ഹസീന ഇബ്രാഹിം
അത്ഭുതങ്ങളുടെ പറുദീസയെന്ന് ലോകം ഒരു രാജ്യത്തെ നോക്കിയെ വിളിച്ചിട്ടുള്ളു…..അംബരചുംബികളായ കെട്ടിടങ്ങളുടെ മനോഹാരിതയിലേക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും പറന്നിറങ്ങണമെന്ന് മോഹിക്കാത്തവരുണ്ടോ?…..വെറുമൊരു മണല്‍ക്കാടിന്റെ ശൂന്യതയില്‍ നിന്നും ആകാശത്തോളം വളര്‍ന്ന് ,വിണ്ണിലും മണ്ണിലും അത്ഭുതങ്ങളുടെ കോട്ടകെട്ടി ലോകത്തെ അമ്പരപ്പിച്ച…. ആ സ്വപ്‌ന ഭൂമികയ്ക്ക് ഇന്ന് 49-ാം പിറന്നാള്‍. ലോകത്തിന്റെ പലകോണില്‍ നിന്നു കുടിയേറിയ, 200 ഭാഷകള്‍ സംസാരിക്കുന്ന ജനത ഒരേ വികാരത്തില്‍ പറയുന്നു… “താങ്ക് യു യുഎഇ”.
രാജ്യം രൂപീകൃതമായി ഏതാണ്ട് അഞ്ച് പതിറ്റാണ്ടോടടുക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളിലൊന്നായി യുഎഇ വളര്‍ന്നു കഴിഞ്ഞു. സ്മാര്‍ട്ട് നഗരങ്ങളുടെ വിളനിലമായ രാജ്യം മലയാളികളടക്കം ലക്ഷകണക്കിന് പ്രവാസികളുടെ സ്വപ്‌നങ്ങള്‍ക്കും ചിറകേകി.
അറബിക്കഥയിലെ ഇന്ദ്രജാലം പോലെ യുഎഇ എന്ന അത്ഭുതം

ആധുനികതയിലേക്കുള്ള ഗള്‍ഫ് മേഖലയുടെ കുതിപ്പിന്റെ ആദ്യ ചുവടവെയ്പ്പായിരുന്നു യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ രൂപീകരണം. 1971 ഡിസംബര്‍ രണ്ടിനായിരുന്നു ആ ചരിത്ര പ്രഖ്യാപനം. ബ്രിട്ടന്റെ അധീനതയിലായിരുന്ന, സ്വന്തമായി കറന്‍സി പോലുമില്ലാത്ത ട്രൂഷല്‍ സ്റ്റേറ്റുകള്‍ ഐക്യ അറബ് എമിറേറ്റായ ദിനം. ദീര്‍ഘ ദര്‍ശിയായ
അബുദാബി ഭരണാധികാരി ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നാഹ്യാന്റെ നേതൃത്വത്തില്‍ ആറ് എമിറേറ്റുകള്‍ ചേര്‍ന്ന് സ്വതന്ത്രമായ ഫെഡറേഷന്‍ രൂപം കൊണ്ടു. .
ഒരു വര്‍ഷത്തിനു ശേഷം ഏഴാമത്തെ എമിറേറ്റായ റാസ് അല്‍ ഖൈമയും ഫെഡറേഷനില്‍ ചേര്‍ന്നു. അബുദാബി, ദുബായ്, ഷാര്‍ജ, ഫുജൈറ, അജ്മാന്‍, ഉം അല്‍ കുവൈന്‍, റാസ് അല്‍ ഖൈമ എന്നിങ്ങനെ ഏഴ് എമിറേറ്റുകള്‍ ചേര്‍ന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്ന ഒറ്റ രാഷ്ട്രമായി. രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിന്‍സുല്‍ത്താന്‍ അല്‍ നഹ്യാന്റെയും രാഷ്ട്രശില്‍പി ഷെയ്ഖ് റാഷിദ് ബിന്‍ സായിദ് അല്‍ മക്തൂമിന്റെയും നേതൃത്വത്തില്‍ ജുമൈറയിലെ യൂണിയന്‍ ഹൌസിലായിരുന്നു ആ ചരിത്ര പ്രഖ്യാപനം.ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ പുതിയ രാഷ്ട്രത്തിന്റെ പ്രഥമ പ്രസിഡന്റ് ആയപ്പോള്‍ ഷെയ്ഖ് റാഷിദ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഭരണനിര്‍വഹണത്തിന് ഏഴു എമിറേറ്റുകളിലെയും ഭരണാധികാരികള്‍ ചേര്‍ന്നു സുപ്രീം കൗണ്‍സിലും രൂപീകരിച്ചു. ഏഴു എമിറേറ്റുകളുടെയും സ്വയംഭരണാവകാശം നിലനിര്‍ത്തിക്കൊണ്ടുള്ള കൂട്ടായ്മയെന്നതാണ് യുഎഇയുടെ പ്രധാന സവിശേഷത. ശരിഅത്തില്‍ അധിഷ്ഠിതമാണ് യു.എ.ഇ. യിലെ നീതിന്യായ വ്യവസ്ഥ.

