ്ണൂര്‍ സര്‍വകലാശാലയിലെ ഐടി വിദ്യാര്‍ത്ഥികള്‍ക്ക് ജോണ്‍ ആന്‍ഡ് സ്മിത്ത് അവസരമൊരുക്കും. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്‍റിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍റേണ്‍ഷിപ്പ് സംവിധാനവും കമ്പനി നല്‍കുന്നുണ്ട്.
വടക്കന്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഐടി സമുച്ചയമാണ് സൈബര്‍ പാര്‍ക്ക്. പരിസ്ഥിതി സൗഹൃദമായ 45 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന 3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐടി കെട്ടിട സമുച്ചയങ്ങളാണ് ഇവിടെയുള്ളത്. അന്താരാഷ്ട്ര കമ്പനികളെ ഉള്‍പ്പെടെ ആകര്‍ഷിക്കാന്‍ തക്ക വിധമുള്ള അടിസ്ഥാന സൗകര്യവുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.


















