യുഎഇ: കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിച്ച ശേഷവും പ്രതിരോധ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി തുടരണമെന്ന് യുഎഇ ആരോഗ്യ വകുപ്പ് വക്താവ് ഡോ. ഫരീദ അല്‍ ഹോസാനി ജനങ്ങളെ ഓര്‍മ്മപ്പെടുത്തി. വാക്‌സിന്‍ കുത്തിവെപ്പ് വൈറസിനെതിരായ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, രോഗബാധയേല്‍ക്കുന്നതിനുള്ള സാധ്യതകള്‍ കുറയ്ക്കുന്നതിനും ഇടയാക്കുമെങ്കിലും, രോഗബാധ പൂര്‍ണ്ണമായി തടയാന്‍ പ്രാപ്തമാണെന്ന് പറയാനാകില്ലെന്നും അവര്‍ വ്യക്തമാക്കി.
വാക്‌സിന്‍ കുത്തിവെപ്പ് എടുത്ത ശേഷവും മാസ്‌കുകളുടെ ഉപയോഗം, കൈകളുടെ ശുചിത്വം, സമൂഹ അകലം തുടങ്ങിയ ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കല്‍ എന്നിവ കൃത്യമായി പാലിക്കണം. വാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിക്കുന്നവര്‍ക്ക് രോഗബാധയേല്‍ക്കുന്നതിനും, ഇവരില്‍ നിന്ന് രോഗവ്യാപനം ഉണ്ടാകുന്നതിനുമുള്ള സാധ്യത കുറവാണെങ്കിലും, പൂര്‍ണ്ണമായി ഇത് തള്ളിക്കളയാനാകില്ലെന്ന് ഡോ. അല്‍ ഹോസാനി മുന്നറിയിപ്പ് നല്‍കി. രോഗബാധമൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ തടയുന്നതിനും വാക്‌സിന്‍ സഹായകമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.