2004 നവംബര്‍ നാലിനു ആദ്യ പ്രസിഡന്റ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ വിടപറയുകയും അദ്ദേഹത്തിന്റെ മകന്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഭരണാധികാരിയാവുകയും ചെയ്തു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായി ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും കൂടി അധികാരമേറ്റതോടെ രാജ്യത്തിന്റെ വികസന കുതിപ്പിന് വേഗം കൂടി.
“അവസാന ബാരല്‍ എണ്ണയും ആഘോഷപൂര്‍വ്വം കയറ്റി അയക്കുമെന്ന് പ്രഖ്യാപിച്ച രാജ്യം”
എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തെലാണ് ത്വരിതഗതിയിലുള്ള യുഎഇയുടെ ആധുനികവത്കരണത്തിനും വികസനത്തിനും വഴിതെളിച്ചത്. അമ്പതുകളിലാണ് ഇന്ന് കാണുന്ന യു.എ.ഇ. യുടെ തലസ്ഥാനമായ അബുദാബിയില്‍ ആദ്യ എണ്ണനിക്ഷേപം കണ്ടെത്തിയത്. 1962-ല്‍ തന്നെ എണ്ണ പുറംരാജ്യങ്ങളിലേക്ക് കയറ്റുമതിയും ആരംഭിച്ചു. 83,600 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള യു.എ.ഇ. യുടെ ഏറ്റവുംവലിയ സമ്പത്ത് തന്നെയാണ് എണ്ണനിക്ഷേപം. 1969-ല്‍ ദുബായിലും എണ്ണനിക്ഷേപം കണ്ടെത്തി. ലോകത്തിന്റെ മൊത്തം എണ്ണ നിക്ഷേപത്തിന്റെ പത്തില്‍ ഒരു ഭാഗം (ലോകത്തില്‍ ഏഴാം സ്ഥാനം) യു.എ.ഇ.യില്‍ നിന്നാണ് ലഭിക്കുന്നത്. അതില്‍ 90 ശതമാനവും അബുദാബിയില്‍ . പ്രകൃതിവാതക സമ്പത്തിന്റെ കാര്യത്തിലും ആഗോളതലത്തില്‍ 17-ാം സ്ഥാനമാണ് യു.എ.ഇക്കുള്ളത്.
എണ്ണ ഉല്‍പ്പാദനത്തിലൂടെയാണ് തുടക്കമെങ്കിലും എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും വില കുത്തനെ ഇടിഞ്ഞതോടെ യു.എ.ഇ. സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറ എണ്ണയില്‍നിന്ന് മാറ്റി. വിനോദസഞ്ചാരം അടക്കമുള്ള മേഖലകളിലെല്ലാം യു.എ.ഇ വികസനത്തിന്റെ പാതയില്‍ മുന്നേറി. നിലവില്‍ എണ്ണപ്പണം കാര്യമായി ഇല്ലാത്ത ദുബായ് ഇന്ന് ലോകം ഉറ്റുനോക്കുന്ന വിനോദസഞ്ചാര, വാണിജ്യ കേന്ദ്രമാണ്. ആദ്യ ഭരണാധികാരി ശൈഖ് റാഷിദ് അല്‍ മക്തൂം കാണിച്ച ദീര്‍ഘവീക്ഷണമായിരുന്നു ദുബായിയെ ആദ്യം വികസനാത്മകമാക്കിയത്. ലോകത്തിലെ ഏറ്റവുംമികച്ച രണ്ട് തുറമുഖങ്ങള്‍ക്ക് രൂപം നല്‍കികൊണ്ടായിരുന്നു അദ്ദേഹം ദുബായിയുടെ വികസനത്തിന് ഊടും പാവും നല്‍കിയത്.
