തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുന്നണിയെ ഒരുമിച്ച് നയിക്കട്ടെയെന്ന അഭിപ്രായവുമായി ഘടക കക്ഷികള്‍ രംഗത്ത്. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് പരിഹാര നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എത്തിയ ഹൈക്കമാന്റ് പ്രതിനിധികള്‍ക്ക് മുന്നിലാണ് ഘടക കക്ഷികളുടെ ആവശ്യം.
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ച് നയിക്കുന്ന മുന്നണി തെരഞ്ഞെടുപ്പിനെ നേരിടണമെന്നും മുഖ്യമന്ത്രി ആരാവണം എന്നൊക്കെ പിന്നീട് തീരുമാനിക്കാമെന്നും ആര്‍.എസ്.പി നിലപാടെടുത്തപ്പോള്‍, കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്ന് പി.ജെ ജോസഫ് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിലെ സംഘടനാ പ്രശ്‌നങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്ക് കാരണമായതെന്ന് പറഞ്ഞ ആര്‍.എസ്.പി, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടിയാണ് ആവശ്യമെന്നും ചൂണ്ടിക്കാട്ടി. ഉമ്മന്‍ചാണ്ടി മുഖ്യധാരയില്‍ നിന്ന് മാറി നില്‍ക്കുന്നത് ഗുണം ചെയ്യില്ലെന്നും ആര്‍.എസ്.പി വ്യക്തമാക്കി.