പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യുഎഇ ആരോഗ്യ മന്ത്രാലയം. ആള്‍ക്കൂട്ടം ഒഴിവാക്കിക്കൊണ്ടുള്ള പരിപാടികള്‍ മാത്രം അനുമതി. വെടിക്കെട്ട് നടത്തുന്ന കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.
അബുദാബി: ഇടവേളയ്ക്കു ശേഷം യുഎഇയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. 24 മണിക്കൂറിനിടെ 2,234 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആരെ രോഗികളുടെ എണ്ണം 757,145 ആയി. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 775 പേര്‍കൂടി രോഗമുക്തിനേടി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2160 ആണ്. രോഗമുക്തിനേടിയവര്‍ 743,340. നിലവില്‍ ചികിത്സയിലുള്ളവര്‍ 11,645.
രാജ്യത്ത് 448,050 പേര്‍ക്ക് കൂടി പിസിആര്‍ പരിശോധന നടത്തി. ഇതോടെ ആകെ പരിശോധന 110 ദശലക്ഷം കവിഞ്ഞു.
പുതുവത്സരാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത കോവിഡ് സുരക്ഷയും നിയന്ത്രണങ്ങളുമാണ് യുഎഇ ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പുതുവത്സര പൊതുപരിപാടികള്‍ നടത്തുകയുള്ളു. പ്രധാന ആകര്‍ഷക ഇനമായ വെടിക്കെട്ട് പല ഇടങ്ങളിലായി നടത്തുന്നതിനാല്‍ ആള്‍ക്കൂട്ടം ഒഴിവാകുമെന്നും ആരോഗ്യ മന്ത്രാലയ അധികൃതര്‍ പറഞ്ഞു.