അത്തരത്തില്‍ ചിന്തിച്ച ആദ്യ രാജ്യവും യു.എ.ഇ. ആയിരുന്നു. ഇന്ന് എണ്ണയുടെ വിലയിടിവിനെ യു.എ.ഇ. പരിഗണിക്കുന്നില്ല. അതിനെ മറികടക്കാനുള്ള ചിന്തകളിലാണ് രാജ്യവും ഭരണാധികാരികളും. അവസാനത്തെ ബാരല്‍ എണ്ണ ആഘോഷപൂര്‍വമായിരിക്കും നാം കയറ്റി അയക്കുകയെന്ന ശൈഖ് മുഹമ്മദിന്റെ പ്രഖ്യാപനം ആ രാജ്യത്തിന്റെ ധീരതയുടെയും ഇച്ഛാശക്തിയുടെയും പ്രതിഫലനമാണ്.

മണല്‍ക്കാടിന്റെ ശൂന്യതയില്‍ നിന്നും ആഢംബരത്തിന്റെ മനോഹാരിതയിലേക്ക്
മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ചിന്തിക്കാന്‍പോലുമാകാത്ത ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറുകയാണ് യുഎഇ.എണ്ണയില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിക്കാതെയുള്ള ഒരു സമ്പദ് വ്യവസ്ഥയാണ് ഇനി യുഎഇയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ലോകത്തെ മുന്‍നിര ടെക്ക് കമ്പനികളെല്ലാം രാജ്യം
ഇവിടെക്ക് സ്വാഗതം ചെയ്ത് കൊണ്ട്, തെരുവും നഗരങ്ങളും ടെക്‌നോളജി കരുത്തില്‍ കെട്ടിപ്പടുക്കുന്നു. എമിറേറ്റ്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്നവേഷന്‍പോളിസിയാണ് എണ്ണയിതര സമ്പദ് വ്യവസ്ഥയിലേക്കുള്ള യുഎഇയുടെ വജ്രായുധം.
വിദ്യാഭ്യാസം ആരോഗ്യം, ഊര്‍ജം, ഗതാഗതം, ജലം, ബഹിരാകാശം തുടങ്ങി വിവിധ മേഖലകളില്‍ നൂറു ദേശീയ സംരഭങ്ങളാണ് പുതിയ ഈ നയം വിഭാവനം ചെയ്യുന്നത്. കോടിക്കണക്കിന് ദിര്‍ഹം പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നു. ലോകത്ത് ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് (നിര്‍മ്മിത ബുദ്ധി) മന്ത്രിയെ നിയമിച്ച രാജ്യവും യുഎഇ ആണ്. പരിമിതമായ എണ്ണ സ്രോതസുകളെ ആശ്രയിക്കുന്നതിനു പകരം ശാസ്ത്രം സങ്കേതിക വിദ്യ, നൂതനാശയങ്ങള്‍ എന്നിവയിലൂടെ വന്‍കുതിച്ചു ചാട്ടത്തിന് കളമൊരുക്കി വിവരാധിഷ്ഠിത സമ്പദ് വ്യവസ്ഥയാണ് പുതിയ നയത്തിലൂടെ രാജ്യം വിഭാവനം ചെയ്യുന്നത്.
