രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് വില നിര്‍ണയിക്കുന്നതിനാല്‍ യുഎഇയില്‍ പെട്രോള്‍ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്
ദുബായ് : പെട്രോളിന്റെ വിലയിലുണ്ടായ വലിയ വര്‍ദ്ധനവ് പൊതുഗതാഗത്തേയും ഇ സ്‌കൂട്ടറിനേയും ആശ്രയിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.
രാജ്യാന്തര വിപണിയിലെ വിലയുടെ അനുപാതത്തില്‍ മാസം തോറും ഇന്ധന വില പുനര്‍നിര്‍ണയിക്കുന്ന സംവിധാനമാണ് യുഎഇയിലുള്ളത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തെ പെട്രോള്‍ -ഡീസല്‍ വിലയിലും ഉയര്‍ച്ച അനുഭവപ്പെട്ടത്.
കാറുകള്‍ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനത്തിലേക്ക് ആളുകള്‍ മാറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇ സ്‌കൂട്ടര്‍ വിപണിയിലും ഇതിന്റെ പ്രതിഫലനം കാണുന്നുണ്ട്.
താമസ സ്ഥലത്തു നിന്ന് തൊഴിലിടങ്ങളിലേക്ക് പോകാന്‍ ചെറിയ ദൂരമാണുള്ളതെങ്കില്‍ ഇ സ്‌കൂട്ടര്‍ ഉപയോഗിക്കാന്‍ പലരും താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഹൈവേകളോ പ്രധാന നിരത്തുകളോ ഉപയോഗിക്കാതെ ഓഫീസിലും മറ്റും പോകുന്നവര്‍ക്കാണ് ഇ സ്‌കൂട്ടറിന്റെ പ്രയോജനം.
ഇതു കൂടാതെ താമസ സ്ഥലത്തും നിന്നും മെട്രോ, ബസ് സ്റ്റോപുകള്‍ എന്നിവിടം വരെ എത്താനും ഇ സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്.
വീട്ടില്‍ നിന്നും തൊട്ടടുത്ത മെട്രോ സ്റ്റേഷന്‍ വരെ അര മണിക്കൂറോളം നടക്കാന്‍ ദൂരം ഉള്ളവര്‍ ഇ സ്‌കൂട്ടറുകളെ ആശ്രയിക്കുകയാണ്. പണവും സമയവും ലാഭിക്കാന്‍ ഇതുപകരിക്കുന്നതായാണ് പലരും പറയുന്നത്.
കാര്‍ ലിഫ്റ്റ്, പൂളിംഗ് സംവിധാനം എല്ലാം ഉപയോഗിക്കുന്നവരുണ്ടെങ്കിലും ഇന്ധന വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ നിരക്ക് ഈടാക്കുന്നതും കൂട്ടിയത് ഇവര്‍ക്ക് തിരിച്ചടിയായി.
ഇ സ്‌കൂട്ടറുകളുടെ വര്‍ദ്ധിച്ച ഉപയോഗം അപകടങ്ങളും ഉണ്ടാക്കുന്നുണ്ട്. സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കാതെയും ട്രാഫിക് നിയമങ്ങള്‍ അനുസരിക്കാതേയും നിരവധി ആളുകള്‍ ഇ സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നതിനാലാണ് അപകടങ്ങളും വര്‍ദ്ധിച്ച് വരുന്നതെന്ന് പോലീസ് പറയുന്നു. ഇ സ്‌കൂട്ടറുകളെ നിയന്ത്രിക്കാന്‍ ലൈസന്‍സ് ഉള്‍പ്പടെയുള്ള പുതിയ നിയമ നിര്‍മാണം കൊണ്ടുവരുമെന്നാണ് സൂചനകള്‍.













