യുഎഇയിലെ തൊഴില്‍ മേഖലയില്‍ ഫെബ്രുവരി നാലു മുതല്‍ നടപ്പിലാക്കിയ പുതിയ പരിഷ്‌കാരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാകുന്നു
അബുദാബി : യൂറോപ്യന്‍ രാജ്യങ്ങളിലേതു പോലെ വിദ്യാര്‍ത്ഥികള്‍ക്കും പഠന സമയത്തിനു ശേഷം പാര്‍ട് ടൈം ജോലി ചെയ്യാനുള്ള അവസരം യുഎഇയിലൊരുങ്ങുന്നു.
ഫെബ്രുവരി നാലിന് നടപ്പില്‍ വന്ന പുതിയ തൊഴില്‍ പരിഷ്‌കാരങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ അവസരം നല്‍കുന്നത്.
വൈകീട്ട് ഏഴിനും പുലര്‍ച്ചെ ഏഴു വരേയുമുള്ള ഷിഫ്റ്റുകളില്‍ ജോലി എടുപ്പിക്കരുതെന്നും ഒരു ദിവസം ആറു മണിക്കൂറിലേറെ ജോലി സമയം പാടില്ലെന്നും നിബന്ധനകള്‍ ഉണ്ട്.
വിദ്യാര്‍ത്ഥികളെ സംരംഭകത്വത്തിലേക്ക് ആകര്‍ഷിക്കുന്നതിനും അവരെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിനുമാണ് ഈ മാറ്റം വഴിയൊരുക്കുക എന്ന് കരിയര്‍ ഗൈഡന്‍സ് രംഗത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.
പഠന ആവശ്യങ്ങള്‍ക്കുള്ള ചെലവ് സ്വയം കണ്ടെത്തുക എന്നത് വിദ്യാര്‍ത്ഥികളില്‍ ഉത്തരവാദിത്ത ബോധവും സ്വയം പര്യാപ്തതയും വളര്‍ത്തും.
തൊഴില്‍ ദായകര്‍ക്കും ഇത് മൂലം തൊഴിലാളികളെ ഓവര്‍ ടൈം ജോലിക്ക് നിയോഗിക്കാതെ വിദ്യാര്‍ത്ഥികളായ പുതുമുഖങ്ങള്‍ക്ക് ജോലി നല്‍കാനും അവരെ പരിശീലനം നല്‍കി വൈദഗ്ദ്ധ്യമുള്ളവരാക്കി മാറ്റാനും സാധിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ കരുതുന്നു.
യുഎഇയുടെ തൊഴില്‍ മേഖലയില്‍ വന്‍ ഉടച്ചുവാര്‍ക്കലിന് വഴിയൊരുക്കിയാണ് പുതിയ തൊഴില്‍ ഭേദഗതി നടപ്പിലാക്കിയിട്ടുള്ളത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഹോട്ടല്‍ പോലുള്ള മേഖലകളില്‍ ഫ്രണ്ട് ഓഫീസ് ജോലികള്‍ ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്കാകും.
ഫാസ്റ്റ് ഫുഡ് ഈറ്ററികളിലും ഹോസ്പിറ്റാലിറ്റി മേഖലകളിലും വിദ്യാര്‍ത്ഥികള്‍ ജോലിക്കായി അപേക്ഷ നല്‍കുമെന്നാണ് കരുതുന്നത്. വൈകീട്ട് നാലു മുതല്‍ ഏഴു വരെയുള്ള സമയമാണ് പലരും തിരഞ്ഞെടുക്കുന്നത്. വാരാന്ത്യ അവധി ദിനങ്ങളിലും ഇവര്‍ക്ക് പാര്‍ട്ട് ടൈം ജോലിക്ക് തിരഞ്ഞെടുക്കാം.
മറ്റൊരു മേഖല റിയല്‍ എസ്റ്റേറ്റാണ്. ബില്‍ഡര്‍മാരും ഡെവലപ്പര്‍മാരും വിദ്യാര്‍ത്ഥികളെ വിവിധ വകുപ്പുകളില്‍ നിയോഗിക്കാന്‍ സന്നദ്ധരാണ്. പ്രതിമാസം 2500 മുതല്‍ 3000 വരെ ദിര്‍ഹം പ്രതിഫലമുള്ള ജോലികളാകും ഇവര്‍ക്ക് ലഭിക്കുക.
പുതിയ തൊഴില്‍ നിയമപ്രകാരം സ്ഥിര ജോലിയുള്ളവര്‍ക്കും അധിക വരുമാനം തേടി പാര്‍ട്ട് ടൈം ജോലികള്‍ ചെയ്ത് തന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനാകും.