നിലവില്‍ രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ എഴുപത് ശതമാനവും എണ്ണയിതര വരുമാനത്തില്‍ നിന്നാണ്. 2001ല്‍ ഇത് 35 ശതമാനം മാത്രമായിരുന്നു. പുതിയ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്നവേഷന്‍പോളിസിയിലൂടെ അടുത്ത ആറുവര്‍ഷത്തിനകം ഇത് 80 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. വ്യോമഗതാഗത ഗവേഷണരംഗത്ത് നാലായിരം കോടി രൂപാണ് അടുത്തിടെ യുഎഇ നിക്ഷേപിച്ചത്. ബഹിരാകാശ ഗവേഷണത്തിന് മാത്രമായി രണ്ടായിരം കോടിയും നിക്ഷേപം നടത്തി.ബഹിരാകാശ രംഗത്ത് ഏറെയൊന്നും അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമായി ഇല്ലാത്ത യുഎഇ 2020 ജൂലൈ 15 ന് ഹോപ് പ്രോബ് പറത്തി രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തി.
യുഎഇ ബഹിരാകാശ ഏജന്‍സിയുടെ ഏറ്റവും പുതിയ ലക്ഷ്യം ചൊവ്വയിലെ പച്ചക്കറി കൃഷിയാണ്. ചുവന്ന ഗ്രഹമെന്ന വിളിപ്പേരുള്ള ചൊവ്വയില്‍ ചീരയും തക്കാളിയും ഈന്തപ്പഴവും സ്ട്രോബറിയുമെല്ലാം കൃഷി ചെയ്യുകയാണ് രാജ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. 2017 നവംബര്‍ 12 മുതല്‍ 16 വരെ ദുബായില്‍ നടന്ന എയര്‍ഷോയ്ക്കിടെയാണ് യുഎഇ തങ്ങളുടെ ലക്ഷ്യം പരസ്യമായി പ്രഖ്യാപിച്ചത്. ചൊവ്വയില്‍
1.9 ദശലക്ഷം അടി വിസ്താരമുള്ള മനുഷ്യ നിര്‍മ്മിത കോളനിയാണ് യുഎഇ സ്വപ്നം കാണുന്നത്. ഇതിനായി 140 ദശലക്ഷം ഡോളറാണ് ചിലവ് കണക്കാക്കുന്നത്. മനുഷ്യനു ജീവിക്കാനാവശ്യമായ വെള്ളം ഭക്ഷണം മറ്റ് ഊര്‍ജ്ജ സ്രോതസുകള്‍ എന്നിവ നിര്‍മിക്കുന്നതിലൂടെ ചൊവ്വയില്‍ കോളനി സ്ഥാപിക്കാനാകുമെന്നാണ് രാജ്യത്തിന്റെ പ്രതീക്ഷ. അടുത്ത 100 വര്‍ഷത്തിനിടെ ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഗ്രഹമായ ചൊവ്വയിലേക്ക് മനുഷ്യ കുടിയേറ്റം സാധ്യമാകുമെന്നും രാജ്യം ഉറച്ചു വിശ്വസിക്കുന്നു.
വൈവിധ്യങ്ങളെയും ഐക്യത്തെയും പ്രതിനിധാനം ചെയ്യുന്ന പച്ചയും,വെള്ളയും,കറുപ്പും,ചുവപ്പും ചേര്‍ന്ന ചതുര്‍വര്‍ണമാണ് യു.എ.ഇ. ദേശീയ പതാകയുടെ നിറം. 123 മീറ്റര്‍ ഉയരമുള്ള ഷാര്‍ജയിലെ ഫ്‌ളാഗ് ഐലാന്‍ഡില്‍ സ്ഥിതിചെയ്യുന്ന വലിയ കൊടിമരം രാജ്യത്തിന്റെ അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്നു.രക്ത സാക്ഷികളുടെ ത്യാഗത്തെയും ,രാഷ്ട്ര ശില്‍പികളുടെ ഇച്ഛാശകതിയെയും സ്മരിച്ച് രാജ്യത്തിന്റെ നേട്ടങ്ങളില്‍ സ്വദേശികള്‍ക്കൊപ്പം വിദേശികളും അഭിമാനം കൊള്ളന്നു. സന്തോഷത്തിന്റയും വികസനത്തിന്റെയും 50-ാം വര്‍ഷത്തിലേക്കുള്ള യുഎഇയുടെ ജൈത്ര യാത്രയ്ക്ക് ആശംസകള്‍.