യു.എ.ഇയും ഇസ്രായേലും തമ്മില്‍ ഒപ്പുവെച്ച സമാധാന കരാറിന്റെ ഉള്ളടക്കം പുറത്ത് വന്നു. ‘അബ്രഹാം ഉടമ്പടി’ എന്നു പേരിട്ട കരാറില്‍ പശ്ചിമേഷ്യയുടെ സുരക്ഷക്കാണ് പ്രാധാന്യമെന്നു പറയുന്നു. തീവ്രവാദത്തിനെതിരെ പോരാടുന്നതിനായി പശ്ചിമേഷ്യക്കായി പ്രത്യേക നയം രൂപവത്കരിക്കും. ഇക്കാര്യത്തില്‍ യു.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. തീവ്രവാദത്തിനും പൊതുശത്രുക്കള്ക്കുമെതിരെ പ്രതിരോധിക്കുന്നതിന് സഹകരിക്കും.
ഇരു രാജ്യങ്ങളിലും എംബസികള്‍ സ്ഥാപിക്കും. ആരോഗ്യം, വ്യോമയാനം, പരിസ്ഥിതി, ഊര്‍ജം തുടങ്ങിയ മേഖലകളിലെ സഹകരണം ഊന്നിപ്പറയുന്നു. ഇരു രാജ്യങ്ങളിലെയും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പരസ്പരം സഹകരിക്കുന്നതിന് തടസ്സമുണ്ടാകില്ല. രാജ്യങ്ങളുടെ പരമാധികാര വിഷയത്തില്‍ പരസ്പരം ഇടപെടരുത്. സാമ്ബത്തികം, വിസ, കോണ്‍സുലാര്‍ സര്‍വിസ്, ശാസ്ത്രം, സാങ്കേതികവിദ്യ, വിനോദസഞ്ചാരം, കായികം, സംസ്കാരം, വിദ്യാഭ്യാസം, നാവികം, വാര്‍ത്താവിനിമയം, കൃഷി, ഭക്ഷ്യസുരക്ഷ, ജലസേചനം, നിയമം എന്നീ മേഖലകളില്‍ സഹകരിക്കും.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ യാത്രാവിമാനങ്ങളും കാര്‍ഗോ വിമാനങ്ങളും സര്‍വിസ് നടത്തും. കോവിഡ് വാക്സിന് വികസിപ്പിച്ചെടുക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. സമുദ്രം വഴിയുള്ള സഞ്ചാരങ്ങള്‍ക്ക് തടസ്സമുണ്ടാവില്ലെന്നും കരാറില്‍ പറയുന്നു.യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്, ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു എന്നിവര്‍ ഒപ്പുവെച്ചിരിക്കുന്ന കരാറില്‍ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ്.