വിദേശത്തും നിന്ന് വരുന്നവര്‍ക്ക് ഏഴു ദിവസ ക്വാറന്റൈന്‍ വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധനയില്‍ യുഎഇയില്‍ നിന്നുള്ളവര്‍ക്ക് ഇളവു വരുത്തി മുംബൈ കോര്‍പറേഷന്‍
ദുബായ് : യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏഴു ദിവസ ക്വാറന്റൈന്‍ ഒഴിവാക്കി ബൃഹദ്മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉത്തരവിറക്കി.
നേരത്തെ, യുഎഇയില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് ആര്‍ടിപിസിആര്‍ ടെസ്റ്റും തുടര്‍ന്ന് ഫലം നെഗറ്റീവായാലും ഏഴുദിവസം ക്വാറന്റൈനും നിര്‍ബന്ധമായിരുന്നു.
ഇതിനായി സ്‌പെഷ്യല്‍ എസ്ഒപി ബാധകമല്ലെന്ന് കാണിച്ച് ബിഎംഎംസി ഉത്തരവിടുകയാണുണ്ടായത്. കണ്‍ട്രീസ് അറ്റ് റിസ്‌ക് എന്ന കാറ്റഗറിയില്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്ന രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാനദണ്ഡങ്ങള്‍ യുഎഇ യാത്രക്കാര്‍ക്ക് ബാധകമായിരിക്കും.
ഇവര്‍ക്ക് ഏഴു ദിവസ ക്വാറന്റൈനും ആര്‍ടിപിസിആറും വേണ്ടെന്നും മുനിസിപ്പല്‍ കോര്‍പറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
2022 ജനുവരി 17 മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും.
Kindly note the latest guidelines for travellers arriving at #Mumbai International Airport from UAE
Dt.16.01.22.#Covid_19 pic.twitter.com/vxsIpuR2aw— KIRAN DIGHAVKAR (@DighavkarKiran) January 16, 2022
യുഎഇയില്‍ നിന്നും ഏറ്റവും അധികം യാത്രക്കാരെത്തുന്ന കേരളത്തില്‍ ക്വാറന്റൈന്‍ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന പ്രവാസി സംഘടനകളുടെ ആവശ്യത്തിന് ഇതേവരെ കേരള സര്‍ക്കാര്‍ അനുകൂല നടപടി എടുത്തിട്ടില്ല. ഈ അവസരത്തിലാണ് മുംബൈയില്‍ നിന്നും പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന വാര്‍ത്ത എത്തുന്നത്.
ഇന്ത്യയിലുള്ളവര്‍ക്ക് രണ്ട് കോവിഡ് പ്രതിരോധ വാക്‌സിന്‍ വാക്‌സിനാണ് ലഭിച്ചതെങ്കില്‍ യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് രണ്ട് വാക്‌സിനും ഒരു ബൂസ്റ്റര്‍ ഡോസും ലഭിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ കൂടുതല്‍ രോഗപ്രതിരോധ നടപടി എടുത്ത പ്രവാസികള്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയതിന്റെ യുക്തിയെ പലരും ചോദ്യം ചെയ്തിരുന്നു.